സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തിൽ 20 വർഷമായി ജോലി ചെയ്യുന്ന എരിത്രിയൻ വനിതയെ ബ്രിട്ടനിൽ കാണാതായി. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഇവർ ഏതെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടാവുമെന്ന ആശങ്കയിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി.

ജോമിയ ഹമീദ് എന്ന 49-കാരിയായാണ് കാണാതായത്. ബ്രിട്ടനിലുള്ള വീട്ടിൽ അവധിയാഘോഷിക്കാനെത്തിയ സൗദി കുടുംബത്തോടൊപ്പമാണ് അവർ ഇംഗ്ലണ്ടിലെത്തിയത്. സപ്തംബർ 18-നാണ് ജോമിയയെ കാണാതായത്. വീടുവിട്ടുപോകുന്ന സ്വഭാവം മുമ്പ് കാണിച്ചിട്ടില്ലാത്ത ജോമിയ അപകടത്തിൽ പെട്ടിട്ടുണ്ടാവുമെന്നുതന്നെയാണ് പൊലീസ് കരുതുന്നത്.

അഞ്ചടി ഉയരമുള്ള മെലിഞ്ഞ ശരീരപ്രകൃതിയാണ് ജോമിയയുടേത്. ഇവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. കാണാതാവുമ്പോൾ ഇവർ ശിരോവസ്ത്രം ധരിച്ചിരുന്നു. അത്യാവശ്യം പണവും മറ്റും ഇവരുടെ പക്കൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ കരുതുന്നു.

എരിത്രിയക്കാരിയാണെങ്കിലും ഇപ്പോൾ അവർക്ക് സൗദി പൗരത്വമുണ്ട്. ഇവർ ജോലി ചെയ്യുന്ന സൗദി കുടുംബത്തിന്റെ വേനൽക്കാല വസതിയാണ് ഹോവിലേത്. സൗദി കുടുംബം സപ്തംബർ 21-ന് സൗദിയിലേക്ക് മടങ്ങി.

ജോമിയയെ കാണാതായതിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, അവർക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. ജോമിയയെ കണ്ടെത്തുന്നവർ വിവരമറിയിക്കണമെന്നും സസക്‌സ് പൊലീസ് വിവരമറിയിച്ചു.