കൊച്ചി: സി എ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മൊബൈൽ ഫോൺ കണ്ടെടുക്കാനാവാത്തത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും. മിഷേലിന്റെ ഫോൺകോൾ രേഖകളിൽ നിന്നുമാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിയുടെ മാതാവ് വിളിച്ച വിവരം പുറത്തു വന്നിരിക്കുന്നത്. മിഷേലിന്റെ ഫോണിലേക്ക് ക്രോണിന്റെ മാതാവ് എസ്എംഎസ് അയച്ചതിന് മറുപടിയായി ഏകദേശം മൂന്നരയോടെ മിഷേൽ വിളിക്കുകയായിരുന്നു.

മിഷേലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തന്റെയും മിഷേലിന്റെയും മാതാപിതാക്കൾക്ക് അറിയാമായിരുന്നെന്നും തങ്ങൾ തമ്മിലുള്ളത് വെറും സൗന്ദര്യ പിണക്കങ്ങൾ മാത്രമാണെന്നും മിഷേലിന്റെ മരണവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നുമാണ് ക്രോണിൻ പറയുന്നത്. അതേസമയം ക്രോണിനെക്കുറിച്ച് തങ്ങൾക്ക് ഒരറിവുമില്ലെന്നും മിഷേൽ ഈ ബന്ധത്തെക്കുറിച്ചു പറയുകയോ ക്രോണിനെക്കുറിച്ച് പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മിഷേലിന്റെ പിതാവ് ഷാജിയും പറയുന്നു. ക്രോണിൻ തങ്ങളുടെ ബന്ധു അല്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് അട്ടമിറിക്കാൻ പൊലീസ് ശ്രമിക്കുന്നുവോ എന്ന സംശയം സജീവമാവുകയാണ്. അതിന് പിന്നാലെയാണ് ക്രോണിന്റെ അമ്മയുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ എത്തുന്നത്.

മിഷേലും താനുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നെന്നും ഫോണിൽ സംസാരിക്കാറുണ്ടെന്നും ഇരുവീട്ടുകാർക്കും പ്രണയവിവരം അറിയാമായിരുന്നെന്നും ചോദ്യം ചെയ്യലിൽ ക്രോണിൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രോണിന്റെ മാതാവുമായി മിഷേൽ കാണാതാകുന്നതിന് തൊട്ടു മുമ്പ് വിളിച്ചെന്ന വാർത്തയും എത്തുന്നത്. മിഷേലിന്റെ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് തൊട്ടു മുമ്പ് ക്രോണിൻ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് വിളിച്ചതെന്നാണ് മാതാവ് നൽകുന്ന വിവരം. ക്രോണിൻ തന്നെ വിളിച്ച് മിഷേലിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും ഒന്നു വിളിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ഫോൺ വിളിച്ചതെന്നാണ് മാതാവിന്റെ മൊഴി.

കേസിൽ ഇപ്പോൾ നിർണ്ണായകമായി കണക്കാക്കുന്ന ക്രോണിൻ മിഷേലിന് അയച്ച ഭീഷണി എസ്എംഎസുകളാണ്. എന്നാൽ പൊലീസിൽ ഹാജരാകും മുമ്പ് ക്രോണിൻ ഇവ നശിപ്പിച്ചിരുന്നു. അതേസമയം മിഷേലിന്റെ മൊബൈലാകട്ടെ കണ്ടെത്താനും അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മരണത്തിന് രണ്ടു ദിവസം മുമ്പു വരെ നൂറിലധികം സന്ദേശങ്ങളാണ് ക്രോണിൻ മിഷേലിന് അയച്ചിരിക്കുന്നത്. മിഷേലിന്റെ ഫോൺ കണ്ടെത്തിയാൽ ഇത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. അതിനിടെ ക്രോണിന്റെ മൊബൈലിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ എസ് എം എസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

താനും മിഷേലുമായി സ്നേഹത്തിലായിരുന്നെന്നും ബന്ധങ്ങളിൽ സാധാരണയുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ തങ്ങൾക്കിടയിലും ഉണ്ടായിരുന്നുള്ളൂവെന്നും കോടതിയിലേക്കു കൊണ്ടുപോകും വഴി ക്രോണിൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മിഷേലുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി വീട്ടുകാർക്ക് അറിയാമായിരുന്നു. ഈ സംഭവം നടക്കുമ്പോൾ താൻ നാട്ടിൽ ഇല്ലായിരുന്നു. അവസാനമായി മിഷേൽ വിളിച്ചപ്പോൾ പള്ളിയിൽ പോയി വരാമെന്നു പറഞ്ഞാണ് ഫോൺ കട്ടു ചെയ്തത്. ചെറിയ വഴക്കുകൾ ഉണ്ടാകുന്നതല്ലാതെ ആത്മഹത്യയിലേക്ക് നീങ്ങേണ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ക്രോണിൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

പരാതി സജീവമായ സാഹചര്യത്തിൽ മിഷേൽ കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മിഷേലിനെ കാണാതായെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയതിന് സെൻട്രൽ സ്റ്റേഷനിലെ സീനിയർ സിപിഒ അബ്ദുൽ ജലീലിനെ സ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ എസ്‌ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടിക്കും കമ്മിഷണർ നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് നൽകുന്നത്.