കൊച്ചി: പത്തുവർഷത്തിനിടയിൽ കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ പലതിലും പ്രതികൾ അന്യസംസ്ഥാന തൊഴിലാളികൾ. ഇതോടെ ഇവരെ സംസ്ഥാനത്ത് നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായി. എന്നാൽ രാജ്യത്തെ പൗരന്മാർക്ക് ഇന്ത്യയിൽ എവിടേയും സഞ്ചരിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. ഇതിനെ നിയമം മൂലം നിരോധിക്കാനും കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. ഈ സാചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാനും കഴയില്ല. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളോടുള്ള മലയാളിയുടെ മാനസിക അവസ്ഥ ആകെ താളം തെറ്റുകയാണ്. ക്രിമിനലുകളെ പോലെയാണ് ഓരോ അന്യസംസ്ഥാന തൊഴിലാളിയേയും പൊതു സമൂഹം നോക്കി കാണുന്നത്. ജിഷയുടെ കൊലപാതകം വലിയ ചർച്ചയായതും അമിയൂർ ഇസ്ലാമിന്റെ വൈകൃതങ്ങൾ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും തന്നെയാണ് ഇതിന് കാരണം.

എന്നാൽ പത്തുകൊല്ലം കൊണ്ട് തന്നെ ഇതിന് സമാനമായ സംഭവങ്ങൾ കേരളത്തിൽ തുടങ്ങി. ഇതൊന്നും വലിയ പ്രാധാന്യം നേടാത്തതു കൊണ്ട് പ്രാദേശിക വിഷയങ്ങൾ മാത്രമായി. ജിഷ കൊലപാതകത്തിലൂടെ ഈ ക്രൂരകൊലപാതകങ്ങളുടെ കഥകൾ കേരളമാകെ പടർന്നു. ഇതോടെ കുട്ടികളും സ്ത്രീകളും ഭീതിയിലാകുന്നു. ഇത് മാറ്റാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്നാണ് പൊതു പ്രവർത്തകർ പോലും പറയുന്നത്. മോഷണത്തിനും ബലാത്സംഗത്തിനും പുറമേ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലും അനേകം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പിടിയിലാകുന്നുണ്ട്. കേരളത്തിൽ ഏറെ ചർച്ചാവിഷയമായ സൗമ്യവധത്തിലും പ്രതി ഗോവിന്ദചാമി അന്യനാട്ടുകാരനായിരുന്നു. പത്തനംതിട്ട കോന്നിയിൽ കോന്നി മെഡിക്കൽ കോളേജിനു സമീപം 50 കാരിയായ ദളിത് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ബംഗാളി സ്വദേശിയായിരുന്നു പ്രതി.

അന്യ സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും കേരളത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശമില്ല. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ വെറും ആയിരത്തി അഞ്ഞൂറ് അന്യ സംസ്ഥാന തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളു. ഏകദേശകണക്കനുസരിച്ച് എറണാകുളം ജില്ലയിൽ പത്തുലക്ഷത്തോളം ഇതരസംസ്ഥാനക്കാർ ജോലിചെയ്യുന്നുണ്ട്. തീവണ്ടിമാർഗം ഓരോ ദിവസവും എറണാകുളത്തെ റെയിൽവേ സ്‌റ്റേഷനുകളിൽ വന്നിറങ്ങുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം ഇരുപതിനായിരത്തിലധികം വരുമെന്നാണ് കണക്കുകൾ. ബംഗാളിലേയും വടക്ക് കിഴക്കൻ സംസ്ഥനത്തും ഉള്ളവരാണ് ഇങ്ങനെ എത്തുന്നവരിൽ ഏറെയും.

പാറമടകൾ, ക്രഷറുകൾ, ഇഷ്ടികക്കളങ്ങൾ, പ്ലൈവുഡ് കമ്പനികൾ, കെട്ടിട നിർമ്മാണമേഖലകൾ തുടങ്ങി പ്രധാനജോലികളും ഇവർ കൈയടക്കി. തടിവ്യവസായവും, ഫർണിച്ചർ നിർമ്മാണവും ക്രഷറുകളും, പ്ലൈവുഡ് കമ്പനികളും ഏറെയുള്ള പെരുമ്പാവൂരും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അഞ്ച് ലക്ഷത്തിലേറെ ഇതര സംസ്ഥാനക്കാർ ജോലിചെയ്യുന്നുണ്ട്. ഇവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും ലഹരിക്ക് അടിമപ്പെട്ടവരും ഉണ്ട്. കൊടുംകുറ്റവാളികൾ മുതൽ തീവ്രവാദ പ്രവർത്തകർവരെ തൊഴിലാളിയെന്ന ലേബൽ കേരളത്തിൽ എത്തി ഒളിവ് ജീവിതം നയിക്കുന്നു. മയക്കുമരുന്ന് ശീലവും ലൈംഗികതയോട്ട കാട്ടുന്ന അമിത താൽപ്പര്യത്തിനും പുറമേ പെട്ടെന്ന് പ്രകോപിതരാവുന്ന പ്രകൃതക്കാരാണ് ഇവർ. ഇതെല്ലാം മലയാളികളുടെ ഭീതി ഇരട്ടിപ്പിക്കുന്നു.

80കാരിയെ കഴുത്തറുത്തു കൊന്ന് മുഹമ്മദലി

ആറു വർഷം മുമ്പായിരുന്നു കിടങ്ങൂർ കൊമ്പനാം കുന്നിൽ തോട്ടത്തിൽ വീട്ടിൽ മറിയാമ്മയെന്ന 80 കാരിയെ ഒരു അന്യസംസ്ഥാന തൊഴിലാളി ഷുക്കൂർ മുഹമ്മദലി ക്രൂരമായി കൊല ചെയ്തത്. മക്കളെല്ലാം വിദേശത്തുള്ള മറിയാമ്മയുടെ പൊന്ന് മോഷ്ടിക്കാനായി കൊലപ്പെടുത്തി വീടിന് സമീപത്തെ സഌബിനടിയിലേക്ക് തള്ളി വച്ചു. 2010 ജൂൺ 3 ന് ചക്കയിടാൻ സഹായത്തിന് ക്ഷണിച്ചതായിരുന്നു മുഹമ്മദാലിയെ. മറിയാമ്മയെ മുഹമ്മദാലി വീട്ടുവളപ്പിന് സമീപമുള്ള തോട്ടിലേക്ക് വാപൊത്തി കഴുത്തറുത്തു കൊന്ന ശേഷം സഌബിനടിയിലേക്ക് ചവുട്ടി താഴ്്ത്തി.

മാലയും വളയും കമ്മലുമായി എട്ടു പവൻ മോഷണം നടത്താനായിരുന്നു കൃത്യം. ബംഗഌദേശുമായി അതിർത്തി പങ്കിടുന്ന ബംഗാളിലെ ഇരുപത്തിനാല് പർഗാനാസ് ജില്ലയിലായിരുന്നു ഇയാളുടെ വീട്.

മണർകാട് കുടുംബത്തെ ഇല്ലായ്മ ചെയ്തത് യുപിക്കാരൻ

കോട്ടയത്ത് മണർകാട് പാറമ്പുഴയിൽ കഴിഞ്ഞ വർഷം ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലും അന്യസംസ്ഥാന തൊഴിലാളിയായിരുന്നു പ്രതി. ഉത്തർപ്രദേശുകാരനായ 26 കാരൻ നരേന്ദ്രകുമാർ. തിരുത്തിപ്പടി മുലേപ്പറമ്പിൽ ലാലപ്പൻ, ഭാര്യ പ്രസന്ന, മകൻ പ്രവീൺ എന്നിവരെ പ്രതി ജോലി ചെയ്യുന്ന പ്രവീൺ നടത്തുന്ന ഡ്രൈക്ലീനിങ് കടയിൽ വച്ച് കഴുത്തറുത്തുകൊല്ലുകയായിരുന്നു.

കൊലപ്പെടുത്തുന്നതിന് മുമ്പ് ഇരകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. പ്രവീണുമായുണ്ടായ ഒരു ചെറിയ തർക്കമായിരുന്നു നരേന്ദ്രകുമാറിനെ കൊലപതാകത്തിന് പ്രേരിപ്പിച്ചത്. ആലപ്പുഴ തകഴിയിൽ കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊന്ന് ജഡം ഫ്രീസറിൽ ഒളിപ്പിച്ച ക്രൂര സംഭവത്തിന് പിന്നിലും അസം സ്വദേശിയായിരുന്നു. ഇതിന് പിന്നിലെ പണം തട്ടുകയെന്ന ഉദ്ദേശ്യമുണ്ടായിരുന്നു.

പെരുമ്പാവൂരിൽ ഭീതി മാറുന്നില്ല

ബീഹാർ സ്വദേശി ഇരുപത്തിമൂന്നുകാരനായ മുകേഷിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയും വകവരുത്തിയത് 2014ൽ വല്ലത്തുവച്ച്. മുകേഷിന്റെ കൈയിലുള്ള ഒന്നരലക്ഷം രൂപ കവരാനായിരുന്നു അന്യസസ്ഥാനക്കാരനായ സുഹൃത്തുകൊല നടത്തിയത്. 2012 സെപ്റ്റംബറിൽ വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ഗോഡൗണിൽ അസം സ്വദേശിയായ തഫാജുൽ ഇസ്ലാം കൊലചെയ്യപ്പെട്ടു. പിതൃസഹോദര പുത്രൻ മുഹമ്മദ് റഷീദുൽ ഇസ്ലാം വീൽ സ്പാനർ കൊണ്ട് തഫാജുലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അല്ലപ്ര ഒർണ്ണ ജംഗ്ഷനിൽ ഒഡീഷക്കാരിയായ യുവതിയെയും കുഞ്ഞിനെയും കാമുകൻ കൊലപ്പെടുത്തി. കോലഞ്ചേരിയിൽ സഹപ്രവർത്തകനായ യുവാവിനെ ബംഗാൾ സ്വദേശി കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തി.

പെരുമ്പാവൂർ ഒർണയിലെ റബർ തോട്ടത്തിനു സമീപമുള്ള പാടത്ത് ദൂരൂഹ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ അമ്മയെയും കുട്ടിയെയും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളിയായിരുന്നു.

ലേബർ ക്യാമ്പുകളിൽ അറസ്റ്റിലായ തീവ്രവാദികൾ

അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന തീവ്രവാദികളും കേരളത്തെ സുരക്ഷിത താവളമാക്കുന്നു. ബോഡോ തീവ്രവാദി നേതാവ് ബി.എൽ. ദിന്ഗ, ആന്ധ്രയിലെ നക്‌സലൈറ്റ് നേതാവ് മല്ലരാജ റെഡ്ഡി, ഝാർഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് ജിതേന്ദർ ഒറാം എന്നിവരെ പിടികൂടിയത് കേരളത്തിൽ നിന്നാണ്.

കഞ്ചാവ് കടത്തിനും അന്യസംസ്ഥാനക്കാർ

ഒഡീഷയിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന റിപ്പോർട്ടുമുണ്ട്. കേരളത്തിൽ നിർമ്മാണ മേഖലയിലും കമ്പനികളിലും പണിയെടുക്കുന്ന ഇവർ നാട്ടിലേക്ക് ലീവിന് പോകുമ്പോൾ അവിടെനിന്നും കിലോയ്ക്ക് 2000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ 10,000 രൂപയ്ക്ക് വിൽക്കുന്നതാണ് രീതി. ഇതും കേരളത്തിന് വലിയ ഭീഷണിയായി മാറുകയാണ്. കേരളത്തിൽ എത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ 99.99 ശതമാനം പേരും ജീവിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നത്. ഇവർക്ക് പണിയെടുത്ത് കുടുംബം പോറ്റുകയെന്ന ലക്ഷ്യമേ ഉള്ളൂ. എന്നാൽ ബാക്കിയുള്ളവർ  ഇവർക്ക് കൂടി ഭീഷണിയാകുന്നു.

ഭായിമാർ എന്ന് ബഹുമാനത്തോടെ വിളിച്ച മലയാളി അന്യസംസ്ഥാന തൊഴിലാളികളെ അകറ്റി നിർത്താൻ തുടങ്ങുകയാണ്. ഇത് അന്നം മുടക്കുമോ എന്ന ഭീതി അന്യസംസ്ഥാന തൊഴിലാളികളിലും സജീവമാകുന്നു.