കോഴിക്കോട്: കോടികൾ ചിലവഴിച്ച് പണിത തിരുവനന്തപുരത്തെ എംഎ‍ൽഎ ഹോസ്റ്റലിൽ ഉന്നത തോക്കൾ താമസത്തിനെത്തുന്നത് അപൂർവ്വ കാഴ്ചയാണ്. നേതാക്കൾ എത്തില്ലെങ്കിലും ഫോൺ, വൈദ്യുതി ബില്ല് എന്നിവയ്ക്ക് ഹോസ്റ്റലിൽ ഒരു കുറവുമില്ല. നേതാക്കളില്ലെങ്കിലും ഹോസ്റ്റലിൽ നേതാവ് അറിഞ്ഞും അറിയാതെയും വൻ പട തന്നെ താമസമാക്കാറുണ്ടെന്ന് വാച്ച് ആൻഡ് വാർഡുകൾ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം നിയമസഭാ സാമാജികർക്കായി അഞ്ച് ബ്ലോക്കുകളാണ് ഉള്ളത്. ചന്ദ്രഗിരി, നെയ്യാർ, പമ്പ, നിള, പെരിയാർ എന്നീ മനോഹരമായ പേരുകളിലാണ് ഹോസ്റ്റലുകൾ അറിയപ്പെടുന്നത്. ചന്ദ്രഗിരിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂർ രാധാക്യഷ്ണൻ, എം.കെ.മുനീർ, നെയ്യാർ ബ്ലോക്കിൽ മുന്മന്ത്രിമാരായ വി.കെ.ഇബ്രാഹീംകുഞ്ഞ്, കെ.മുരളീധരൻ, സി ദിവാകരൻ, എ.പി.അനിൽകുമാർ, പി.സി.ജോർജ്ജ്, പമ്പയിൽ നടൻകൂടിയായ മുകേഷ്, പെരിയാറിൽ കെ.യു.അരുണൻ, പി.കെ.ശശി തുടങ്ങിയവർക്ക് മുറികൾ അനുവദിച്ചിട്ടുള്ളത്. എംഎ‍ൽഎക്കും അവരുടെ പി.എ.ക്കും രണ്ട് മുറി, സന്ദർശക ഹാൾ, രണ്ട് ബാത്ത് റൂം, കിച്ചൻ എന്നിവയോട് കൂടിയുള്ള വിപുലമായ സൗകര്യങ്ങളാണുള്ളത്.ഫോണും,ടി.വി.യും വൈഫൈ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നിയമസഭാ സാമാജികർക്ക് താമസിക്കാനും ഓഫീസ് ആവിശ്യത്തിനുമാണ് കോടികൾ ചിലവഴിച്ച് ഹോസ്റ്റൽ പണിതത്. എന്നാൽ നിയമസഭയിലെ തലമുതിർന്ന നേതാക്കൾ വർഷത്തിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഹോസ്റ്റലിൽ എത്താറുള്ളുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തീരെ ഹോസ്റ്റിൽ താമസിക്കാത്ത എംഎ‍ൽഎ.മാർ പോലും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭൂരിപക്ഷം മുന്മന്ത്രിമാർക്കും തിരുവനന്തരപുരത്ത് കോടികൾ വില വരുന്ന ഫ്‌ളാറ്റുകളുണ്ട്. അതിനാലാണ് അവർ ഹോസ്റ്റലിൽ എത്താൻ മടിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നത് ചമ്മലായി കരുതുന്ന എംഎ‍ൽഎ.മാർ വരെയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭരണത്തിന്റെ ഇടക്ക് വെച്ച് മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ച് ഇറങ്ങി പോകുന്നവർ പലപ്പോഴും എംഎ‍ൽഎ.ഹോസ്റ്റലിൽ താമസിക്കാൻ വിമുഖത കാണിക്കുന്നതായി എംഎ‍ൽഎ.മാർ തന്നെ പറയുന്നു. മലബാർ ഭാഗത്ത് നിന്നുള്ളവരാണ് ഹോസ്റ്റലിൽ താമസിക്കാൻ അൽപ്പമെങ്കിലും താൽപര്യം കാണിക്കുന്നത്.

എംഎ‍ൽഎ.മാരും എംഎ‍ൽഎ.മാരുടെ പി.എ.മാരും ഹോസ്റ്റലിൽ എത്താറില്ലെങ്കിലും എല്ലാ ബ്ലോക്കുകളും അവധി ദിനങ്ങളിൽ പോലും എന്നും സജീവമായി നലനിൽക്കുന്നതായി ഉദ്യോസ്ഥർ വിശദീകരിക്കുന്നു. ചില ദിവസങ്ങളിൽ ആഹ്ലാദകരമായ കാഴ്ചകൾക്കും ഉദ്യോഗസ്ഥർ സാക്ഷിയാകാറുണ്ട്. മാസങ്ങൾക്ക് മുമ്പ് പെരിയാർ ബ്ലോക്കിൽ നേതാവിന്റെ അനുയായി പെൺകുട്ടിയെ പീഡിപ്പിച്ച കഥ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. നേതാവിനെതിരെ കേസെടുത്ത പൊലീസ് ഇത്തരം സംഭവങ്ങൾ ആദ്യത്തെ സംഭവമല്ലെന്ന സൂചന നൽകിയിരുന്നു.

നിയമസഭാ സാമാജികരുടെ മുറികളിൽ പുറത്ത് നിന്നുള്ള അനവധി നിരവധി പേർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായുള്ള പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതേ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഹോസ്റ്റലിൽ പ്രവേശനത്തിനും താമസത്തിനുമുള്ള അവസരം സ്പീക്കർ നൽകിയിരുന്നുള്ളു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അത് ക്രമേണ പിൻവലിക്കുകയായിരുന്നു. പ്രളയക്കെടുതിയിൽ കേരളം ചെലവ് ചുരുക്കലിലേക്ക് നീങ്ങുമ്പോൾ എംഎൽഎ ഹോസ്റ്റലിലെ പാഴ്ചെലവെങ്കിലും കുറക്കാൻ സർക്കാർ ശ്രമിക്കുമോ എന്നാണ് ചോദ്യം.