ലൈവായി കാലാവസ്ഥ പ്രവചിച്ചുകൊണ്ടിരുന്ന വാർത്താ അവതാരക ഇടിമിന്നലേറ്റ് നിലംപതിക്കുക! ഒരു പുകമാത്രം ശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമാവുക! സംഭവം ടി.വിയിലാണെങ്കിലും കണ്ടുകൊണ്ടിരിക്കുന്ന ആരും പേടിച്ച് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുപോകുമെന്നുറപ്പാണ്. അയർലൻഡിലെ ടിജി4 ചാനലിൽ സംഭവിച്ചതാണിത്.

കെയ്റ്റ്‌ലിൻ നിക്ക് അയോധ് എന്ന വാർത്താ അവതാരകയാണ് മിന്നലേറ്റ് വീണതും അപ്രത്യക്ഷമായതും. ഉടൻതന്നെ വാർത്താ സംപ്രേഷണം അവസാനിപ്പിച്ച് ചാനൽ നാടകീയത കൂട്ടുകയും ചെയ്തു. ഇതോടെ പ്രേക്ഷകരിൽ നല്ലൊരു പങ്ക് പരിഭ്രാന്തരായി. ട്വിറ്ററിലൂടെയും മറ്റും അവർ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.

ഹാലോവീൻ ദിനത്തിൽ പ്രേക്ഷകർക്കുമുന്നിൽ ചാനൽ ഒരുക്കിയ നാടകമായിരുന്നു ഇതെന്ന് വൈകിയാണ് പലരും തിരിച്ചറിഞ്ഞത്. എന്നാൽ, മിന്നലേറ്റശേഷം നിക്കിനെ കാണാനില്ലെന്ന് ട്വീറ്റ് ചെയ്ത് ചാനൽ നാടകീയത വീണ്ടും വർധിപ്പിച്ചു. ഏതായാലും നിക്കും ചാനൽ അധികൃതരും കൂടി അവതരിപ്പിച്ച നാടകീയതയുടെ ചുരുളഴിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടിവരും.