കൊച്ചി: ഔദ്യോഗിക പദവികൾ വഹിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുമ്പോൾ അത് സ്വകാര്യ ആവശ്യത്തിനായാലും മറിച്ചായാലും സർക്കാർ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്നതാണ ചട്ടം. സർക്കാർ ചെലവിൽ വിദേശ യാത്രകൾ നടത്തുന്നതിന് പുറമേ സ്വകാര്യ ആവശ്യങ്ങൾക്കായും മന്ത്രിമാർ വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. ഇങ്ങനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശ യാത്രാ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഏറ്റവും മുമ്പിലുള്ളത് മന്ത്രി എം കെ മുനീറാണ്. സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്തു പോയവരുടെ കൂട്ടത്തിലാണ് മുനീർ മുന്നിൽ നിൽക്കുന്നത്.

മന്ത്രിമാരിൽ അതിവേഗം ബഹദൂരം വിദേശത്തെത്തിയത് എം.കെ മുനീർ ആയിരുന്നു. എം.കെ. മുനീർ ഈ കാലഘട്ടത്തിൽ 24 വിദേശ യാത്രകളാണ് നടത്തിയത്തെന്ന് നിയമസഭയിൽ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയായി നൽകിയ രേഖകളിൽ പറയുന്നു. ഏറ്റവും കുറവ് യാത്രകൾ വിദേശത്തേക്ക് നടത്തിയത് ഉമ്മൻ ചാണ്ടിയും അടൂർ പ്രകാശും മഞ്ഞളാംകുഴി അലിയുമാണ്. കെ.ബാബു രണ്ട് തവണ മാത്രമാണ് വിദേശയാത്ര നടത്തിയത്.

ഇന്ത്യാവിഷൻ ചാനലിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടും മറ്റുമാണ് മുനീർ നിരവധി തവണ വിദേശയാത്ര നടത്തിയത്. ഇത് കൂടാതെ പ്രവാസി സംഘടനകളുടെ പരിപാടിയുമായി ബന്ധപ്പെട്ടും സാമൂഹ്യ ക്ഷേമ മന്ത്രി വിദേശത്തേക്ക് പോയി. ഈ യാത്രകളിൽ കൂടുതലും യുഎഇയിലേക്കായിരുന്നു. പത്ത് തവണയാണ് മന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കായി യുഎഇയിലേക്ക് പറന്നത്.

അതേസമയം ഈ മന്ത്രി സഭയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ എത്തിയ ശേഷം സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തുപോകാത്ത മൂന്ന് മന്ത്രിമാരുമുണ്ട്. പി കെ ജയലക്ഷ്മി, സിഎൻ ബാലകൃഷ്ണൻ, കെ സി ജോസഫ് എന്നിവരാണിവർ. എന്നാൽ കെ സി ജോസഫിന്റെ യാത്രകൾ സർക്കാർ ചെലവിലായിരുന്നു എന്നതാണ് പ്രത്യേകത. നിതവധി തവണയാണ് കെ സി ജോസഫ് സർക്കാർചെലവിൽ വിദേശത്തു പോയി.

സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താതെ പട്ടികയിൽ നിന്നു പുറത്തായി. ഇതിൽ ജയലക്ഷ്മിയുടെ കാര്യം എടുത്തുപറയേണ്ടതുമുണ്ട്. ഔദ്യോഗികമായി അവസരമുണ്ടായിരുന്നു അധികം യാത്രകൾ നടത്താൻ ജയലക്ഷ്മി തയ്യാറായിട്ടില്ല. ഇവർ സന്ദർശിച്ച വിദേശരാജ്യം നേപ്പാൾ ആണെന്നതും ശ്രദ്ധേയമാണ്.

മറ്റ് എല്ലാ മന്ത്രിമാരും വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. മുൻപ് മന്ത്രി ആയിരുന്നു പിന്നിട് മന്ത്രി സഭയിൽ നിന്ന് പുറത്തു പോയ കെ.ബി ഗണേശ്കുമാർ ആദ്യം മന്ത്രിയായിരുന്ന സമയത്ത് 7 വിദേശ യാത്ര നടത്തിയെന്നും, കെ.എം മാണി 4 തവണയും വിദേശത്തു പോയി. അന്തരിച്ച ടി.എം ജേകബ് ചികിത്സാർതഥം ഒരു തവണയും വിദേശത്തു പോയി.

മന്ത്രിമാർ സ്വകാര്യ പരിപാടികൾക്കായി നടത്തിയ വിദേശ യാത്ര കണക്കുക്കൾ എങ്ങനെയാണ്: ഉമ്മൻ ചാണ്ടി 3 തവണ, അബ്ദുൾ റബ് 8 തവണ, അടൂർ പ്രകാശ് 2 തവണ, എ.പി അനിൽകുമാർ 4 തവണ, ആര്യാടൻ മുഹമദ് 4 തവണ, കെ. ബാബു 2 തവണ, കെ.ബി ഗണേശ്കുമാർ 7 തവണ, എബ്രഹിം കുഞ്ഞ് 7 തവണ, ടി.എം ജേകബ് 1 തവണ (ചികിത്സാർതഥം), കുഞ്ഞാലിക്കുട്ടി 19 തവണ, കെ.എം മാണി 4 തവണ, കെ.പി മോഹനൻ 1 2 തവണ, ഡോക്ടർ എം.കെ മുനീർ 24 തവണ, ഷിബു ബേബി ജോൺ 12 തവണ, തിരുവഞ്ചിയൂർ രാധാകൃഷ്ണൻ 11 തവണ, അനൂപ് ജേകബ് 4 തവണ, മഞ്ഞളാംകുഴി അലി 2 തവണ , രമേശ് ചെന്നിത്തല 6 തവണയും വിദേശ യാത്രകൾ നടത്തിയതായി മുഖ്യമന്ത്രി നിയമഭയിൽ അറിയിച്ചു.

സ്വകാര്യ വിദേശയാത്രകളുടെ കണക്കുകളിൽ മന്ത്രി ഇബ്രാഹിം കുഞ്ഞ് 5 തവണ മക്ക സന്ദർശനം നടത്തിയിട്ടുണ്ട്.