പത്തനംതിട്ട: ഇന്റർനെറ്റിലൂടെ മൊബൈൽ ഫോൺ വില കുറച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന അന്തർസംസ്ഥാന സംഘത്തിലെ മലയാളിയെ പരാതിയെ തുടർന്ന് പൊലിസ് പിന്തുടർന്ന് കഷ്ടപ്പെട്ട് പിടികൂടി. നഷ്ടപ്പെട്ട പണത്തിന്റെ ഇരട്ടി പരാതിക്കാരന് പ്രതിയുടെ ആൾക്കാർ നൽകിയതോടെ റിമാൻഡ് ചെയ്യാൻ കൊണ്ടുപോയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.

ഇതോടെ ചുരുട്ടിക്കെട്ടുന്നത് രാജ്യം കണ്ട വമ്പൻ ഇന്റർനെറ്റ് തട്ടിപ്പിനെക്കുറിച്ചുള്ള കേസാണ്. മല്ലപ്പള്ളി കീഴ്‌വായ്‌പ്പൂർ പ്രമാടം തോട്ടത്തിൽ വീട്ടിൽ ഈപ്പൻ തോമസിന്റെ മകൻ പ്രീജു(36) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. 25,000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ 3000 രൂപയ്ക്ക് ലഭിക്കുന്ന സമ്മാനപദ്ധതിയിൽ വിജയിയായി എന്ന് ധരിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ അംഗമാണ് പ്രീജു. മെഴുവേലി അയത്തിൽ തെങ്ങുംപ്ലാവിൽ അശോക് ബാബുവിന്റെ പരാതിയിലാണ് പൊലീസ് പ്രീജുവിനെ ഡൽഹിയിൽനിന്നും അറസ്റ്റു ചെയ്തത്.

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: സാംസങ്ങ് ഇന്ത്യ കണക്ഷൻ നെറ്റ്‌വർക്കിൽനിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തുകയും കമ്പനിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടത്തുന്ന മൊബൈൽ ഫോൺ ഭാഗ്യസമ്മാനപദ്ധതിയിൽ താങ്കളുടെ ഫോൺ നമ്പർ സമ്മാനാർഹമായെന്നും ധരിപ്പിക്കുന്നു. 25000 രൂപ വിലയുള്ള സാംസങ്ങ് മൊബൈൽ വി.പി.പി ആയി ലഭിക്കുമെന്നും 3000 രൂപ നൽകി വാങ്ങണമെന്നും വിശ്വസിപ്പിക്കുന്നു.

ജൂൺ 11ന് അശോക് കുമാറിന് ഇലവുംതിട്ട പോസ്റ്റ് ഓഫീസിൽ ലഭിച്ച പാഴ്‌സൽ 3000 രൂപ കൊടുത്ത് വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഫോണിലുണ്ടായിരുന്നത് ആൾരൂപവും കളിപ്പാട്ടവും ആയിരുന്നെന്ന് അറിയുന്നത്. തുടർന്ന് അശോക്കുമാർ ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പന്തളം സിഐആർ.സുരേഷിന്റെയും ഷാഡോ പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രീജു പിടിയിലായത്. ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന വൻ തട്ടിപ്പുസംഘത്തിലെ കണ്ണിയാണ് പ്രിജുവെന്ന് പൊലീസ് പറഞ്ഞു.

ഡൽഹി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തട്ടിപ്പിനു നേതൃത്വം നൽകുന്നത്. എല്ലാ സംസ്ഥാനത്തുനിന്നുമുള്ളവർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ഫോണിൽ തട്ടിപ്പുസംഘം വിളിക്കുന്നത്.
3000 രൂപ മുതൽ 5000 രൂപ വരെയുള്ള ചെറിയ തുകയായതിനാൽ കബളിപ്പിക്കപ്പെടുന്നവർ വിവരം പുറത്തു പറയാനോ കേസ് കൊടുക്കാനോ തയാറാകാത്തതിനാൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നതായും പൊലീസ് സംശയിക്കുന്നു.

പ്രീജുവിനെ അടൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വാദിയുമായി ഒത്തുകളിച്ച് ജാമ്യം നേടിയത്. ഇതു വളരെ നിർഭാഗ്യകരമാണെന്നാണ് പൊലീസ് പറയുന്നത്. നിരവധി പേർ ഇവർക്കെതിരേ പരാതിയുമായി എത്താനിരിക്കേയാണ് നിലവിലുള്ള പരാതിക്കാരൻ കളം മാറ്റിച്ചവിട്ടിയത്.