- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിക്ക് 15 സ്റ്റാഫുകൾ; പുറത്തു നിന്നുള്ളവർ വന്നാൽ പെൻഷനില്ല; കർണ്ണാടകയിൽ രാഷ്ട്രീയ നിയമനങ്ങളേ ഇല്ല; തമിഴ്‌നാട്ടിൽ സ്റ്റാലിനൊപ്പമുള്ളത് ഒരു പുറത്തു നിന്നുള്ള സ്റ്റാഫ് മാത്രം; പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകി ഖജനാവ് മുടിക്കുന്നത് കേരളം മാത്രം; ഗവർണ്ണർ ചർച്ചയാക്കിയ കൊള്ളയിൽ ചർച്ച തുടരുമ്പോൾ
ന്യൂഡൽഹി: കൊച്ചു കേരളത്തിൽ ചീഫ് വിപ്പിന് വരെയുണ്ട് ഇരുപതിലേറെ സ്റ്റാഫുകൾ. എന്തിനെന്ന് ആർക്കും അറിയില്ല. പ്രതിപക്ഷ നേതാവിനും മന്ത്രിമാർക്കും 25ന് മുകളിൽ. മുഖ്യമന്ത്രി അതുക്കും മേലെ! എന്നാൽ കേന്ദ്ര സർക്കാരിൽ മന്ത്രിക്കുള്ളത് വെറും 15 പേരാണ്. സർവ്വീസിൽ നിന്ന് പുറത്തുള്ളവരുണ്ടെങ്കിൽ അവർക്ക് പെൻഷനുമില്ല. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നടപടികളിലൊന്ന് പഴ്‌സനൽ സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറയ്ക്കലായിരുന്നു. സർക്കാർ സംവിധാനത്തിനകത്തുനിന്ന് നിയമിക്കപ്പെടുന്നവർക്കല്ലാതെ, ഇന്ത്യയിലെ കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷനില്ല.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനവും പെൻഷൻ നൽകലും ചർച്ചയാക്കിയത്. ഇതോടെ ദേശീയ തലത്തിൽ തന്നെ ഇത് ചർച്ചാ വിഷയമായി കഴിഞ്ഞു. കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളുമെല്ലാം പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ നിയന്ത്രണവും അച്ചടക്കവും പുലർത്തുന്നു. ഇതാണ് കേരളത്തിൽ ഇല്ലാതാകുന്നത്. എന്തു വന്നാലും പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുമെന്ന നിലപാടിലാണ് ഇപ്പോഴും പിണറായി സർക്കാർ.
കേന്ദ്രമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറച്ചതോടെ ജീവനക്കാരുടെ ചെലവ് ഇതിലൂടെ 20% വരെ കുറയ്ക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും ഉൾപ്പെടുന്ന '7, ലോക് കല്യാൺ മാർഗിലെ' ജീവനക്കാരുടെ എണ്ണം 50ൽ നിന്നു പകുതിയാക്കി. പ്യൂണും ക്ലറിക്കൽ ജീവനക്കാരും ഉൾപ്പെടെയാണിത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കും (പിഎംഒ) ചെലവു ചുരുക്കൽ നടപടി നീണ്ടപ്പോൾ 15% ജീവനക്കാർ കുറഞ്ഞു. ഇതാണ് ഡൽഹിയിലെ അവസ്ഥ. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്. പേഴ്‌സണൽ സ്റ്റാഫ് ബാഹുല്യവും അവർക്ക് പെൻഷനും നൽകും സർക്കാർ.
പല സംസ്ഥാനങ്ങളിലെയും മന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള പഴ്‌സനൽ സ്റ്റാഫിന്റെ എണ്ണവും ആനുകൂല്യങ്ങളും പരിഗണിക്കുമ്പോൾ കേന്ദ്രമന്ത്രിമാരുടെ ജീവനക്കാരുടെ എണ്ണം കുറവാണ്. കേന്ദ്രത്തിൽ കാബിനറ്റ് റാങ്കുള്ള മന്ത്രിക്കു പോലും പരമാവധി 15 ജീവനക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. സഹമന്ത്രിമാർക്കു 13 പേരെ നിയമിക്കാം. സർക്കാർ സർവീസിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരാണു ഭൂരിപക്ഷവും. അതുകൊണ്ട് വകുപ്പിൽ നിന്നുള്ള പെൻഷൻ ലഭിക്കും. അല്ലാതെയുള്ള നിയമനങ്ങൾക്ക് അതതു തസ്തികയ്ക്ക് അനുസരിച്ചു കേന്ദ്ര ജീവനക്കാരുടേതിനു തുല്യമായ ശമ്പളം ലഭിക്കും. പെൻഷനില്ല.
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാർക്കും ഒരു പഴ്‌സനൽ സ്റ്റാഫിനെ മാത്രമേ പുറത്തുനിന്നു നിയമിക്കാൻ അനുവാദമുള്ളൂ. കരാർ അടിസ്ഥാനത്തിൽ 5 വർഷത്തേക്കാണു പൊളിറ്റിക്കൽ പിഎ നിയമനം. ജൂനിയർ പിഎ ഗ്രേഡിൽ ഈ കാലയളവിൽ സർക്കാർ ശമ്പളം നൽകും. പെൻഷൻ അടക്കമുള്ള ആനുകൂല്യമില്ല. ഗവർണർക്ക് പൊളിറ്റിക്കൽ പിഎ ഇല്ല. മന്ത്രിമാരെ സഹായിക്കാനുള്ളവരെ അതതു വകുപ്പുകളിൽനിന്നു തന്നെയാണു സർക്കാർ നിയമിക്കുക. ഇതിനൊപ്പം എല്ലാ മന്ത്രിമാർക്കും ഒരു പിആർഒ കൂടി ഉണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ സ്ഥാനം വഹിക്കുക.
മഹാരാഷ്ട്രയിൽ മന്ത്രിമാർ ഒന്നോ, രണ്ടോ പഴ്‌സനൽ സ്റ്റാഫിനെ മാത്രമേ പുറത്തുനിന്നു നിയമിക്കാറുള്ളൂ. 2 വർഷം കഴിയുമ്പോൾ കാലാവധി തീരും. ഇവർക്ക് പെൻഷൻ ഇല്ല. കർണാടകയിൽ മന്ത്രിമാർക്കായി രാഷ്ട്രീയനിയമനങ്ങളില്ല. പ്രധാന അംഗങ്ങളെല്ലാം സർക്കാർ ജീവനക്കാർ. മന്ത്രിമാർ ചുമതലയേൽക്കുമ്പോൾ സ്റ്റാഫ് അംഗങ്ങളാവേണ്ട ജീവനക്കാരെ നിർദ്ദേശിക്കാം. ഇതുപ്രകാരം ഇവരെ നിയമിക്കുന്നത് സർക്കാരിന്റെ പേഴ്സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ്. ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളിൽ മന്ത്രിമാർക്ക് പുറത്തുനിന്ന് താത്കാലിക നിയമനമാവാം ഇവർക്ക് പരമാവധി 21,000 രൂപയായിരിക്കും ശമ്പളം. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.
ഡൽഹിയിൽ മുഖ്യമന്ത്രിക്ക് 21 സ്റ്റാഫും മന്ത്രിമാർക്ക് പത്തും. പ്രതിപക്ഷ നേതാവിന് മൂന്ന് പേരേയും നിയമിക്കാം. മന്ത്രിമാർക്കും മറ്റുമായി നിയമിക്കപ്പെടുന്നവരിൽ പുറത്തുനിന്നുള്ളവർ പരമാവധി നാലുപേർ മാത്രം. ബാക്കിയുള്ളവർ സർക്കാർ ജീവനക്കാരാണ്. പെൻഷനുമില്ല.
മറുനാടന് മലയാളി ബ്യൂറോ