ആലുവ: ഞാൻ വെടിവച്ചത് നെഞ്ചിൽ, തിരിഞ്ഞതു കൊണ്ട് പിൻഭാഗത്തുകൊണ്ടു-വിജയുടെ വിശദീകരണത്തിൽ ഷേയ്ഖ് മൈനുളിന്റെ സുഹൃത്തുക്കൾ ഞെട്ടി. വീട്ടിൽ അറ്റകുറ്റപ്പണിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കു നേരേ വീട്ടുടമയുടെ മകൻ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത വിജയ് മാനസിക രോഗിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

പിൻതുടയിൽ വെടിയേറ്റ പശ്ചിമ ബംഗാൾ മുർഷിദാബാദ് ഹനുമന്ത് നഗറിൽ ഷേയ്ഖ് മൈനുൾ (40) ആലുവ നജാത്ത് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സിവിൽ സ്‌റ്റേഷൻ റോഡ് വിജയ് മന്ദിരത്തിൽ ഡോ. ബാലകൃഷ്ണൻ നായരുടെ മകൻ വിജയ് (30)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പ്രിൻസിപ്പൽ എസ്.ഐ: ഹണി കെ. ദാസ് അറിയിച്ചു.

ഡോ. ബാലകൃഷ്ണന്റെ വീട് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത എടത്തല സ്വദേശി സിജുവിന്റെ ജോലിക്കാരനായാണ് മൈനുൾ ജോലിക്കെത്തിയത്. മൂന്ന് ദിവസമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറ്റം വൃത്തിയാക്കുന്നതിനിടെ പിന്നിലൂടെയെത്തിയ വിജയ് വെടി വയ്ക്കുകയായിരുന്നു. മറ്റു ജോലിക്കാരും വീട്ടുടമയുടെ ഭാര്യയും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ഡോക്ടർമാരായ റിയാദിന്റെയും വി.കെ. വൈശാഖിന്റെയും നേതൃത്വത്തിൽ പെല്ലറ്റ് പുറത്തെടുത്തു. ഇതിനിടയിൽ ആശുപത്രിയിലെത്തിയ വിജയ്, നെഞ്ചിലേക്കാണു വെടി വച്ചതെന്നും ഇയാൾ പെട്ടെന്നു തിരിഞ്ഞതിനാലാണ് പിൻഭാഗത്തുകൊണ്ടതെന്നുമൊക്കെ പറഞ്ഞതായി ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. വിജയ് മദ്യത്തിന് അടിമയാണെന്നും അടുത്തിടെ ഒരാഴ്ചയോളം പെരുമ്പാവൂരിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സിച്ചിട്ടും കുറവില്ലെന്നും ബന്ധുക്കൾ പറയുന്നു.

പാലക്കാട് സ്വന്തമായി ഫാം ഹൗസുള്ള ഡോക്ടറും കുടുംബവും അവിടത്തെ ആവശ്യത്തിനായാണ് എയർഗൺ വാങ്ങിയത്. വിജയ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞയാഴ്ച ഇതു വീട്ടിൽ കൊണ്ടുവന്നത്. തോക്ക് ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ ഇതുമായി സിവിൽ സ്‌റ്റേഷൻ റോഡിലുള്ള ബിവറേജസ് കോർപ്പറേഷന്റെ ഔട്ടലെറ്റ് പരിസരത്തെത്തി ഭീഷണി മുഴക്കിയിരുന്നു. ഒരു കൈയിൽ മദ്യക്കുപ്പിയും മറുകൈയിൽ തോക്കുമായെത്തിയ പ്രതി ഔട്ട്‌ലെറ്റിന് നേരേ തോക്കുചൂണ്ടിയ ശേഷം വെടിവയ്ക്കുമെന്നു ഭീഷണി മുഴക്കി.

എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ബാലകൃഷ്ണൻനായർ പെരുമ്പാവൂർ വല്ലത്ത് സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ്.