ലണ്ടൻ: ഈ റിപ്പോർട്ട് തയ്യാറാക്കാൻ ഒരു മണിക്കൂർ കൂടി അവശേഷിക്കവെ, ബിബിസി വേൾഡ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ തലകെട്ടാണ് ഇന്ത്യ: ദി നെക്സ്റ്റ് സൂപ്പർ പവർ തലക്കെട്ടിൽ തന്നെ ചോദ്യം ഉണ്ടെങ്കിലും ഈ പറയുന്ന കാര്യങ്ങളിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നു ആരെയും തോന്നിപ്പിക്കുന്നത് ഇന്ത്യൻ നാണയമായ രൂപയുടെ സ്ഥിരതയില്ലായ്മയാണ്. അമേരിക്കൻ പ്രേസിടെന്റിനു മൂക്കിൽ പനി വന്നാലും ക്രൂഡ് വില ഒരു സെന്റ് ഉയർന്നാലും ഇറാനും ഇറാഖും യുദ്ധം നടത്തിയാലും ഒക്കെ മെലിയാൻ നിയോഗം രൂപയ്ക്കാണ്.

ആഭ്യന്തര വിപണി എത്ര കരുത്തു കാട്ടുമ്പോഴും അന്താരഷ്ട്ര ചലനങ്ങളിൽ രൂപയോളം ചാഞ്ചല്യം കാട്ടുന്ന മറ്റൊരു ലോക നാണയം കണ്ടെത്തുക വിരളം ആയിരിക്കാം. അതും സൂപ്പർ പവർ എന്ന ലേബലും കയ്യിൽ പിടിച്ചു ലോകം കറങ്ങവേ. കഴിഞ്ഞ ഒരു മാസത്തിലേറെയായി നാണയ വിപണിയിൽ രൂപ ഒന്നിനൊന്നു മെലിയുകയാണ്. രൂപയ്ക്കെതിരായി അന്താരാഷ്ട്ര ക്രൂഡ് വില മാത്രമാണ് പ്രത്യക്ഷത്തിൽ ചൂണ്ടിക്കാട്ടാൻ കഴിയുന്നത്.

കാലങ്ങളായി വിദേശ നാണയ ശേഖരത്തിന്റെ കരുത്തും ആഭ്യന്തര ഉൽപാദന ശേഷി വർധനയും മികച്ച കാലാവസ്ഥയും രാഷ്ട്രീയ സ്ഥിരതയും ഒക്കെ ഉണ്ടായിട്ടും രൂപയ്‌ക്കെന്തു പറ്റുന്നു? സാമ്പത്തിക വിദഗ്ദ്ധർ ഇരുന്നും നിന്നും ഒക്കെ ആലോചിച്ചിട്ടും രൂപ ഈ ചാഞ്ചാട്ടം ഓരോ ഇടവേളകളിലും കാട്ടിക്കൊണ്ടിരിക്കും. കയറ്റുമതി ഇറക്കുമതി ബാലൻഡിങ് ഒരു പരിധി വരെ നാണയ മൂല്യത്തിൽ പ്രതിഫലിക്കുമ്പോഴും ഇത്രയധികം ഇടിവ് കാട്ടാൻ നയപരമായ പോളിസികൾ കൂടി അന്വേഷിക്കേണ്ടി വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കയ്യിലെ ഏറ്റവും എളുപ്പവഴി ഇത്തരം സന്ദർഭങ്ങളിൽ നിരക്ക് വർധിപ്പിക്കുക എന്നതാണ്. ഓരോ നിരക്ക് വർധനയും ജനത്തിന്റെ മേൽ കയറ്റിവയ്ക്കുന്ന അധിക ഭാരമൊന്നും ഇപ്പോൾ ഭരണ പ്രതിപക്ഷ പാർട്ടികൾ പോലും ഗൗനിക്കാറില്ല എന്നതാണ് സത്യം. കാരണം അവരുടെ കയ്യിലും മാജിക്കില്ല.

പെട്രോളിയം വില ഉയരുകയും ഡോളർ ശക്തമാവുകയും രൂപ വീഴുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കാകെ അശുഭ സൂചനയാണ്. പക്ഷേ ഐടി, ഫാർമ, ടെക്‌സ്‌റ്റൈൽ തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകൾക്കു ഡോളർ ശക്തി ഗുണകരവുമാണ്. വിദേശികൾക്ക് ഇന്ത്യയിലേക്കു വരാനുള്ള ചെലവു കുറയുമെന്നതിനാൽ ടൂറിസത്തിനും നേട്ടം. വിദേശ ഇന്ത്യക്കാരുടെ വരുമാനവും സമ്പാദ്യവും വർധിക്കും. അമേരിക്കൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ടു പാദങ്ങളിലായി 4.2% വളർച്ചാ നിരക്കു നേടിയിരിക്കുകയാണ്.

19 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സമ്പദ് വ്യവസ്ഥ ഇത്ര വേഗം വളരുന്നതുകണ്ട് ലോകമാകെനിന്ന് ഡോളർ മൂലധനം അമേരിക്കയിലേക്കു തിരിച്ചുപോകുന്നതാണു ഡോളറിനെ ശക്തമാക്കുന്നത്. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വർധിപ്പിച്ചതും ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയും ഡോളർ തിരിച്ചുപോക്കിനു കാരണമാണ്.

ലോട്ടറി കിട്ടിയ പോലെ വിദേശ മലയാളികൾ

എന്നാൽ ഈ പ്രതിസന്ധി ഘട്ടങ്ങൾ ലോട്ടറി പോലെ കരുതുന്നവരാണ് വിദേശ മലയാളികൾ. എത്ര അധ്വാനിച്ചാലും മിച്ചം പിടിക്കാൻ കാര്യമായി ഒന്നും കിട്ടാത്ത സാധാരണക്കാരായ പ്രവാസികൾക്ക് മക്കൾക്കായി അൽപം പൊന്നു വാങ്ങാനോ നിർത്തി വച്ച വീട് പണി വേഗത്തിൽ തീർക്കാനും ഒക്കെ സഹായമാകുന്ന സമയം കൂടിയാണ് രൂപയുടെ വിലത്തകർച്ച കാലം.

കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങി കഴിവതും വിദേശ നാണ്യം നാടുകളിൽ എത്തിക്കും. ഓരോ ഇടിവിലും പ്രവാസികൾ എത്തിക്കുന്ന അധിക വരുമാനത്തിന്റെ കണക്കു തന്നെ ഇത് തെളിയിക്കുന്നതാണ്. സത്യത്തിൽ, വളരെ ചെറിയ നിലയിൽ ആണെങ്കിൽ പോലും പ്രവാസികൾ അധികമായി എത്തിക്കുന്ന ഇത്തരം വരുമാനവും രൂപയെ കൂടുതൽ മെല്ലിപ്പിക്കാൻ കാരണമാണ്. പക്ഷെ, അവർക്കു മുന്നിൽ വേറെ മാർഗമില്ല.

ഈ പോക്ക് എങ്ങോട്ട്?

രൂപയുടെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണ്? അല്പം കുഴപ്പം പിടിച്ച ചോദ്യമാണ്. സത്യത്തിൽ കൃത്യമായ വിശകലന റിപ്പോർട്ട് ഇപ്പോൾ ലഭ്യമല്ല. ഏതാനും ആഴ്ച കൂടി രൂപ ഈ നില തുടർന്നേക്കും എന്നേ പറയാനാകൂ. കാരണം ഇപ്പോൾ ഏഷ്യൻ മാർക്കറ്റിൽ ഏറ്റവും മോശമായ റിസൾട്ടുമായാണ് രൂപയുടെ നിൽപ്പ്. ഇപ്പോഴത്തെ നില തരണം ചെയ്യുന്ന കാര്യത്തിൽ ആർബിഐയും അൽപം പരുങ്ങലിലാണ്. വാണിജ്യ ബാങ്കുകളും മറ്റും കരുതുന്നതും രൂപ കൂടുതൽ മെല്ലിക്കും എന്ന് തന്നെയാണ്.

സൂപ്പർ പവർ എന്നൊക്കെ പറയാമെങ്കിലും ചെറിയൊരു തട്ട് കിട്ടിയാൽ മോങ്ങാൻ പാകത്തിലാണ് രൂപയുടെ നിൽപ്പ്. ഡോളറും പൗണ്ടും യെന്നും അടക്കമുള്ള സകല വിദേശ നാണയങ്ങളും രൂപയോട് കരുത്തു കാട്ടുമ്പോൾ കൂടുതൽ പരുക്ക് പറ്റാതെ പിടിച്ചു നിൽക്കാൻ വഴി തേടുകയാണ് രൂപ. ഈ വർഷത്തെ വിനിമയം താരതമ്യം ചെയ്യുമ്പോൾ രൂപയ്ക്കു ഡോളറുമായി പത്തു ശതമാനവും ബ്രിട്ടീഷ് പൗണ്ടുമായി അഞ്ചു ശതമാനവും വീഴ്ച സംഭവിച്ചു കഴിഞ്ഞു.

പതിവ് പല്ലവികൾ തന്നെ, ഉടൻ മാറ്റം ഉണ്ടാകില്ല

രൂപയുടെ കാര്യത്തിൽ എപ്പോഴും വില്ലന്മാരായി എത്തുന്നവർ തന്നെയാണ് ഇത്തവണയും മുന്നിൽ. അമേരിക്കൻ ഡോളറും ഓയിൽ വിലയും. കൂടുതൽ സ്ഥിരത കാട്ടുന്ന അമേരിക്കൻ ഡോളറിലേക്കു നിക്ഷേപകർ ശ്രദ്ധ കാട്ടിയപ്പോൾ സ്വാഭാവികമായി ഉണ്ടായ ഡിമാൻഡ് മൂലം രൂപയ്ക്കു ക്ഷതം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മാത്രം ക്രൂഡ് വില ഏഴു ശതമാനം ഉയർന്നതും ഇറക്കുമതി ചെലവ് കൂടിയ സാഹചര്യത്തിൽ രൂപയ്ക്കു ദോഷമായി. രൂപ അൽപം താഴുമ്പോൾ തന്നെ ചാടിയിറങ്ങുന്ന ആർബിഐ ഇത്തവണ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതും ഇപ്പോഴത്തെ വിലയിടിവിൽ പ്രധാന കാരണമാണ്.

കൂടുതൽ ദുരിതം നിറഞ്ഞ നാളുകൾ മുന്നിൽ എത്തും എന്ന് ഉറപ്പുള്ളതിനാൽ തൽക്കാലം കാര്യമായ ഇടപെടൽ വേണ്ടെന്നാണ് ആർബിഐ നിലപാട്. അടുത്ത വർഷവും രൂപ ഡോളറുമായി 70നു മുകളിൽ നിൽക്കാനുള്ള സാധ്യതയാണ് സാമ്പത്തിക വിപണി നൽകുന്നത്. അതായതു അടുത്ത ഏതാനും മാസത്തേക്ക് വിദേശ മലയാളികൾക്ക് സന്തോഷിക്കാൻ ഉള്ള സമയം തന്നെ.

എണ്ണ വില കൂടുതൽ ഉയരുന്നതോടെ നാണയ പെരുപ്പവും സാധന വിലക്കയറ്റവും കൂടി ആകുമ്പോൾ ഉൽപ്പാദന ചെലവ് വർധിക്കുന്നതും ഇറക്കുമതി ചെലവ് കൂടുന്നതും ഒക്കെ രൂപയ്ക്കു ദോഷമായി മാറുകയാണ്. ഉൽപ്പാദന ചെലവ് കൂടുമ്പോൾ കയറ്റുമതിയിൽ നിന്നും കിട്ടാവുന്ന ലാഭത്തിന്റെ വിഹിതത്തിലും കുറവുണ്ടാകും. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യക്കു ഗുണകരമായി നിന്നതു അന്തരാഷ്ട്ര വിലയിലെ ക്രൂഡിന്റെ ഇടിവാണ്.

എന്നാൽ ആ സാഹചര്യം മാറിയതോടെ രൂപയും മെലിയാൻ തുടങ്ങി. ആഭ്യന്തര കരുത്തു വേണ്ടത്ര ശക്തം അല്ലാത്തതും കൂടുതൽ വിദേശ നിക്ഷേപം എത്താത്തതും രൂപയ്ക്കു തടസ്സമായി മാറുകയാണിപ്പോൾ. ഈ സാഹചര്യം കൂടുതൽ ശക്തമായാൽ രൂപ പ്രമുഖ വിദേശ കറൻസികൾക്കു എതിരെ അടുത്ത വർഷം മധ്യത്തോടെ ഇരുപതു ശതമാനം വീഴ്ച നേരിട്ടാലും അത്ഭുതപ്പെടാനില്ല.

മോദിയെ ഇടിച്ചിടാൻ രാഹുലല്ല, രൂപ തന്നെ കാരണമായേക്കും

പ്രത്യേകിച്ച് ഇന്ത്യ തിരഞ്ഞെടുപ്പിനെ കൂടി നേരിടുന്ന സാഹചര്യത്തിൽ. ഇത്തരം വിലയിരുത്തലുകൾ മുഖവിലയ്ക്കെടുത്താൽ ഡോളറുമായുള്ള താരതമ്യത്തിൽ 80 എത്താനും പൗണ്ട് വില 108 വരെയായി ഉയരാനും കാരണം ആയേക്കും. എന്നാൽ ഇതെല്ലം പലവിധ സാഹചര്യങ്ങളുമായി കൂട്ടുപിണഞ്ഞു കിടക്കുന്നതിനാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതിനു കാത്തിരുന്നേ പറ്റൂ.

ഇത്തരത്തിൽ നാണയ വില ഇടിഞ്ഞു താഴ്ന്നതു കടുത്ത വിലക്കയറ്റവും ഭരണ വിരുദ്ധ വികാരത്തിനും കൂടി കാരണമായി മാറും. അടുത്ത വർഷത്തെ ഇലക്ഷൻ മൂർദ്ധന്യത്തിൽ ഒരു പക്ഷെ രാഹുലിനേക്കാൾ രൂപയായിരിക്കും മോദിക്കുള്ള ചതിക്കുഴി ഒരുക്കുക, അതിനുള്ള സകല സാഹചര്യങ്ങളും നാണയ വിപണിയിൽ രൂപം കൊള്ളുന്നുണ്ട്. അത് മറികടക്കാൻ ആർബിഐ, ചരിത്രത്തിൽ ഇല്ലാത്ത വിധം രൂപയെ താങ്ങി നിർത്താൻ വിപണിയിൽ ഇടപെടേണ്ടി വരും, അതത്ര നിസ്സാര കാര്യവുമല്ല.