തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സാധ്യതയുള്ളതു കൊണ്ടാണ് എംഎൽഎ പിടി തോമസിനെ ഒഴിവാക്കിയതെന്ന ആരോപണം ശക്തം. നടിയുടെ ആക്രമണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും പ്രതിക്കൂട്ടിൽ നിർത്തി. ഈ സാഹചര്യത്തിലാണ് പിടി തോമസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്താൻ മടിക്കുന്നത്. മുഖ്യമന്ത്രിയേയും ഡിജിപിയേയും പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴി കേസ് ഡയറിയിലെത്തിയാൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും. അന്ന് കോടതിയിൽ കേസ് ഡയറി ഹാജരാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മൊഴി കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇതു കൊണ്ടാണ് പിടി തോമസിന്റെ മൊഴി ഇന്നലെ എടുക്കാത്തതെന്നാണ് സൂചന.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടലായിരുന്നു ഇന്നലെ തോമസിന്റെ മൊഴിയെടുക്കലിന് തടസ്സമായത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എംഎ‍ൽഎമാരുടെ മൊഴിയെടുത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് അതൃപ്തി അറിയിക്കുകയായിരുന്നു. മുൻകൂർ അനുമതി വാങ്ങുക തുടങ്ങിയ നടപടക്രമങ്ങൾ പാലിക്കാതെ മൊഴിയെടുത്തതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് ഡി.ജി.പിയെ സ്പീക്കർ അതൃപ്തി അറിയിച്ചേക്കും. ചീഫ് മാർഷലോട് ഇതു സംബന്ധിച്ച റിപ്പോർട്ട് സ്പീക്കറുടെ ഓഫീസ് തേടുകയും ചെയ്തു. അൻവർ സാദത്ത്, മുകേഷ്, പി.ടി തോമസ് എന്നിവരുടെ മൊഴിയെടുക്കാനാണ് പൊലീസ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. അൻവറിനെയും മുകേഷിനെയും എംഎ‍ൽഎ ഹോസ്റ്റലിൽ എത്തിയാണ് മൊഴിയെടുത്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്പീക്കറുടെ ഓഫീസ് വിവരം തിരക്കിയപ്പോൾ പൊലീസ് മുകേഷിന്റെ മൊഴിയെടുക്കുകയായിരുന്നു. ഇതോടെ പി.ടി തോമസിന്റെ മൊഴിയെടുക്കുന്നത് മാറ്റിവയ്ക്കാനും ഓഫീസ് നിർദ്ദേശിച്ചു. ഇതോടെ പിടി തോമസിന്റെ മൊഴി എടുക്കുന്നത് വേണ്ടെന്ന് വച്ചു.

ക്രിമിനൽ നടപടി ചട്ടപ്രകാരം എംഎ‍ൽഎ ഹോസ്റ്റലിലും പരിസരത്തുമെത്തി എംഎ‍ൽഎമാരുടെ മൊഴിയെടുക്കാൻ സ്പീക്കറുടെ മൂൻകൂർ അനുമതി തേടണം. എന്നാൽ ഹോസ്റ്റലിന് പുറത്ത് മൊഴിയെടുക്കാൻ യാതൊരു തടസ്സവുമില്ല. ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന പിടി തോമസ് എവിടെ ചെന്നും മൊഴി കൊടുക്കാൻ തയ്യാറുമായിരുന്നു. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാൽ 21ന് എംഎൽഎ ഹോസ്റ്റലിൽ എത്തി മൊഴിയെടുക്കാമെന്ന് പറഞ്ഞ് പൊലീസ് സംഘം തലസ്ഥാനം വിട്ടു. ഈ വാശിപിടിക്കലിന്റെ ആവശ്യം ഇല്ലായിരുന്നു. വീക്ഷണം പത്രം ഓഫീസിൽ ഇന്നലെ മുഴുവൻ പിടി തോമസ് ഉണ്ടായിരുന്നു. ഡിജിപിയുടെ ഓഫീസിൽ ചെന്നു പോലും മൊഴി നൽകാനും തയ്യാറായിരുന്നു. എന്നാൽ ഉന്നത നിർദ്ദേശത്തിന്റെ ഫലമായി പിടി തോമസിനെ ഒഴിവാക്കുകയായിരുന്നു.

എംഎൽഎ ഹോസ്റ്റലിന്റെ സുരക്ഷ വാച്ച് ആൻഡ് വാർഡിനാണ്. എന്നാൽ ഇതിൽ ഡെപ്യൂട്ടേഷനിലെത്തുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അൻവർ സാദത്തിന്റെ മൊഴിയെടുത്തപ്പോൾ തന്നെ ഇക്കാര്യം വാച്ച് ആൻഡ് വാർഡിന് അറിയാമായിരുന്നു. എന്നാൽ അപ്പോഴത് സ്പീക്കറെ അറിയിച്ചില്ല. മുകേഷിന്റെ മൊഴിയെടുക്കൽ തുടങ്ങിയ ശേഷം സ്പീക്കറെ അറിയിക്കുകയും ചെയ്തു. ഇതോടെ സ്പീക്കറുടെ ഓഫീസ് ഇടപെട്ടു. ഇനി ചോദ്യം ചെയ്യൽ വേണ്ടെന്ന് നിർദ്ദേശിച്ചു. ഫലത്തിൽ തന്ത്രപരമായി പിടി തോമസിന്റെ മൊഴിയെടുക്കൽ ഒഴിവായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. മൊഴിയെടുക്കുമ്പോൾ മുകേഷ് ആരോപണമെല്ലാം നിഷേധിക്കുകയും ചെയ്തു. ദിലീപിന്റെ സുഹൃത്തായ എംഎൽഎ അൻവർ സാദത്തിൽ നിന്നും കേസിനെ പ്രതികൂലമായി ബാധിക്കുന്ന മൊഴി കിട്ടയതുമില്ല. അങ്ങനെ തന്ത്രപമായി പൊലീസ് നീങ്ങി.

തിങ്കളാഴ്ച എംഎ‍ൽഎ. ഹോസ്റ്റലിൽ ഇവരുടെ മുറികളിൽവച്ചാണ് അന്വേഷണസംഘം മൊഴിയെടുത്തത്. കേസിലെ ഒന്നാംപ്രതി പൾസർ സുനി ഒരു വർഷം മുകേഷിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്. സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണസംഘം ചോദിച്ചതെന്ന് മുകേഷ് പറഞ്ഞു. സുനിയെ അടുത്തറിയാമെന്നും സുനിക്ക് തന്റെ വീട്ടുകാരെ പരിചയമുണ്ടെന്നും മുകേഷ് മൊഴിനൽകി. നടിയെ ആക്രമിച്ച ദിവസവും പിറ്റേന്നും മുകേഷും ദിലീപും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പ്രധാനമായും മുകേഷിനോടു ചോദിച്ചതെന്ന് സൂചനയുണ്ട്. മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടുവെന്ന് മുകേഷ് പറഞ്ഞു. എറണാകുളത്തുള്ള ഏജൻസി വഴിയാണ് സുനിയെ ദിവസക്കൂലിക്ക് ഡ്രൈവറായി നിയമിച്ചതെന്ന് മുകേഷ് അറിയിച്ചു. പിന്നീടാണ് മാസശമ്പളത്തിനു നിയമിച്ചത്. അയാളുടെ ക്രിമിനൽ സ്വഭാവത്തെക്കുറിച്ച് അറിയുമായിരുന്നില്ല. അതിവേഗത്തിൽ വണ്ടിയോടിക്കുന്നതിനാലാണ് ഒഴിവാക്കിയത്. 2013 സെപ്റ്റംബറിനുശേഷം സുനിയെ കണ്ടിട്ടില്ല, വിളിച്ചിട്ടുമില്ല -മുകേഷ് മൊഴിനൽകി.

മൊഴിയെടുക്കാൻ രണ്ടുദിവസത്തിനകം സൗകര്യമുണ്ടാകുമോ എന്നാണ് അന്വേഷണോദ്യോഗസ്ഥർ ചോദിച്ചതെന്നും തിങ്കളാഴ്ച തന്നെയാകാമെന്ന് താനാണ് അവരോടു പറഞ്ഞതെന്നും മുകേഷ് വെളിപ്പെടുത്തി. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് അൻവർ സാദത്ത് പറഞ്ഞു. ദിലീപ് സുഹൃത്താണെന്നും സുനിയുമായി ബന്ധമില്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. നടിയെ ആക്രമിച്ച ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ എന്നതും പൊലീസ് ചോദിച്ചു. ചോദ്യാവലിയുമായാണ് സിഐയും എസ്.ഐ.യുമടങ്ങുന്ന സംഘം എംഎ‍ൽഎ.മാരുടെ മൊഴി രേഖപ്പെടുത്താനെത്തിയത്.

ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചാണ് അൻവർസാദത്തിനോടു പൊലീസ് ചോദിച്ചറിഞ്ഞത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എംഎൽഎയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ചും ചോദിച്ചു. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിൽ ദിലീപിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ, പൾസർ സുനിയുമായി പരിചയമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ ദിലീപും അൻവർസാദത്ത് എംഎൽഎയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. വടക്കൻ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്താൻ എത്തിയത്. മുൻകൂട്ടി ചോദ്യങ്ങൾ തയാറാക്കിയായിരുന്നു മൊഴിയെടുക്കൽ. തൃക്കാക്കര എംഎ‍ൽഎ. പി.ടി. തോമസിന്റെ മൊഴി തിരുവനന്തപുരത്തുവെച്ച് ഈ മാസം 21-ന് രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരിൽ ഒരാളായിരുന്നു പി.ടി. തോമസ്. സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് പിടി തോമസ്. പൊലീസ് മേധാവികളെ വിവരം അറിയിച്ചത് പിടി തോമസ് ആയിരുന്നു. തന്നെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് തന്നെ ആരോപിച്ചിരുന്നു.

ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നു. സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നതെന്നും പിടി വിശദീകരിച്ചിരുന്നു.