- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയ് വയലാട്ട് ഒന്നും അറിഞ്ഞില്ല...നിരപരാധി; നമ്പർ 18 ഹോട്ടലുടമയുടെ വക്കാലത്തുമായി തങ്ങളെ സ്വാധീനിക്കാൻ പ്രതികളിൽ ഒരാൾ ശ്രമിച്ചെന്ന് അൻസി കബീറിന്റെ കുടുംബം; മോഡലുകളുടെ മരണത്തിൽ കേസ് അന്വേഷണം പ്രഹസനം എന്നും ആരോപണം
കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ ഓരോ ദിവസവും പുതിയ ആരോപണങ്ങൾ വരികയാണ്. പോക്‌സോ കേസുകളിൽ അന്വേഷണം തുടരുന്നതിനിടെ, മോഡലുകൾ കാറിടിച്ച് മരിച്ച കേസിലും പുതിയ വെളിപ്പെടുത്തലുകൾ വന്നു. അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ ബന്ധുക്കളാണ് ആരോപണം ഉന്നയിക്കുന്നത്.
റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുൾ റഹ്മാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തിൽ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും അൻസി കബീറിന്റെ ബന്ധു പറഞ്ഞു.മോഡലുകളുടെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അൻസിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്.
നവംബർ ഒന്നിന് നടന്ന അപകടത്തിൽ കാറോടിച്ചിരുന്നത് തൃശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ഒന്നാം പ്രതി റോയി വയലാട്ട് കേസിൽ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാൾ മരിച്ച മറ്റൊരു മോഡൽ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുള്ള പോക്സോ കേസിന്റെ ആധാരമായ സംഭവങ്ങൾ മോഡലുകളുടെ അപകട മരണത്തിന് മുൻപാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മിൽ ബന്ധമുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പക്ഷേ പൊലീസ് നൽകാൻ പോകുന്ന കുറ്റപത്രത്തിൽ ഇക്കാര്യമൊന്നുമില്ലെന്നാണ് സൂചന. പ്രതികളുടെ ഉന്നത സ്വാധീനമാണ് അന്വേഷണം വഴിതെറ്റാൻ കാരണമെന്നാണ് ആക്ഷേപം. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കിൽ കേന്ദ്ര ഏജൻസികളെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം.
മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്.കേസിൽ ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.
മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. നവംബർ ഒന്നിന് അർധരാത്രി മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ അപകടസ്ഥലത്തു വെച്ചും ചികിത്സയിലിരുന്ന കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്ന റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ