മലപ്പുറം: അൽ ഐനിൽ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് തിരിച്ച് കാണാതായ യുവാവിന്റെ വാട്‌സ് ആപ്പ് സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. മലപ്പുറം തിരുന്നാവായ വലിയ പറപ്പൂർ കുണ്ടിലങ്ങാടി സ്വദേശിയായ കായൽ മഠത്തിൽ ഖാലിദി(35)നെയാണ് നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായത്. തുടർന്ന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയും ബന്ധുക്കളും സഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവുമുണ്ടായിരുന്നില്ല. അൽ ഐനിലെ സുഹാനിൽ കഴിഞ്ഞ രണ്ടു വർഷമായി സൂപ്പർ മാർക്കറ്റ് നടത്തി വരുന്ന ഖാലിദ് ഈ മാസം 14നാണ് നാട്ടിലേക്ക് തിരിച്ചത്. എന്നാൽ ഇവിടെ നിന്നും ഖാലിദിനെ കാണാതാവുകയായിരുന്നു.

രണ്ടാഴ്ചയായി ഖാലിദിന്റെ വിദേശത്തുള്ള നമ്പറിൽ ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കിട്ടിയിരുന്നില്ല. ഖാലിദിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ അബൂദാബിയിലെ മറ്റു സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടുകാർ ബന്ധപ്പെടുകയായിരുന്നു. ഖാലിദ് നാട്ടിലേക്ക് തിരിച്ചതായ വിവരം വിദേശത്തുള്ള സുഹൃത്തുക്കളായിരുന്നു വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 14ന് പുലർച്ചെ 2.30ന് നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയതായി വിവരം ലഭിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ഇയാൾ എങ്ങോട്ട് പോയതെന്ന വിവരം ലഭിച്ചിരുന്നല്ല. തുടർന്ന് നെടുമ്പാശേരി പൊലീസിൽ ഭാര്യ സഹോദരൻ പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്തു നെടുമ്പാശേരി പൊലീസ് അന്വേഷം നടത്തി വരുന്നതിനിടെയായിരുന്നു കാണാതായ ഖാലിദിന്റെ വാട്‌സ് ആപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചത്.

അതേസമയം, വിദേശത്ത് ജോലി സബന്ധമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും സമ്പത്തിക പ്രശ്‌നമാണ്് നാട്ടിലേക്ക് വരാൻ ഇടയാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിസിനസ് പാട്ട്ണറുടെ ഫോൺ കോൾ രണ്ട് ദിവസം എത്തിയിരുന്നു. എന്നാൽ ഇതിൽ ദുരോഹത തോന്നിയ ബന്ധുക്കൾ പൊലീസിനെ വിവരം കൈമാറി. യുവാവിന്റെ തിരോധാനത്തിൽ നാടു വീടും വിഷമത്തിൽ കഴിയുകയായിരുന്നു. എന്നാൽ അപായമൊന്നും സംഭവിച്ചില്ലെന്ന ഖാലിദിന്റെ വോയിസ് വാട്‌സ് ആപ്പ് സന്ദേശം കുടുംബത്തിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

താൻ സുരക്ഷിതനാണെന്നും ചില സാമ്പത്തിക ഇടപാട് ക്ലിയർ ചെയ്യുന്നതിനായി സുഹൃത്തിനെ കാണാൻ പോയതാണെന്നും ജനുവരി പത്തിന് താൻ വീട്ടിലെത്തുമെന്നുമായിരുന്നു വാട്‌സ് ആപ്പ് ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്. മാതാവ്, പിതാവ്, ഭാര്യ, മൂന്ന് മക്കൾ എന്നിവരടങ്ങുന്നതാണ് ഖാലിദിന്റെ കുടുംബം. കുടുംബവുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു പൊലീസിൽ മൊഴിലഭിച്ചതായി നെടുമ്പാശേരി എസ്.ഐ എം.എസ് അശോകൻ പറഞ്ഞു. വോയ്‌സ് മെസേജ് വീട്ടുകാർക്ക് ലഭിച്ചെങ്കിലും എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല. മിസിംങ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് ഖാലിദിനെ വീട്ടിലെത്തിക്കാനുള്ള നീക്കം നടത്തുമെന്നാണ് അറിയുന്നത്.