- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ പൊലീസിന് ഒഴിവാക്കാനാകാത്ത ആയുധം! പൊലീസുകാർ ഡ്യൂട്ടിക്കിടെ ഫോൺ വിളിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിൽ പുതു ചർച്ചയുമായി പൊലീസ് സംഘടനാ നേതാവ് സി ആർ ബിജു; ഈ വിശദീകരണം കോടതി അലക്ഷ്യമോ? ആ ഹൈക്കോടതി വിധിയും നടപ്പാക്കാൻ ഇടയില്ല
കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടയിൽ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാനും, അങ്ങനെ ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കാനുമുള്ള ഹൈക്കോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് പൊലീസ് സംഘടന രംഗത്ത്. ഹൈക്കോടതി ഇങ്ങനെയാരു ഉത്തരവിട്ടിട്ടില്ലെന്നും മൊബൈൽ ഫോൺ സംസ്ഥാന പൊലീസിനെ സംബന്ധിച്ച് ഒരു ഒഴിവാക്കാനാകാത്ത ആയുധം ആണെന്നുമാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പറയുന്നത്. അതിനാലാണ് സർക്കാർ കേരളത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥന്മാർക്കും മൊബൈൽ ഫോൺ കണക്ഷൻ ഔദ്യോഗികമായി നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ പരോക്ഷമായി വിമർശിക്കുകയാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ. എന്നാൽ അങ്ങനെ അല്ല എന്ന് വരുത്താൻ ശ്രമിക്കുന്നുമുണ്ട്. ഏതായാലും ഹൈക്കോടതി ഉത്തരവ് നടപ്പാകില്ലെന്ന സൂചനയാണ് രാഷ്ട്രീയ സ്വാധീനം ഏറെയുള്ള ബിജുവിന്റെ നിലപാട് വിശദീകരണം നൽകുന്ന സൂചന.
പൊലീസിനെതിരെ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഉണ്ടാകുമ്പോൾ, അത് പൊലീസ് അതിക്രമങ്ങളായി പലപ്പോഴും ചിത്രീകരിക്കുമ്പോൾ അതിന്റെ വസ്തുത പുറം ലോകം അറിയാൻ സ്വന്തം മൊബൈൽ ഫോണുകളിലെ ക്യാമറകൾ ഒരോ പൊലീസ് ഉദ്യോഗസ്ഥനും സഹായകരമാകുന്നുണ്ട്. അതുപോലെ തന്നെ ഉണ്ടാകുന്ന ഓരോ സംഭവങ്ങളും നിരത്തിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥന്മാർക്കും കൈമാറാനും, അതിലൂടെ ഔദ്യോഗിക കൃത്യം കൂടുതൽ മികവോടെ നിറവേറ്റാനും മൊബൈൽ ഫോണും, ആധുനിക സാങ്കേതിക വിദ്യയും ഗുണകരമായി ഉപയോഗപ്പെടുത്തുന്ന പൊലീസാണ് കേരള പൊലീസ്. ട്രാഫിക് ഡൂട്ടിക്കിടയിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളും, ട്രാഫിക് നിയമ ലംഘനങ്ങളും മൊബൈൽ ഫോണിൽ പകർത്തി, സ്റ്റേഷനിൽ എത്തിച്ച് നടപടികളും നമ്മുടെ പൊലീസ് സ്വീകരിച്ചു വരുന്നു. ജനങ്ങളെ തടഞ്ഞ് നിർത്തി പരിശോധന എന്ന അക്ഷേപം ഉൾപ്പെടെ ഒഴിവാക്കാൻ, ട്രാഫിക് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം കുറ്റകൃത്യങ്ങൾ മൊബൈൽ ഫോണിൽ ഫോട്ടോയായും, വീഡിയോയായും ചിത്രീകരിച്ച് നടപടി സ്വീകരിച്ചു വരുന്നു.
ഇങ്ങനെ മൊബൈൽ ഫോണിന്റെ അനന്ത സാധ്യതകളെ പൊതുസമൂഹത്തിനായും, നിയമ പരിപാലനത്തിനുമായി കേരള പൊലീസ് ഉപയോഗിച്ചുവരുന്നു. ഇത് അടിയന്തിരമാണ് എന്ന് മാത്രമല്ല, ഔദ്യോഗികവുമാണ്. എന്നാൽ അനാവശ്യമായി സ്വന്തം കടമ മറന്ന്, ജോലിക്കിടയിൽ മൊബൈൽ ഫോണിനെ അലസതയ്ക്കുള്ള ഉപകരണമായി ആരും ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ആരെങ്കിലും ഔദ്യോഗികമോ, അടിയന്തിരമോ ആയ ആവശ്യത്തിനല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് സദുദ്ദേശപരമായാണ് ഹൈക്കോടതി പറഞ്ഞതെന്ന് അസോസിയേഷൻ നേതാവ് വിശകലനം ചെയ്യുന്നു. കോടതി പറഞ്ഞതിനെ തെറ്റായ തരത്തിലാണ് ചില മാധ്യമങ്ങളും, ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
മഹാ നഗരങ്ങളെ സംബന്ധിച്ച് പൊലീസിന്റെ മുഖം എന്നാൽ ട്രാഫിക് പൊലീസാണ്. ട്രാഫിക് പൊലീസിന്റെ പ്രവർത്തനമികവും പെരുമാറ്റ ഗുണവുമാണ് സമൂഹ മനസിലെ പൊലീസിന്റെ സ്ഥാനം നിശ്ചയിക്കുന്നത്. ഈ ചിന്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥന്മാർക്കും ഉണ്ടാകേണ്ടതാണ്. കേരള ഹൈക്കോടതിയുടെ 2022 ഓഗസ്റ്റ് രണ്ടാം തീയതിയിലെ റിട്ട് പെറ്റീഷൻ നമ്പർ 13238 കേസുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും അസോസിയേഷൻ നേതാവ് കുറ്റപ്പെടുത്തുന്നു.
ജനങ്ങൾക്ക് കൂടുതൽ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനും, കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം ഗുണകരമാകുന്നതിനും ഉതകുന്ന ഗുണകരമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. ജനങ്ങൾക്ക് യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന പരാതികൾ അറിയിക്കുന്നതിന് രണ്ട് ടോൾ ഫ്രീ നമ്പരുകൾ ഉണ്ടാകണമെന്നും, അവ ഓട്ടോറിക്ഷകളിലും, മറ്റ് സ്റ്റേജ് ക്യാര്യേജ് വാഹനങ്ങളിൽ പ്രദർശിപ്പിക്കണം എന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ പൊലീസ് നിയമാനുസരണ നടപടികൾ സ്വീകരിക്കണം.
കൂടാതെ ഗതാഗത തടസം ഉണ്ടാകുന്ന തരത്തിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിർത്തുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി എടുക്കണം. അതുപോലെ വാഹനങ്ങളിൽ സൈഡ് വ്യൂ മിററും, ബാക്ക് വ്യൂ മിററും നിർബന്ധമായും ഉണ്ടാകണം. ഇത്തരത്തിൽ ഗുണകരമായ നിർദേശങ്ങൾക്കൊപ്പം അടിയന്തിരമായതോ, ഔദ്യോഗികമായതോആയ ആവശ്യങ്ങൾക്കല്ലാതെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു.
ട്രാഫിക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നതടക്കം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിയമങ്ങൾ ഉറപ്പുവരുത്താൻ കൊച്ചി കമ്മിഷണർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നു. ഡ്യൂട്ടിയിലായിരിക്കെ ചില പൊലീസുകാർ നിരന്തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനോ അത്യാവശ്യത്തിനോ അല്ലാതെ ഡ്യൂട്ടിയിലിരിക്കെ ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാം. വിഡിയോ പകർത്തി ഉന്നത അധികാരികളെ അറിയിച്ചാൽ നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ കമ്മിഷണർ നടപടി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അമിത് റാവലാണ് ഉത്തരവിട്ടത്.