യുകെയിലേക്കുള്ള അനധികൃത കുടിയേറ്റം സമീപ കാലത്തായി രൂക്ഷമായിരിക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഇത് ശരിയാണെന്ന് അടിവരയിടുന്ന വിധത്തിലാണ് ലണ്ടൻ നഗരപ്രാന്തങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ ടെന്റുകൾ ഉയർന്ന് നിൽക്കുന്നത്. ഇവയുടെ ചിത്രങ്ങൾ കണ്ടാൽ ഇത് മുംബൈ ചേരിയിലെയോ കറാച്ചി നഗരത്തിലെയോ കുടിലുകളാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ ഇവ സാക്ഷാൽ ലണ്ടൻ നഗരത്തിലുള്ളവയാണെന്നറിയുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച് പോവുകയും ചെയ്യും. ലണ്ടനിലേക്ക് കാടു കടലും കടന്നെത്തിയ നിരവധി അനധികൃത കുടിയേറ്റക്കാർ ഇവിടുത്തെ നഗരപ്രാന്തങ്ങളിൽ കഴിയുന്നത് ടെന്റ് കെട്ടിയിട്ടാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

റൊമേനിയ, ബൾഗേറിയ, അൽബേനിയ എന്നീ ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ലണ്ടനിലെത്തിയവർ കഴിയുന്നത് എം 25നോട് ചേർന്നുള്ള കാറുകളിലും ഫ്ലൈ ഓവറുകൾക്കും സമീപമാണ്. ഇവരിൽ മിക്കവരും ദിവസം വെറും 40 പൗണ്ടിന് തൊഴിലാളികളായും പെയിന്റർമാരായും പ്ലംബർമാരായും ജോലി ചെയ്താണ് ജീവിതം ഉന്തിത്തള്ളി നീക്കുന്നത്. വടക്ക് കിഴക്കൻ ലണ്ടനിലെ എഡ്മണ്ടനിൽ നിന്നും ഇത്തരത്തിലുള്ള നിരവധി പേരുടെ ശോചനീയമായ താമസസ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 30 ഓളം കുടിയേറ്റക്കാരാണ് കഴിഞ്ഞ് വരുന്നത്. ഇവർ ജോലി പ്രതീക്ഷിച്ച് ഒരു ബിൽഡേർസ് മർച്ചന്റിനടുത്താണ് കുടിലുകൾ കെട്ടിക്കഴിയുന്നത്.

ഇത്തരത്തിലുള്ള ചുരുങ്ങിയ 10 സൈറ്റുകളെങ്കിലും ലണ്ടനോട് ചേർന്നുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നുവെന്നാണ് സൺ ദിനപ്പത്രം നടത്തിയ ഒരു അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ വെംബ്ലി ഒളിമ്പിക് സ്റ്റേഡിയത്തിനടുത്തും ഇത്തരം സെറ്റിൽമെന്റുകളുണ്ട്. ഇത്തരം നിയമവിരുദ്ധ കുടിയേറ്റക്കാരിൽ ചിലർ താമസിക്കുന്നത് മരക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്ത് മറഞ്ഞിരിക്കുന്ന ടെന്റുകളിലാണ്. ചിലരാകട്ടെ മോട്ടോർവേകളോട് ചേർന്ന ഫ്ലൈ ഓവറുകൾക്കും പാലങ്ങൾക്കും ചുവട്ടിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് അതിലാണുറങ്ങുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ താമസിക്കുകയെന്നതാണ് മറ്റൊര രീതി. താൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂറോപ്പിലാകമാനം ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ ലണ്ടനാണ് ഏറ്റവും നല്ല സ്ഥലമെന്നുമാണ് ഒരു റൊമാനിയൻ അഭയാർത്ഥി വെളിപ്പെടുത്തുന്നത്. നാട്ടിലേക്കാൾ മൂന്നിരട്ടി സമ്പാദിക്കാൻ ലണ്ടനിൽ നിന്നും സാധിക്കുന്നുണ്ടെന്നും സ്പെയിനിലേക്കാളും ഇറ്റലിയിലേക്കാളും ഇവിടെ ശമ്പളം മെച്ചപ്പെട്ടതാണെന്നും അയാൾ പറയുന്നു.

ഇത്തരക്കാർ താമസിക്കുന്ന ക്യാമ്പുകളുടെ സ്ഥിതി വളരെ ശോചനീയമാണ്. കാലിയായ ബിയർ ബോട്ടിലുകളും കൊക്കക്കോള ബോട്ടിലുകളും ഇവിടങ്ങളിൽ വലിച്ച് വാരിയിട്ടിരിക്കുന്നതായി കാണാം. എഡ്മണ്ടനിലെ ക്യാമ്പിൽ ഉപയോഗിച്ച ടോയ്ലറ്റ് പേപ്പറുകളും വൃത്തിഹീനമായ ബെഡ്ഷീറ്റുകലും നിലത്ത് വാരിവലിച്ചിട്ടിട്ടുമുണ്ട്. തുറന്നിട്ടിരിക്കുന്ന വൃത്തിഹീനമായ അഴുക്കുചാൽ സമീപത്ത് തന്നെ കാണാം. ഇവിടെ താമസിക്കുന്ന അഭയാർത്ഥികളെ കൊണ്ട് വലിയ ശല്യമാണെന്നും അവർ ഇടക്കിടെ തീ പൂട്ടി കടുത്ത അപകടഭീഷണിയുയർത്തുന്നുവെന്നും തദ്ദേശവാസികൾ പരാതിപ്പെടുന്നു.