ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കലിനുള്ള തുറന്ന പിന്തുണ വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. നിരപരാധിയായ തങ്ങളുടെ പിതാവിനേയാണ് ക്രൂശിച്ചിരിക്കുന്നത്. നിരവധി വർഷങ്ങളായി പഞ്ചാബിൽ തങ്ങൾ ജീവിക്കുന്നു. ഫ്രാങ്കോ മുളയ്ക്കൽ പിതാവ് നിരപരാധിയാണെന്ന് ഞങ്ങൾക്കറിയാം. പറയേണ്ട കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. വേണ്ട നടപടികൾ മുഖ്യമന്ത്രി എടുക്കുമെന്നും സിസ്റ്റർ അമല പറഞ്ഞു.

ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് പ്രതിനിധികൾ ആരോപിച്ചു. പൊലീസ് തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു. മൊത്തം കന്യാസ്ത്രീകളുടെയും വില കളയുന്ന രീതിയിൽ പൊലീസ് അസമയത്ത് പോലും മഠങ്ങളിൽ കയറിയിറങ്ങുന്നു, തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. ബിഷപ്പിന് അനുകൂലമായി മൊഴി കൊടുക്കുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുന്നു. കേസിൽ കുടുക്കുമെന്ന് പറയുന്നു. ബിഷപ്പിന് എതിരായി മൊഴി കൊടുത്താൽ മാത്രമേ കേസിൽ നിന്ന് ഊരാൻ കഴിയൂ എന്ന് പറയുന്നു. അതല്ലെങ്കിൽ കൂട്ടുപ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. 17 അംഗങ്ങളാണ് ഡൽഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

അതേസമയം, കേസിൽ അന്വേഷണസംഘം വീണ്ടും ജലന്ധറിൽ പോകും. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർശിപ്പിച്ച കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എം.ജെ കോൺഗ്രഗേഷൻ പിആർഒ സിസ്റ്റർ അമലയ്ക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ബിഷപ്പിനെ ന്യായീകരിച്ച് കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാർത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പീഡനം നടന്നതായി പറയുന്ന കാലയളവിൽ പരാതിക്കാരി ബിഷപ്പിനൊപ്പം വീടു വെഞ്ചരിപ്പിനെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഇവർ പീഡനം നിഷേധിക്കുന്നത്.

പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആൾക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളിൽ പങ്കെടുത്തതും ചിരിച്ചുല്ലസിച്ചിരുന്നതും. ഇതു ചിത്രങ്ങളിൽ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിതെന്നും കമ്മിഷൻ റിപ്പോർട്ട് ഉദ്ധരിച്ചു സന്യാസിനി സഭ വക്താവ് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രിഗേഷന്റെ നിർദ്ദേശം ലംഘിച്ചാണു പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിൽ തങ്ങുന്നതെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവർ ഗൂഢാലോചന നടത്തിയിരുന്നു. യുക്തിവാദികൾ അടക്കം പലരും മഠത്തിൽ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദർശന രജിസ്റ്ററിലും ക്രമക്കേടുകൾ നടത്തി.

ആദ്യം പീഡിപ്പിച്ചുവെന്നു പറയുന്ന 2014 മെയ്‌ അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽ നിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കൽ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിർദ്ദേശത്തോടെയാണ് എംജെ കോൺഗ്രിഗേഷൻ മാധ്യമങ്ങൾക്കു കൈമാറിയത്. എന്നാൽ, ഈ ചിത്രം പിന്നീട് വിവാദമായി മാറുകയും ചെയ്തു. ലൈംഗിക പീഡനകേസിൽ ഉൾപ്പെട്ട ഇരയുടെ സ്വകാര്യത കാത്തു സൂക്ഷിക്കണമെന്ന നിയമമാണ് മിഷണറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹം കാറ്റിൽ പറത്തിയത്.

കന്യാസ്ത്രീകളുടെ സമരത്തിനു പിന്നിൽ ബാഹ്യ ശക്തികളാണെന്നും മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചിരുന്നു.വിശ്വാസത്തിനെതിരെയുള്ള സമരമായാണ് സന്ന്യാസിനി സഭ വിശേഷിപ്പിച്ചത്. തെളിവെടുപ്പ് സമയത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കെതിരെ പറഞ്ഞ അതേ ആരോപണങ്ങളാണ് മിഷണറീസ് ഓഫ് ജീസസും ഉന്നയിച്ചത്. 2014 മെയ് അഞ്ച് മുതലുള്ള രണ്ടു വർഷക്കാലം ബിഷപ്പ് തന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീ നൽകിയ പരാതി. അങ്ങനെയെങ്കിൽ ആദ്യം പറയുന്ന തീയതിക്ക് പിന്നാലെ താനും കന്യാസ്ത്രീയും ഒരുമിച്ച് ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തിന് ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തു എന്നായിരുന്നു ബിഷപ്പിന്റെ വാദം. ഇതേ വാദം തന്നെയാണ് മിഷണറീസ് ഓഫ് ജീസസും ഉന്നയിച്ചത്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളിൽ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തിൽ പരാതി നൽകിയത്. ഇതെല്ലാം എല്ലാവരും മനസ്സിലാക്കണമെന്നും സന്ന്യാസി സഭ പറഞ്ഞിരുന്നു..