ബാലസോർ: ഡിആർഡിഒ വികസിപ്പിച്ച സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപിഡോ ഒഡീഷയിലെ വീലർ ദ്വീപിൽനിന്നു വിജയകരമായി വിക്ഷേപിക്കുമ്പോൾ കരുത്ത് കൂടുന്നത് നാവിക സേനയ്ക്ക്. ടോർപിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വേധ യുദ്ധശേഷി വർധിപ്പിക്കാൻ ഈ സംവിധാനം സഹായിക്കും. ഗ്രൗണ്ട് മൊബൈൽ ലോഞ്ചറിൽ നിന്നാണു മിസൈൽ വിക്ഷേപിക്കുന്നത്. ദൗത്യത്തിൽ പങ്കാളികളായവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

കടൽ യുദ്ധത്തിന് ചൈന തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ഈ വെല്ലുവളി കൂടി മനസ്സിലാക്കിയാണ് പരീക്ഷണം. ശബ്ദാതിവേഗ മിസൈലാണ് അസിസ്റ്റഡ് ടോർപിഡോ. പ്രതിരോധ ഗവേഷണ വിഭാഗമാണ് ഇന്നലെ ദീർഘദൂര മിസൈൽ അസിസ്റ്റഡ് ടോർപിഡോ വിജയകരമായി പരീക്ഷിച്ചത്. ഒഡീഷയിലെ ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽ വച്ചായിരുന്നു ടോർപിഡോ പരീക്ഷണാർത്ഥം വിക്ഷേപിച്ചത്. മുങ്ങിക്കപ്പലുകളെ വളരെ ദൂരത്തു വച്ചുതന്നെ ആക്രമിച്ചു തകർക്കാൻ ശക്തമാണ് ഈ ആയുധം. ടോർപിഡോകളുടെ പരിമിതികൾ മറികടക്കുന്ന വിധമാണ് ഇതിന്റെ പ്രവർത്തനശൈലി.

സാധാരണ ടോർപിഡോകളുടെ റേഞ്ചും വേഗതയും പരിമിതമാണ്. നൂറുകണക്കിന് കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെ കപ്പലുകളെയോ മുങ്ങിക്കപ്പലുകളെയോ ആക്രമിച്ചു തകർക്കാൻ അവയ്ക്കു സാധിക്കില്ല. എന്നാൽ, ഒരു ശബ്ദാതിവേഗ മിസൈലിന്റെ സഹായത്തോടു കൂടി വളരെ ദൂരെയുള്ള ശത്രുവിനെ സമീപിക്കുന്ന ഈ ടോർപിഡോ, അസാമാന്യ വേഗതയിൽ അവയെ ആക്രമിച്ച് തകർക്കും. മിസൈലിന്റെ ഉയരപരിധി, പരമാവധി ദൂരം, കൃത്യസമയത്തുള്ള ടോർപിഡോയുടെ വിക്ഷേപണം തുടങ്ങിയ പരീക്ഷണ ലക്ഷ്യങ്ങളെല്ലാംതന്നെ ഈ പരീക്ഷണത്തിലൂടെ നേടാൻ സാധിച്ചു.

തീരത്തുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തിയാണു പരീക്ഷണം പൂർത്തിയാക്കിയത്. അന്തർവാഹിനികളെ തകർക്കാൻ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ടോർപിഡോ, മിസൈലുകളുടെ സഹായത്തോടുകൂടിയാണു പ്രവർത്തിക്കുന്നത്. 'സ്മാർട്ട്' സംവിധാനം ഉപയോഗിച്ച് അന്തർവാഹിനികൾക്കെതിരായ യുദ്ധമുഖത്ത് ടോർപിഡോകളുടെ ദൂരപരിധിക്കും അപ്പുറത്തേക്ക് ഉന്നം വയ്ക്കാൻ സാധിക്കും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള വിവിധ പരീക്ഷണശാലകളാണു സ്മാർട്ടിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്.

ഇത് രണ്ടാം പരീക്ഷണമാണ്. 2020 ഒക്ടോബർ 5 ന് വീലർ ദ്വീപിൽ നിന്ന് ഒഡീഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് ആത്മനിർഭർ ഭാരത് സംരംഭത്തിന് സുപ്രധാന ഘട്ടമാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്തർവാഹിനി ആന്റിഫെയർ (എ.എസ്.ഡബ്ല്യു) മിസൈലാണിത്. ഇത് ആർ.സിഐ ഹൈദരാബാദ്, DRDL,വിശാഖപട്ടണം ,ADRDE ആഗ്ര ഉൾപ്പെടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ലാബുകൾ വികസിപ്പിച്ചതാണ്. മിസൈലിന് 650 കിലോമീറ്റർ ദൂരമുണ്ട്.

2018-2019 വർഷത്തെ പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് സ്മാർട് പദ്ധതിയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. അന്തർവാഹിനികൾക്കെതിരായ ആയുധ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ചുമതല ഡിആർഡിഒ ഏറ്റെടുത്തതായാണു റിപ്പോർട്ടിലുണ്ടായിരുന്നത്. ഭാരം കുറഞ്ഞ ടോർപിഡോകൾക്ക് സാധാരണ ടോർപിഡോകളുടെ ശേഷിയേക്കാളും കൂടുതൽ ദൂരത്തേക്കു സഞ്ചരിക്കാൻ സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോയിലും സ്മാർട് സംവിധാനം പരീക്ഷിച്ചു വിജയിച്ചിരുന്നു.

അന്തർവാഹിനികൾക്കെതിരെ പ്രയോഗിക്കാവുന്ന ടോർപിഡോകൾ അടങ്ങുന്ന റോക്കറ്റ് സംവിധാനമാണിത്. ഇത്തരത്തിലുള്ള റോക്കറ്റുകൾ ടോർപിഡോകൾ പുറപ്പെടുന്നതിനു മുൻപേ വെള്ളത്തിനു മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് ആക്രമണം നടത്തുക. പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് ടോർപിഡോകളെ അയയ്ക്കും. പാശ്ചാത്യ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകൾ അന്തർവാഹിനികൾക്കെതിരായ പ്രധാന ആയുധമായി ഉപയോഗിക്കുന്നതു ഭാരം കുറഞ്ഞ ടോർപിഡോകളാണ്.

ഭാരമേറിയ ടോർപിഡോകൾ ഉപയോഗിച്ചാൽ വളരെ കുറച്ചെണ്ണം മാത്രമാണു സംഭരിച്ചു വയ്ക്കാൻ സാധിക്കുക. ഭാരം കുറഞ്ഞ ടോർപിഡോകൾക്ക് ഉന്നം വയ്ക്കാനാകുന്ന റേഞ്ചും കുറവായിരിക്കും. ഉദാഹരണത്തിന് ഷിയെന എന്ന ടോർപിഡോയ്ക്ക് 20 കിലോമീറ്ററോളമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ മാത്രമാണ് എത്താനാകുക. ആണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികളും പരമ്പരാഗത അന്തർവാഹിനികളും ചൈന വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്മാർട് സംവിധാനവുമായെത്തുന്നത്. യുഎസ് നാവികസേയുടെ റിപ്പോർട്ടുകൾ അനുസരിച്ച് 2030ഓടെ 76 അന്തർവാഹിനികൾ വികസിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

ഇവയിൽ എട്ട് അണ്വായുധ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ, 13 അണ്വായുധ ശേഷിയുള്ള ആക്രമണ അന്തർവാഹിനികൾ, 55 ഡീസൽഇലക്ട്രിക് അന്തർവാഹിനികൾ എന്നിവ ഉൾപ്പെടുന്നു. ചൈനയുടെ നീക്കങ്ങൾ യുഎസിനു പുറമെ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്തർവാഹിനികൾ വിന്യസിക്കുന്നതിനായി പാക്കിസ്ഥാനെയും കംബോഡിയയെയും താവളമാക്കാനാണ് ചൈനയുടെ ശ്രമം.'സ്മാർട്' ഉപയോഗിച്ചുള്ള മറുപടി ചൈനീസ് നീക്കങ്ങൾക്കുള്ള ഇന്ത്യയുടെ ശക്തമായ പ്രതിരോധമാകും.