കൊച്ചി: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ പെരുമാറ്റം മോശമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ തുറന്നടിച്ച് മന്ത്രി ആർ ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ചില ഘട്ടങ്ങളിലെങ്കിലും പാർട്ടി ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചർച്ചയിൽ ബിന്ദു പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേൽ നടത്തിയ പൊതുചർച്ചയിലാണ് ബിന്ദുവിന്റെ വിമർശനം.

പാർട്ടിയിൽ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. പരാതി നൽകിയ ആളുകൾക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു വിമർശിച്ചു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുന്നതായും വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിമർശനം. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്‌പെൻഷൻ. നടപടി നേരിട്ടപ്പോൾ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി.

സംസ്ഥാന, ജില്ലാ നേതാക്കൾക്കു പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി പാർട്ടി ജനറൽ സെക്രട്ടറിക്കു പരാതി നൽകി. തുടർന്ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നിലവിൽ കെടിഡിസി ചെയർമാനാണ് ശശി.

ആലപ്പുഴയിൽ നിന്ന് വനിതകൾക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമർശനവും പൊതുചർച്ചയിൽ ഉന്നർന്നു. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്. വനിതകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നില്ല. വനിതകളുടെതായ പ്രശ്നങ്ങളിൽ ഇടപെടാനോ അത്തരം കാര്യങ്ങൾക്ക് പരിഹാരിക്കാനോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ പൊതുചർച്ചയിൽ ഉന്നയിച്ചു.

പാർട്ടിയിലെ നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിക്കുകയാണെന്ന് ചില അംഗങ്ങൾ വിമർശിച്ചു. പാർട്ടി നേതൃത്വത്തിൽ പ്രവർത്തിക്കുന്നതിനു പകരം അധികാര സ്ഥാനത്തിരിക്കാനാണ് പലർക്കും താൽപര്യമെന്നും വിമർശനമുണ്ടായി.

റവന്യൂ വകുപ്പിലെ അഴിമതിയിൽ സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. റവന്യൂ വകുപ്പിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമർശനം. പട്ടയമേളകളുടെ മറവിൽ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സർക്കാരിന്റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാൽ, പ്രതിസന്ധികളിൽ കുറ്റപ്പെടുത്തുന്നുവെന്നും വിമർശനം ഉയർന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി നയത്തിന് അനുസരിച്ചുള്ളത് തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. നവകേരള രേഖയ്ക്ക് എതിരെ നിലവിൽ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മിൽ നയപരമായ ഭിന്നതകളില്ല.

''ഈ നയരേഖ പാർട്ടിയുടെ പൊതുവായ നയങ്ങൾക്ക് എതിരാണെന്ന പ്രചാരണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷജനാധിപത്യമുന്നണിക്ക് തുടർഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്. ഇപ്പോൾ നയരേഖയിൽ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത്. യുഡിഎഫും ബിജെപിയും മറ്റ് തത്പരകക്ഷികളുമാണ് ഈ ദുഷ്പ്രചാരണത്തിന് പിന്നിൽ. ജനകീയജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് അധികാരത്തിൽ വരുന്ന സർക്കാർ പോലും പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നയവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോൾ പാവപ്പെട്ടവർക്ക് സംരക്ഷണം ഉറപ്പാക്കണം. തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണെങ്കിൽ അതുകൊണ്ടുവരും'', എന്ന് കോടിയേരി പറഞ്ഞു.

ഇന്നലെ വൈകിട്ട് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടി ചർച്ച ചെയ്യാനിരിക്കവേയാണ് പാർട്ടിക്ക് അകത്തും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്യുമെന്ന് കോടിയേരി വ്യക്തമാക്കുന്നത്. രേഖയ്ക്ക് നാല് ഭാഗങ്ങളുണ്ട്. അടുത്ത 25 വർഷം ഭരണം നിലനിർത്തി കേരളത്തിലെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കണം. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ നിലവാരം ഉയർത്തണം. പൊതുതാത്പര്യത്തിന് തടസ്സമില്ലാത്ത തരത്തിൽ വിദേശവായ്പകൾ സ്വീകരിക്കണം. പരമ്പരാഗത വ്യവസായരംഗത്ത് ആധുനികവത്കരണം കൊണ്ടുവരണം - കോടിയേരി പറയുന്നു.

വർഷങ്ങൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കേരള വികസനം സംബന്ധിച്ച പാർട്ടി നിലപാട് ഒരു രേഖയായി അവതരിപ്പിക്കപ്പെട്ടത്. 37 വർഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിൽ എം വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ടിനൊപ്പം ഒരു നയരേഖ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങി പാർട്ടി നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയം മാറ്റത്തിനുള്ള തുടക്കമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. തുടർ ഭരണത്തിൽ നിന്ന് തുടർച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന നയരേഖയിൽ കേരളത്തിന്റെ വികസനത്തിനാണ് മുഖ്യ പരിഗണന.

പാർട്ടി സമ്മേളനത്തിന്റെയും അടുത്ത മാസം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെയും അംഗീകാരത്തോടെ മാത്രമേ ഇത് പാർട്ടിയുടെ ഔദ്യോഗിക നയമാകു എങ്കിലും സിപിഎം ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപരമായ നയംമാറ്റമുൾപ്പടെ എല്ലാ രംഗത്തും തുറന്ന സമീപനത്തിന് തയ്യാറായിക്കഴിഞ്ഞതായാണ് കോടിയേരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.