ന്യൂഡൽഹി: രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറച്ച സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയുടെയും ലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥയ്ക്ക നൽകിയ സംഭാവനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശസ്തമായ സോൾ സമാധാന പുരസ്‌കാരം നേടിക്കടുത്തത്. മോദിനോമിക്‌സ് എന്ന് പ്രശസ്തമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ അദ്ദേഹത്തെ പുരസ്‌കാരത്തിനുള്ള ഏറ്റവും അർഹിച്ചയാളാക്കി മാറ്റിയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് സോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷന്റെ ചെയർമാൻ നോൺ ഇ-ഹ്യോക്ക് പറഞ്ഞു.

ഇന്ത്യയിലെ 135 കോടിയിലേറെ വരുന്ന ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളുടെ പേരിലാണ് മോദിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണത്തിലൂടെയാണിത് സാധിച്ചത്. നയതന്ത്ര ഇടപെടലുകളിലൂടെ ഏഷ്യ-പസഫിക് മേഖലയിലെ സമാധാനം നിലനിർത്തുന്നതിന് മോദി വഹിച്ച പങ്കും പുരസ്‌കാര നിർണയ സമിതി എടുത്തുപറയുന്നു. ലോകസമാധാനത്തിനുതന്നെ ഇത് സഹായകമായതായും സമിതി വിലയിരുത്തി. നോട്ടസാധുവാക്കൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ രാജ്യത്തെ അഴിമതി തുടച്ചുനീക്കാൻ നടത്തിയ ശ്രമങ്ങളെയും സമിതി വിലയിരുത്തി.

രണ്ടുലക്ഷം ഡോളറാണ് പുരസ്‌കാരത്തുക. ഇതിനൊപ്പം പ്രശസ്തിപത്രവുമുണ്ടാകും. പുരസ്‌കാരം സ്വീകരിക്കുന്നതായും തന്നെ തിരഞ്ഞെടുത്തതിന് ദക്ഷിണ കൊറിയൻ സർക്കാരിനോട് നന്ദി പറയുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ മോദി പറഞ്ഞു. മോദിക്കും ദക്ഷിണകൊറിയൻ ഭരണാധികാരികൾക്കും സൗകര്യപ്രദമായ സമയം നിശ്ചയിച്ചശേഷം പുരസ്‌കാരം സോളിൽ വിതരണം ചെയ്യും.

സോളിൽ 1988-ൽ നടന്ന ഒളിമ്പിക് ഗെയിംസിന്റെ സ്മരണയ്ക്കായി 1990-ലാണ് സോൾ സമാധാന പുരസ്‌കാരം ഏർപ്പെടുത്തിയത്. കൊറിയൻ മുനമ്പിലും ലോകത്താകമാനവുമുള്ള സമാധാനം നിലനിൽക്കണമെന്ന കൊറിയൻ ജനതയുടെ ആഗ്രഹത്തിന്റെ പ്രതീകം കൂടിയാണ് ഈ പുരസ്‌കാരം. രണ്ടുവർഷം കൂടുമ്പോഴാണ് അവാർഡ് പ്രഖ്യാപിക്കുക. ദക്ഷിണ കൊറിയൻ സർക്കാരാണ് പുരസ്‌കാരം നിർണയിക്കാനുള്ള സമിതിയെ നിയോഗിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ തുടങ്ങിയവർക്കും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, ഓക്‌സ്ഫാം തുടങ്ങിയ സംഘടനകൾക്കുമൊക്കെയാണ് മുമ്പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഇക്കുറി പുരസ്‌കാരത്തിനായി 1300-ഓളം നാമനിർദ്ദേശങ്ങളുണ്ടായിരുന്നു. അതിൽനിന്നാണ് നരേന്ദ്ര മോദിയെ പുരസ്‌കാര നിർണയ സമിതി തിരഞ്ഞെടുത്തത്.