കാസർഗോഡ്: ബസ്സിൽ സാധാരണക്കാരിൽ സാധാരണക്കാരനായി സഞ്ചരിക്കാനിഷ്ടപ്പെടുന്ന ജനനേതാവ്. കാണുന്നവരോടെല്ലാം കുശലംപറഞ്ഞ്, കൊച്ചുകുട്ടികൾക്കുപോലും സുപരിചിതനായ നാട്ടുകാരൻ. ജനങ്ങളുടെ കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ തീർക്കുന്നതിൽവരെ മുന്നിൽ നിൽക്കുന്ന സുഹൃത്ത്. അങ്ങനെ രാഷ്ട്രീയത്തിലെ ജനകീയ മുഖമായി കാസർകോട് ജില്ലയിൽ നിറഞ്ഞുനിന്ന നേതാവാണ് സിപിഐ പ്രതിനിധിയായി ഇപ്പോൾ പിണറായി മന്ത്രിസഭയിലേക്കെത്തുന്ന ഇ ചന്ദ്രശേഖരൻ.

എൻ കെ ബാലകൃഷ്ണനുശേഷം കാഞ്ഞങ്ങാട്ടുനിന്ന് 45 വർഷത്തിനിപ്പുറം മന്ത്രിയാകുന്നയാളാണ് ചന്ദ്രശേഖരൻ എന്നതിനാൽ നാട്ടുകാരും വലിയ സന്തോഷത്തിലാണ്. ജില്ലയിലെ ഇത്തവണത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ചന്ദ്രശേഖരൻ കാഞ്ഞങ്ങാടിന്റെ ജനപ്രതിനിധിയായത്. 1970ൽ കാഞ്ഞങ്ങാട് ഉൾപ്പെടുന്ന പഴയ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി എൻകെ ബാലകൃഷ്ണൻ അന്ന് ആരോഗ്യമന്ത്രിയായിരുന്നു. കാസർകോട്ട് സി ടി അഹമ്മദലിയും മഞ്ചേശ്വരത്ത് കെ സുബ്ബറാവുവും പിന്നീട് ചെർക്കളം അബ്ദുള്ളയും മന്ത്രിമാരായി എത്തിയതിനുശേഷം ഇപ്പോഴാണ് കാഞ്ഞങ്ങാട്ടേക്ക് മന്ത്രിപദം എത്തുന്നത്.

സൗഹൃദങ്ങളാണ് കാസർകോട് പെരുമ്പള സ്വദേശിയായ ഇ.ചന്ദ്രശേഖരന്റെ മുതൽതക്കൂട്ട്. രാഷ്ട്രീയത്തിനകത്ത് മാത്രമല്ല രാഷ്ട്രീയ മതിലുകൾക്ക് അപ്പുറവും ചന്ദ്രശേഖരനെന്ന ജനപ്രതിനിധി നാട്ടുകാരുടെ ചന്ദ്രേട്ടനാണ്. ശീതീകരിച്ച കാറുകളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരനല്ല ചന്ദ്രശേഖരൻ. ജനത്തിനു മുന്നിൽ അവരോടൊപ്പം ചലിക്കുന്ന കേവലമൊരു സാധാരണക്കാരൻ. ചന്ദ്രശേഖരനുള്ള അതിശയോക്തിയില്ലാത്ത വിശേഷണവും അതുതന്നെ. അടിത്തട്ടിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം നടത്തി ഇപ്പോൾ മന്ത്രി പദവിയിലെത്തിയിരിക്കുന്ന ചന്ദ്രശേഖരൻ 1979 ൽ ചെമ്മനാട് ഗ്രാമസഭ പഞ്ചായത്ത് അംഗമായിരുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും മന്ത്രിയാകുന്ന അഞ്ചാമത്തെ ജനപ്രതിനിധിയാണ് ചന്ദ്രശേഖരൻ.

കാസർകോട് ജില്ലാ രൂപീകരണ പ്രക്ഷോഭങ്ങളിലുൾപ്പെടെ ശക്തമായ സാന്നിധ്യമായിരുന്നു ചന്ദ്രശേഖരൻ. ഗ്രാമവികസന ബോർഡംഗം, കേരള അഗ്രൊ മെഷിനറീസ് കോർപറേഷൻ (കാംകോ) ഡയറക്ടർ, കെ എസ് ആർ ടി സി സ്റേജ് പുനർനിർണയ കമ്മറ്റിയംഗം എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. സംസ്ഥാന ലാൻഡ് റിഫോംസ് റിവ്യൂ കമ്മറ്റിയംഗം, ബി എസ് എൻ എൽ കണ്ണൂർ എസ് എസ് എ അഡൈ്വസറി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. 2005 മുതൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് ചന്ദ്രശേഖരൻ.

എ.ഐ.എസ്.എഫിന്റെ പ്രവർത്തനത്തിലൂടെയാണ് ചന്ദ്രശേഖരൻ രാഷ്ട്രീയത്തിന്റെ ബാലപാഠം സ്വായത്തമാക്കിയത്. എ.ഐ.വൈ.എഫിലൂടെ സംഘടനാ പ്രവർത്തനം ശക്തമാക്കി. അതിന്റെ താലൂക്ക് സെക്രട്ടറിയായിരിക്കെ റവന്യൂവകുപ്പിൽ വില്ലേജ്മാൻ പരീക്ഷയെത്തി. എന്നാൽ പരീക്ഷയിലെ വിഷയത്തിനു പകരം ലെനിന്റേയും ഏംഗൽസിന്റേയും തത്വ സംഹിതകൾ സ്വായത്തമാക്കുകയായിരുന്നു ചന്ദ്രശേഖരൻ. അതുകൊണ്ടു തന്നെ വില്ലേജ്മാൻ പരീക്ഷയും ഫലം എതിരായി. സർവ്വേ കോഴ്സിൽ ഉപരിപഠനം നടത്തിയെങ്കിലും പിന്നീട് ആ ജോലിക്ക് ശ്രമിച്ചതുമില്ല.

പാർലമെന്ററി വ്യാമോഹം ഇല്ലാതിരുന്ന ഇ ചന്ദ്രശേഖരൻ പാർട്ടിയുടെ നിർബന്ധത്തെ തുടർന്നാണ് 2011ൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ കന്നിയങ്കം കുറിച്ചത്. എൻഡോസൾഫാൻ സമരരംഗത്തും ഭൂമി ഇല്ലാത്തവരുടെ പ്രശ്നങ്ങളിലുമെല്ലാം ജനങ്ങൾക്കൊപ്പം നിലകൊണ്ട് അവരിലൊരാളായി മാറിയതോടെയാണ് ആ കരുത്ത് പാർട്ടി തിരിച്ചറിഞ്ഞതാണ് ചന്ദ്രശേഖരന് രണ്ടാമങ്കത്തിന് അവസരമായത്. 1979 ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വന്തമായി വാഹനമില്ലാത്ത ചന്ദ്രശേഖരന് പാർട്ടിക്കാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. എന്നാലും സാധാരണക്കാരുടെ വാഹനമായ ബസ്സിൽ സഞ്ചരിക്കാനാണ് ചന്ദ്രശേഖരന് താത്പര്യം. ഇന്നും ചന്ദ്രശേഖരൻ ഈ ശീലം തുടരുന്നു.

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായ ഇ കെ നായരുടെ സഹോദരീപുത്രനാണ് ചന്ദ്രശേഖരൻ. സിപിഐ.അംഗമായ സാവിത്രിയാണ് ഭാര്യ. തിരുവനന്തപുരം കാര്യവട്ടം കാമ്പസ്സിൽ എം.ഫിൽ വിദ്യാർത്ഥിനിയായ നീലി ചന്ദ്രൻ മകളാണ്. ജില്ലയിൽ നിന്നുള്ള ഈ അഞ്ചാമത്തെ മന്ത്രിയിലൂടെ ജില്ലയ്ക്കായി കൂടുതൽ വികസന പദ്ധതികൾ എത്തുമെന്ന പ്രതീക്ഷയിലാണ് കാസർകോട്ടുകാർ.