തിരുവനന്തപുരം: സർക്കാർ രേഖ പ്രകാരം പ്രതിവർഷം ഏകദേശം 17500 കോടി രൂപയാണ് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ ഇത്രയും വലിയ തുക കേരളത്തിൽ നിന്നും കൊണ്ട് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് നമ്മുടെ സർക്കാറുകളുടെ പക്കൽ വ്യക്തമായ വിവരങ്ങളില്ല.കേരളത്തിൽ കൃത്യമായി എത്ര അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നതിന് സർക്കാറിന്റെ പക്കൽ വ്യക്തമായ രേഖകളില്ല. ഏകദേശം 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത എന്നാണ് അനൗദ്യോഗിക കണക്കുകൾ. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് പുതിയതായി കേരളത്തിലേക്കെത്തുന്നത്. ഇതര സംസ്ഥാനത്ത് നിന്നും ജോലിക്ക് എത്തുന്നവരിൽ ഒറ്റയ്ക്കെത്തുന്നവരും സംഘങ്ങളായി എത്തുന്നവരുമുണ്ട്. എന്നാൽ സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ നിൽക്കാതെ മാറി മാറി താമസിക്കുന്നതിനാലുമാണ് ഇത്തരക്കാരുടെ പൂർണമായ വിവരം നിലവിൽ ലഭ്യമാകാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ക്ഷേമപ്രവർത്തനവും നടപ്പിലാക്കുന്നതിനു വേണ്ടി കേരളാ ബിൽഡിങ്ങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ കീഴിൽ 2010 മാർച്ച് മുതൽ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പിലാക്കി വരുന്നു.പദ്ധതിയുടെ ഭാഗമായി ഇതു വരെ 53,136 തൊഴിലാളികളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് എത്രയും വേഗം പൂർത്തിയാക്കി കേരളത്തിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടേയും രേഖകൾ ശേഖരിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. പദ്ധതി പൂർണമാകുന്നതോടെ അക്രമകാരികളും ക്രിമിനലുകളുമായവരെ തിരിച്ചറിയാനും സാധിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

പെരുമ്പാവൂരിൽ ജിഷയുടെ കൊലപാതകിയെ പിടികൂടിയതോടെ മലയാളികൾക്ക് അന്യസംസ്ഥാന തൊഴിലാളികളോടുള്ള സമീപനത്തിൽ കാതലായ മാറ്റം തന്നൈയാണ് സംഭവിച്ചിരിക്കുന്നത്. ജോലിയും ജീവിതവും തേടി കേരളത്തിൽ എത്തിയ ഇവർ കേരളത്തിനു തന്നെ ഭീഷണിയാണെന്നും പൊതു സമൂഹത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇവരെ കേരളത്തിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയ കർശന നിലപാടുകളും ആവശ്യങ്ങളുമായി പലരും രംഗതെത്തി. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനും ഇത് വഴിവച്ചിരുന്നു. ചാനൽ ചർച്ചകളിലുൾപ്പെടെ അനവധി വേദികളിൽ അന്യസംസ്ഥാന തൊഴിലാലികളുടെ സാന്നിധ്യത്തെക്കുറിച്ചും അവർ ഭീഷണിയാകുന്നതുമൊക്കെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിരോധിക്കണം എന്നു തുടങ്ങിയ ആവശ്യങ്ങൾ ബാലിശമാണെന്നു മാത്രമെ പറയാൻ കഴിയുകയുള്ളു.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും രാജ്യത്തുടനീളം സഞ്ചരിക്കാനും താമസിക്കുവാനും ജോലിചെയ്യുവാനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ അവരെ സംസ്ഥാനത്ത് നിന്നും നിരോധിക്കാനാകില്ല. സ്വന്തം നാട്ടിൽ മലയാളികൽ ചെയ്യാൻ മടിക്കുന്ന പല ജോലികളും ഏറ്റെടുക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമെ ഇന്നിവിടെ അവശേഷിക്കുന്നുള്ളു. മാത്രവുമല്ല ഒരാൾ കുറ്റ കൃത്യം ചെയ്തു എതിന്റെ പേരിൽ എല്ലാവരേയും നിരോധിക്കണം എന്നു പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഇതേ നിയമം ബാധകമാകും. മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമുൾപ്പെടെ അനവധി സ്ഥലങ്ങളിൽ ക്രിമിനൽ കുറ്റങ്ങളിൽ മലയാളികളും പ്രതികളായിട്ടുണ്ട്.

എന്നാൽ ഒരാൾ കുറ്റം ചെയ്തതിന്റെ പേരിൽ ഒരു വിഭാഗത്തെ മുഴുവൻ പഴിക്കുന്ന നിലപാട് ശരിയല്ല. ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയ ശേഷം അനവധി അന്യസംസ്ഥാന തൊഴിലാളികളുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ജിഷാ കേസ് വളരെ വിഷമമുണ്ടാക്കുന്ന സംഭവമാെണന്നും പ്രതി അമീറുൾ ഇസ്ലാമിനു വധശിക്ഷ തന്നെ നൽകണം എന്ന അഭിപ്രായവുമാണ് ഭൂരിഭാഗം തൊഴിലാളികളും പങ്കു വച്ചത്. സ്വന്തം നാട്ടിൽ ലഭിക്കുന്നതിലും അധികം ശമ്പളവും മെച്ചപെട്ട ജീവിതം ബന്ധുക്കൾക്ക് നൽകാനും സഹായിച്ച നാടാണ് കേരളം എന്ന വികാരമുള്ളവരും കുറവല്ല. അക്രമവാസനയുള്ളതും നാട്ടിൽ നിന്നും പ്രശ്നങ്ങളുണ്ടാക്കിയ ശേഷം ഇങ്ങോട്ട് വരുന്നവരാണ് പല പ്രശ്നങ്ങൾക്കും കാരണം എന്നാണ് തൊഴിലാളികൾ പറയുന്നത്.

ഒരു വർഷം ഏകദേശം രണ്ട് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലെത്തുന്നത്. ഇവരിൽ അക്രമ വാസനയും ക്രിമിനൽ പശ്ചാത്തലവുമുള്ളവരുടെ എണ്ണം ഓരോ വർഷവു കൂടി വരികയാണ്. ബംഗാൾ, അസം, ഒഡീഷ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് അധികവും തൊഴിലാളികൾ എത്താറുള്ളത്. ഇവർ കേരളത്തിലെത്തിയ ശേഷം താമസിക്കാൻ സ്ഥലം നൽകുന്നവർക്കുപോലും ഇപ്പോൾ എത്രപേരാണ് ഒരു കെട്ടിടത്തിൽ താമസിക്കുന്നതെന്നോ ഇവരുടെ വിവരങ്ങളെ കുറിച്ചോ യാതൊരു ധാരണയുമുണ്ടാകാറുമില്ല.അപ്പോൾ അനധികൃതമായി അന്യ സംസ്ഥാനത്തുനിന്നുമെത്തുന്നവർക്ക് അക്രമം കാണിക്കുവാനുള്ള സാഹചര്യം ശ്രിഷ്ടിച്ചതിൽ നമുക്ക് ഒരു വലിയ പങ്കില്ലേ.

കേരളത്തിന്റേതിൽ നിന്നും വ്യത്യസ്തമായ വിദ്യാഭ്യാസം, സംസ്‌കാരം, ഭാഷ എന്നിവയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇതിനകം വഴിവച്ചിട്ടുണ്ട്. ഉയർന്ന സാക്ഷരത, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പുലർത്തുന്ന സംസ്ഥാനം എന്ന നിലയിൽ അന്യസംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേരളം സജ്ജമായേ മതിയാവൂ. ആദ്യകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഇവർ കൂടുതലായി എത്തുന്നുവെന്നും പലരേയും നോട്ടത്തിൽ തന്നെ ഭയമുളവാക്കുന്നരാണെന്നുമുള്ള അഭിപ്രായമാണ് അന്യസംസ്ഥാന തൊഴിലാളികൾ അധികമായി താമസിക്കുന്ന മേഖലയിലെ ചിലെ നാട്ടുകാർ പറയുന്നതും.