- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; ലോക്ക്ഡൗൺ ഭീതിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ; പ്രധാന നഗരങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ വൻ തിരക്ക്; ബസും ട്രെയിനും കാത്തുനിൽക്കുന്നവരുടെ നീണ്ട നിര
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആശങ്ക ഉയർത്തുന്നതിനിടെ രണ്ടാമതും ലോക്ക്ഡൗൺ ഉണ്ടാവുമെന്ന ഭീതിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ. മുംബൈയിലും ഡൽഹിയിലുമടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതിനായി ഒന്നിച്ചെത്തിയതോടെ റെയിൽവേ സ്‌റ്റേഷനിലും ബസ് ടെർമിനലുകളിലും തിരക്കേറി.
ഡൽഹിയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മുഖ്യമായി ആശ്രയിക്കുന്ന ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നാട്ടിലേക്ക് ബസ് കാത്തുനിൽക്കുന്നവർ കൂട്ടംകൂടുകയാണ്. മുംബൈയിലും സമാനമായ സാഹചര്യമാണ്. നാട്ടിലേക്ക് ബസും ട്രെയിനും കാത്തുനിൽക്കുന്നവരുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്.
രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഉണ്ടാകുമെന്ന ഭീതിയിലാണ് കുടിയേറ്റത്തൊഴിലാളികൾ. ഇക്കുറി വിവിധയിടങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാനാണ് മുൻകരുതലിന്റെ ഭാഗമായി അവർ നേരത്തെ തന്നെ നാട്ടിലേക്ക് പോകാൻ നോക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പലയിടങ്ങളിലും ഇതിനോടകം തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിചിച്ചിട്ടുണ്ട്. പ്രമുഖ നഗരങ്ങളിലെല്ലാം നൈറ്റ് കർഫ്യൂ ആയി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കുമോ എന്ന ഭയത്തിലാണ് കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപനം ഏറിയ മറ്റ് സംസ്ഥാനങ്ങളിലും കർശന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് കോവിഡ്-19 കേസുകൾ കുത്തനെ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്.
24 മണിക്കൂറിനിടെ 59,258 പേർ രോഗമുക്തി നേടി. 685 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,29,28,574 ആയി ഉയർന്നു. ഇതുവരെ 1,18,51,393 പേർ രോഗമുക്തി നേടി. നിലവിൽ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി.
9,01,98,673 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്.
പുതിയ രോഗികളിൽ 81 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, കർണാടക, യു.പി., ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാണ, രാജസ്ഥാൻ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുകയാണ്. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കർഫ്യു ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീൽ എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള ആദ്യ രണ്ട് രാജ്യങ്ങൾ.