തിരുവനന്തപുരം: കൽക്കരി ക്ഷാമം മൂലം രാജ്യത്താകെ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും മുൻ വൈദ്യുതി മന്ത്രി എം.എം.മണി കെഎസ്ഇബി തലപ്പത്തുള്ളവരെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെയാണ് മണിയാശാൻ വിമർശിച്ചത്. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏർപ്പെടുത്തുന്നതെന്ന് വിമർശിച്ച എം എം മണി കെഎസ്ഇബി നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു. ഒരു മണിക്കൂർ കൊണ്ട് പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ അനുഭവ പാടവം വേണം. തൊഴിലാളികൾക്ക് നേരെ തൻ പ്രാമാണിത്വം കാട്ടിയാൽ ഇപ്പോൾ ആരും അംഗീകരിക്കില്ല. താൻ മന്ത്രി ആയിരുന്നപ്പോൾ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.

പിന്നീട് വശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് പ്രസ്താവന തിരുത്തിയ എം എം മണി, കെഎസ്ഇബിയിലെ പ്രശ്‌നത്തെ കുറിച്ചുള്ള പ്രസ്താവനയും മയപ്പെടുത്തി. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ മാനേജ്‌മെന്റിനാവണം. താൻ മന്ത്രിയായിരിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയി. ജീവനക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ മാനേജ്‌മെന്റ് തയ്യാറാവണമെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു. എം എം മണിയുടെ പ്രസ്താവന വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോകിനോടുള്ള അനിഷ്ട്പ്രകടനമാണെന്നും സൂചനയുണ്ട്. മണിയാശാൻ നിലവിലെ പ്രതിസന്ധി മുതലെടുക്കുന്നതായും ആരോപണം ഉണ്ട്. ഏതായാലും, മുൻ മന്ത്രിയുടെ പ്രസ്താവന യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.

മറ്റുസംസ്ഥാനങ്ങളുടെ പ്രതിസന്ധി കേരളത്തിനില്ല

കേരളത്തിനു പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം ഇറക്കുമതി ചെയ്ത കൽക്കരിയെ ആണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ആഴ്ചകളിലും പുറത്തു നിന്നു ലഭിക്കുന്ന വൈദ്യുതിക്കു ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പീക്ലോഡ് സമയത്ത് 78 മെഗാവാട്ട് മാത്രമാണ് ഈ 3 നിലയങ്ങളിൽ നിന്നു ലഭിക്കുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുടെ അത്ര പ്രതിസന്ധി കേരളത്തിന് ഉണ്ടാകില്ല. ഈ വർഷം ഒക്ടോബർ വരെ കൽക്കരി ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നാണ് എൻടിപിസി നൽകുന്ന സൂചന.

തൊട്ടിയാർ, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾ വേഗത്തിൽ കമ്മിഷൻ ചെയ്യാൻ നടപടിയാകും. തൊട്ടിയാർ പദ്ധതിയിലെ 40 മെഗാവാട്ടിന്റെ ആദ്യ ജനറേറ്റർ 3 മാസത്തിനകം പ്രവർത്തന ക്ഷമമാകും. 30 മെഗാവാട്ടിന്റെ ജനറേറ്റർ അടുത്ത മാർച്ചിൽ കമ്മീഷൻ ചെയ്യും. ആകെ 70 മെഗാവാട്ട് വൈദ്യുതിയാണ് അവിടെ ഉൽപാദിപ്പിക്കുക. പെരിങ്ങൽക്കുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തിലാക്കും. അവിടെ സ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിച്ചു.

ഇതിനിടെ, കോഴിക്കോട് നല്ലളം ഡീസൽ നിലയത്തിൽ ഉൽപാദനം പുനരാരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വൈകിട്ടോടെയാണ് പ്ലാന്റിലെ 2 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. 16 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് നിലയത്തിലുള്ളത്.

കായംകുളം നിലയത്തിൽ ഉൽപാദനം ആരംഭിക്കാൻ 45 ദിവസം എങ്കിലും എടുക്കും. പുറത്തു നിന്നു വൈദ്യുതി വാങ്ങി ഉപയോഗിച്ചിരുന്ന വൻകിട ഉപയോക്താക്കൾ ബോർഡിന്റെ വൈദ്യുതിയിലേക്ക് മടങ്ങി എത്തിയതു മൂലമാണ് സംസ്ഥാനത്ത് ഉപയോഗം റെക്കോർഡ് ഭേദിച്ച് 9.29 കോടി യൂണിറ്റിൽ എത്തിയത്. കൽക്കരി ക്ഷാമം മൂലം ഇവർക്ക് പുറത്തു നിന്നു വൈദ്യുതി കിട്ടുന്നില്ല. വൻകിട ഉപയോക്താക്കൾ വീണ്ടും വൈദ്യുതി എടുത്തു തുടങ്ങിയതു മൂലം പീക് ലോഡ് സമയത്തെ ഉപയോഗത്തിൽ 125 മെഗാവാട്ടിന്റെ വർധനയാണ് ഉണ്ടായത്. ഈ വിഭാഗം മാത്രം 24.4 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക് അറിയിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, പീക്ക് അവറിൽ ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്നും എസ്ഇബി ചെയർമാൻ അഭ്യർത്ഥിച്ചു. നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01052022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല: എഡിറ്റർ)