തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കും നടപടികൾക്കുമൊടുവിൽ പാളയം എംഎം സിഎസ്‌ഐ പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ച് ബിഷപ്.പൂട്ടിക്കിടന്നിരുന്ന പള്ളിയുടെ ഗേറ്റ് സിനിമാറ്റിക്ക് സ്റ്റൈലിൽ തകർത്താണ് ബിഷപും അനുൂലികളും പള്ളിമുറ്റത്തേക്ക് കടന്നത്. കത്തീഡ്രൽ ആകുന്നതോടെ പള്ളിയുടെ ഭരണം ബിഷപിന്റെ നിയന്ത്രണത്തിലായി. സാമ്പത്തിക ഭരണം അടക്കം ബിഷപിന്റെ നിയന്ത്രണത്തിലാകും. ഇതിനെയാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിർക്കുന്നത്.

പ്രഖ്യാപനത്തോടെ എൽഎംഎസ് പള്ളി എന്നറിയപ്പെട്ടിരുന്ന പാളയത്തെ പ്രമുഖ സി.എസ്‌ഐ പള്ളി ഇനി മുതൽ എംഎം സിഎസ്ഐ കത്തീഡ്രൽ എന്നറിയപ്പെടും.കത്തീഡ്രൽ ആയി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് ധർമ്മരാജ് റസാലം നിർവഹിച്ചു.

പള്ളി കൈയടിക്കി വച്ചിരുന്നവരിൽ നിന്ന് പള്ളിയെ മോചിപ്പിച്ചുവെന്നാണ് പ്രഖ്യാപനം നടത്തി ബിഷപ് പ്രതികരിച്ചത്.പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞു.പാവപ്പെട്ട വിശ്വാസികൾക്ക് ഇനി മുതൽ സൗജന്യമായി വിവാഹം അടക്കമുള്ള കൂദാശകൾ നിർവഹിക്കാമെന്ന് ബിഷപ് വ്യക്തമാക്കി. പള്ളി ഒരു വിഭാഗം കൈയടക്കി വച്ചിരിക്കുകയായിരുന്നുവെന്ന് ബിഷപ് പറഞ്ഞു.

നിലവിലെ കമ്മറ്റിയെ പിരിച്ചുവിട്ട് പുതിയ 20 അംഗ കമ്മിറ്റിയെ നിയമിച്ചു.നിലവിലെ നാലു വൈദികരെ സ്ഥലം മാറ്റി.കത്തീഡ്രൽ പ്രഖ്യപനത്തെ എതിർത്ത വൈദീകർക്കെതിരെയാണ് നടപടി.പുതിയ അഞ്ച് വൈദികരെയും നിയോഗിച്ചു.പള്ളി കോമ്പൗണ്ടിനുള്ളിലെ എംഎം ചർച്ച് എന്ന ബോർഡ് മാറ്റി എംഎം കത്തീഡ്രൽ എന്ന് ബോർഡ് സ്ഥാപിച്ചു.ബിഷപ്പിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പള്ളി കത്തീഡ്രൽ ആയി ഉയർത്തുന്നതിൽ ഒരു വിഭാഗം വിശ്വാസികൾ എതിർപ്പുമായി രംഗത്തെത്തി. പാളയത്ത് പള്ളിക്കു മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. പള്ളിയായി തന്നെ തുടരണമെന്നാണ് ഇവരുടെ ആവശ്യം.ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം വിശ്വാസികൾ.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്.നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിശ്വാസികൾ വെളിപ്പെടുത്തി.