ഹൈദരാബാദ്: വിവാഹസീസൺ ആയതോടെ ഇതിന്റെ പേരുപറഞ്ഞ് എംഎൽഎമാർ കൂട്ട അവധിക്ക് അപേക്ഷ നൽകിയതോടെ ആന്ധ്രയിലെ നിയമസഭാ സമ്മേളനം നിർത്തിവയ്‌ക്കേണ്ടി വന്നു.

വിവാഹങ്ങളിൽ പങ്കെടുക്കാൻ 100 എംഎൽഎമാർക്ക് രണ്ടു ദിവസം അവധി നൽകേണ്ടി വന്നതോടെയാണ് നിയമസഭാ സമ്മേളനം നിർത്തിവച്ചത്. അവധി വേണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ സ്പീക്കർക്കു കത്തു നൽകുകയായിരുന്നു. ആന്ധ്രയിൽ വിവാഹ സീസൺ ആയതിന്റെ പേരിലാണ് അവധിക്ക് എംഎൽഎ മാർ കൂട്ടത്തോടെ അപേക്ഷ നൽകിയത്.

ആന്ധ്രയിൽ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ കാലമാണിതെന്നും ഒന്നര ലക്ഷത്തോളം വിവാഹങ്ങൾ ഈ സമയത്തു നടക്കുമെന്നാണു കണക്കാക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഭരണപക്ഷത്തുനിന്നുള്ള 100 എംഎൽഎമാരാണ് അവധിയാവശ്യപ്പെട്ട് സ്പീക്കർ കൊഡേല ശിവപ്രസാദിനു കത്തു നൽകിയത്. രണ്ടു ദിവസം അവധി അനുവദിക്കണമെന്നും പകരമായി സമ്മേളന കാലാവധി നീട്ടാമെന്നും അവർ കത്തിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് രണ്ടു ദിവസം കൂടി കാലാവധി നീട്ടി അവധി നൽകാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഈമാസം ആദ്യം ആരംഭിച്ച സഭാസമ്മേളനം മാസാവസാനം വരെയുണ്ടാകും.

ആകെ 176 എംഎൽഎമാരാണ് സഭയിലുള്ളത്. 67 പേർ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിൽ നിന്നുള്ളവരാണ്. സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ഇവർ ബഹിഷ്‌കരണ സമരത്തിലാണ്. ഇതിന് പുറമെ ഭരണപക്ഷക്കാർ കൂടി അവധിക്ക് അപേക്ഷിച്ചതോടെ സമ്മേളനത്തിന് ആരുമില്ലാത്ത സ്ഥിതിയുണ്ടാവും. ഇത് ഒഴിവാക്കാനായാണ് സമ്മേളനം നീട്ടിയും അവധി നൽകിയും സ്പീക്കർ നടപടിയെടുത്തത്.