- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലികെട്ട് സമയത്തും രേഖ കാതോർത്തത് മോളേ എന്ന വിളിക്ക്; അച്ഛന്റെ തിരോധാനത്തിന് ഒരുമാസം പിന്നിടുമ്പോഴും സത്യാവസ്ഥയറിയാതെ രേഖയും കുടുംബം; പൊലീസിന് ലഭിച്ചത് രാജന്റെ മുണ്ടും ടോർച്ചും ചെരിപ്പും മാത്രം; അച്ഛനെ തേടിയുള്ള രേഖയുടെ യാത്രയിൽ ഇനി നിഖിലും
അഗളി: കതിർമണ്ഡപത്തിൽ നിഖിൽ തന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും രേഖ കാതോർത്തത് മോളേ എന്നുള്ള വിളിക്ക്.അച്ഛന്റെ തിരോധാനത്തിന് ഒരുമാസം പിന്നിടുമ്പോഴും സത്യാവസ്ഥ അറിയാതെ രേഖയും കുടുംബവും.അച്ഛനെ തേടിയുള്ള രേഖയുടെ യാത്രയിൽ ഇനി കൂട്ടായി നിഖിലുമുണ്ടാകും.സൈലന്റ്വാലി ദേശീയോദ്യാനത്തിൽ കാണാതായ വനം വാച്ചർ രാജന്റെ മകൾ രേഖയുടെ വിവാഹമായിരുന്നു ഇന്നലെ.
മുക്കാലി പുളിക്കാഞ്ചേരി വീട്ടിൽ രാജനെ (56) മെയ് 3നാണു കാണാതായത്. സൈരന്ധ്രിയിൽ പാചകപ്പുരയിൽനിന്നു ആഹാരം കഴിഞ്ഞ് ക്യാംപ് ഷെഡിലേക്ക് ഉറങ്ങാനായി പോയ രാജനെ പിന്നീട് ആരും കണ്ടിട്ടില്ല.രാജന്റെ ചെരിപ്പും ടോർച്ചും മുണ്ടും പോക്കറ്റിൽ കരുതിയിരുന്ന മരുന്നും കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തി.
രാജനെ കണ്ടെത്താൻ വനപാലകരും പൊലീസും നാട്ടുകാരും വിദഗ്ധരുടെ സഹായത്തോടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.കല്യാണക്കുറി അച്ചടിക്കാൻ കൊടുത്താണു രാജൻ ജോലിക്കു പോയത്. രാജന്റെ പേരിൽ അച്ചടിച്ച ക്ഷണക്കത്ത് സ്വീകരിച്ചവരെല്ലാം എത്തിയെങ്കിലും അവരെ സ്വീകരിക്കാൻ രാജനുണ്ടായിരുന്നില്ല.
കാണാതായ വിവരം രാജന്റെ അമ്മയെ അറിയിച്ചിട്ടില്ല. മുക്കാലിയിൽ വനം വകുപ്പിന്റെ ഡോർമട്രി ഹാളിലായിരുന്നു വിവാഹം. മണ്ണാർക്കാട് അക്കിപ്പാടത്ത് വീട്ടിൽ ഗോപാലന്റെ മകൻ നിഖിലാണു വരൻ. രാജന്റെ അഭാവത്തിലും കുറവുകളില്ലാതെ വിവാഹം നടത്താൻ സഹോദരങ്ങളും ബന്ധുക്കളും പ്രയത്‌നിച്ചു. സഹപ്രവർത്തകരും സുഹൃത്തുക്കളും കൈത്താങ്ങായി.
മറുനാടന് മലയാളി ബ്യൂറോ