കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ ക്രോണിൻ അലക്‌സാണ്ടർ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴി. കേരളത്തിനു പുറത്തു പഠിക്കുന്ന ഈ സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു. മിഷേൽ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ഇവർ മുമ്പ് പലപ്പോഴും വളരെ സമ്മർദ്ദമേറിയ സന്ദർഭങ്ങളെ നേരിട്ടപ്പോഴും ആത്മധൈര്യം കൈവിട്ടിരുന്നില്ലെന്നും വ്യക്തമാക്കുന്നു.

കാണാതായ ദിവസം അതായത് ഈമാസം അഞ്ചിന് രാവിലെ മിഷേലിനെ ഈ സുഹൃത്ത് വിളിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഈ സുഹൃത്തിനോട് തുറന്നു പറയുമായിരുന്നു മിഷേൽ. എന്നാൽ അന്ന് ക്രോണിനുമായി വഴക്കുണ്ടായെന്നോ മറ്റെന്തെങ്കിലും വിഷമിപ്പിക്കുന്ന കാര്യമുണ്ടെന്നോ മിഷേൽ പറഞ്ഞിരുന്നില്ലെന്ന് ഈ കൂട്ടുകാരി വെളിപ്പടുത്തി. പ്രസന്നവതി ആയാണ് സംസാരിച്ചത്.

27നു കാണാമെന്നും പറഞ്ഞുവെന്നും വ്യക്തമാക്കുന്ന കൂട്ടുകാരി മിഷേൽ ആത്മഹത്യചെയ്യാൻ ചിന്തിച്ചിരുന്നെങ്കിൽ അങ്ങനെ പറയുമായിരുന്നോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഇതോടെ മിഷേൽ ആത്മഹത്യചെയ്തതാണ് എന്ന സാധ്യതയിലേക്ക് അന്വേഷണത്തിൽ നിഗമനത്തിൽ എത്തിയിരുന്ന അന്വേഷണ സംഘത്തിന് മിഷേലിനെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്ന സാധ്യത ഗൗരവമായി പരിശോധിക്കേണ്ടിവരും.

ഇന്നലെ മറുനാടനോട് സംസാരിച്ച മിഷേലിന്റെ പിതാവ് ഷാജി വർഗീസ് മിഷേൽ ആത്മഹത്യചെയ്തത് അല്ലെന്ന നിലപാടാണ് വ്യക്തമാക്കിയിരുന്നത്. വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയെങ്കിൽ മൃതദേഹം എങ്ങനെ കപ്പൽ ചാലിൽ എത്തിയെന്നും 24 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും ഒരു പ്രാണിപോലും കടിച്ചില്ലെന്നതുതന്നെ മിഷേൽ വെള്ളത്തിൽ ചാടി ജീവനൊടുക്കിയതല്ലെന്ന് വ്യക്തമാക്കുന്നുവെന്നും ആണ് ഷാജി പറഞ്ഞത്.

ഇതിനു പിന്നാലെയാണ് മിഷേലിന്റെ സുഹൃത്തും തന്റെ കൂട്ടുകാരി ഒരിക്കലും ആത്മഹത്യചെയ്തത് അല്ലെന്ന് വെളിപ്പെടുത്തുന്നത്. ഇതോടെ ഈ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷകർ.

എല്ലാം തുറന്നു സംസാരിക്കുന്ന മിഷേൽ, സംഭവ ദിവസം ക്രോണിനുമായി വഴക്കുണ്ടായെന്നു പറഞ്ഞിട്ടില്ല. ക്രോണിൻ മിഷേലിനെ മുമ്പ് ഉപദ്രവിച്ചിട്ടുണ്ട്. മുമ്പ് വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കിൽ അന്ന് മിഷേൽ അതു ചെയ്‌തേനേ. അന്നെല്ലാം പിടിച്ചുനിന്ന മിഷേൽ അത്തരത്തിൽ ഒരു സംഭവവും ഉണ്ടാകാത്ത ദിവസം ജീവനൊടുക്കി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നാണ് കൂട്ടുകാരി പറയുന്നത്.

ചാനലുകളിൽ അവർ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ

എന്നെ അഞ്ചാം തീയതി മോർണിങ് വിളിച്ചപ്പോൾ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ, അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പറയാതിരിക്കുമോ? മെസേജിന്റെ കാര്യമൊക്കെ പറയാൻ ചിലപ്പോൾ അവൾ മറന്നുപോയതായിരിക്കും. പക്ഷേ, എന്നാലും ടെൻഷൻ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചത്.

അവൾക്കു ചെയ്യുവാണെങ്കിൽ നേരത്തേ ചെയ്യാമായിരുന്നു. കാരണം ഇതിനുമുൻപ് ഒരുപാട് പ്രശ്‌നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാൽ ഇവരുതമ്മിൽ ഇതുപോലെ ഞങ്ങളു പഠിച്ച സമയത്തു ഒരു ദിവസം കാണാൻ വന്നിട്ടുണ്ടായിരുന്നു.

അവർ തമ്മിൽ എന്തോ വഴക്കിട്ടശേഷമാണ് അവൻ കാണാൻ വന്നത്. ഇവൾ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാൻ വന്നത്. ആ സമയത്ത് ഇവരുതമ്മിൽ സംസാരിക്കുമ്പോൾ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രയും വലിയ പ്രശ്‌നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നിൽക്കാമെങ്കിൽ പിന്നെ ഇപ്പോഴാണോ പ്രശ്‌നം വരുന്നെ?.

പക്ഷേ, അവളങ്ങനെ പോകുവാണെങ്കിൽ ബാഗ് കൊണ്ടെന്തിനാ പോകുന്നെ ആത്മഹത്യ ചെയ്യാൻ. പള്ളിയിൽ പോയപ്പോൾ ബാഗ് കൊണ്ടല്ലേ പോയത്? അങ്ങനെ ആത്മഹത്യ ചെയ്യാൻ പോയ ആള് എന്തിനാ ബാഗ് കൊണ്ടുപോകുന്നേ? സാധാരണ ഇപ്പോ അവള് പള്ളിയിൽപ്പോയി കഴിയുവാണെങ്കിൽ പ്രാർത്ഥിച്ച് കഴിയുമ്പോൾ പുറത്തിറങ്ങി കരയാറുള്ളതാ.

ഞാനും അവളോടൊപ്പം ഇടയ്ക്കിടെ പള്ളി പോകാറുള്ളതാ. ഇപ്പോ യൂഷ്വലി നോർമിലി ഒക്കെയായിട്ടാണ് ഇറങ്ങിയത്. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഞാൻ 27നു വരുമ്പോൾ കാണാമെന്നൊക്കെ പറഞ്ഞിരുന്നതാ. മരിക്കാൻ പോകുന്ന ഒരാൾ അങ്ങനെയൊക്കെ പറയുമോ? - കൂട്ടുകാരി ചോദിക്കുന്നു.