തിരുവനന്തപുരം: ആത്മീയ കച്ചവടം പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. രോഗശാന്തിയുടെ പേരിൽ ആളുകളെ പറ്റിക്കുന്ന ഏർപ്പാട് മറുനാടൻ തന്നെ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് അതിലെ കൗതുകം കൊണ്ടാണ്. ഇപ്പോഴിതാ കൊച്ചിയിലെ ഒരു പള്ളിയിലും ദിവ്യാത്ഭുതം സംഭവിച്ചിരിക്കുന്നു! ഗണപതി വിഗ്രഹം പാലു കുടിച്ചു, സ്വയംഭൂവായി കുരിശു പൊങ്ങിവന്നു ഇങ്ങനെയുള്ള സംഭവങ്ങളുടെ തുടർച്ചയായാണ് കൊച്ചിയിലെ പള്ളിയിലെ മുല്ലപ്പൂവിന്റെ പടം എടുത്ത് ഒരു വികാരം ഫേസ്‌ബുക്കിൽ ഇട്ടത്.

കൊച്ചിയിലെ ജെയ്‌സൺ അച്ചനെന്ന ആളാണ് പുതിയ താരം. തെങ്ങോട് സെന്റ് മേരിസ് പള്ളിയുടെ മോർ കുര്യാക്കോസ് സഹദാ ചാപ്പലിൽ ശനിയാഴ്ച ഫോട്ടോയിൽ തൂക്കിയ മുല്ലപ്പൂമാല ഞായറാഴ്‌ച്ച വലുതായി വളർന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ജെയ്‌സൺ അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സംഭവം ഒരു മിറാക്കിൾ ആണെന്ന വിധത്തിൽ വിഷയം അവതരിപ്പിച്ച അച്ചന് പക്ഷേ വളരെ സമർദ്ധമായി തന്നെ ഒരു കാര്യം കൂടി പറഞ്ഞു. ഈ ദേവാലയം വണ്ടർലാ യുടെ അടുത്താണ് എന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ആയിരക്കണക്കിന് പേർ വണ്ടർലയിൽ എത്തുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ വണ്ടർലായിൽ വരുന്ന ക്രിസ്ത്യാനികൾക്ക് ഈ ദിവ്യാത്ഭുതം കാണാൻ എത്താമെന്ന ധ്വനിയിൽ തന്നെയാണ് ജെയ്‌സൺ അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആളുകൾ ഒരിക്കൽ വന്നാൽ പ്രാർത്ഥനയും കാര്യസിദ്ധിയുമായി മുന്നോട്ടു പോകുകയും ചെയ്യാം. ഇതെല്ലാം ഉൾപ്പെടുത്തികൊണ്ടുള്ള ജെയ്‌സൺ അച്ചന്റെ ഫേസ്‌ബുകക്് പോസ്റ്റ് പക്ഷേ സോഷ്യൽ മീഡിയ പൊളിച്ചടുക്കി.

ഫേസ്‌ബുക്കിൽ വ്യാപകമായി തന്നെ അച്ചൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ആത്മീയ കച്ചവടം കൊഴിപ്പിക്കാനുള്ള ഈ പോസ്റ്റിനെ ചൂണ്ടി പലരും മറ്റു കാര്യങ്ങളും ഓർമ്മിപ്പിക്കുന്നു. മുമ്പ് സായിബാബയുടെ ചിത്രത്തിന് ചുറ്റും ദിവ്യപ്രകാശമുണ്ടായി എന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇത് കൂടാതെ മുംബൈയിൽ ഒരു ദേവാലയത്തിൽ യേശു ക്രിസ്തുവിന്റെ കണ്ണിൽ നിന്നും കണ്ണീര് വരുന്നു എന്ന വിധത്തിലുള്ള പ്രചരണങ്ങളും ഉണ്ടായി.

മാതാവിന്റെ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്താൽ മനസിലുള്ള ആഗ്രഹങ്ങൾ നടക്കുമെന്ന് പറഞ്ഞുള്ള പ്രചരണങ്ങൾ ഇപ്പോഴും കേരളത്തിൽ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ സോഷ്യൽ മീഡിയാ രൂപമാണ് ജെയ്‌സൺ അച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതും. എന്തായായും ആച്ചന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ആഘോഷമാക്കി കഴിഞ്ഞു.