ന്യൂഡൽഹി: ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

കുടുംബ വാഴ്ചയ്‌ക്കെതിരെയാണ് മോദി ആഞ്ഞടിച്ചത്. കുടംബ വാഴ്ച അഴിമതിക്ക് കാരണമായി. പുതിയ വീക്ഷണത്തോടെ മുമ്പോട്ട് പോകണം. പുതിയ അധ്യായത്തിന് തുടക്കമാകുന്നുവെന്നും മോദി പറഞ്ഞു. കോവിഡ് പ്രതിരോധവും ഊന്നിക്കാട്ടി. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും മോദി പറഞ്ഞു. ഈ സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്നേഹിക്കുന്നവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനും പ്രധാനമന്ത്രി ആദരമർപ്പിച്ചു. ഗുരുവടക്കമുള്ള മഹാന്മാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണ്. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്ചയദാർഢ്യത്തോടെ മുന്നേറണം. ട്വിറ്ററിലൂടെയും മോദി രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണം. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. താൻ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാനാണ്. കാൽ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 1) സമ്പൂർണ വികസിത ഭാരതം. 2) അടിമത്ത മനോഭാവത്തിന്റെ സമ്പൂർണ നിർമ്മാർജനം. 3) പാരമ്പര്യത്തിലുള്ള അഭിമാനം. 4) ഐക്യവും ഏകത്വവും. 5) പൗരധർമം പാലിക്കൽ.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. പ്രസംഗത്തിൽ സവർക്കറെയും മോദി പരാമർശിച്ചു. റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തിൽ കണ്ടു. ആദിവാസി സമൂഹത്തെയും അഭിമാനത്തോടെ ഓർക്കണം. പൗരന്റെ ഇച്ഛകളെ പൂർത്തിയാക്കാൻ ഭരണകൂടം ശ്രമിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകൾക്ക് വിട്ടുകൊടുക്കാൻ ഇന്ത്യൻ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണർവ് അടുത്തകാലത്തുണ്ടായി. ജനതാ കർഫ്യൂ അടക്കം കോവിഡ് പ്രതിരോധ നടപടികൾ ഈ ഉണർവിന്റെ ഫലമാണ്. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറിയിരിക്കുന്നു. പ്രശ്‌നങ്ങൾക്ക് പരിഹാരം ഇന്ത്യയിൽനിന്ന് തേടുന്നു. രാഷ്ട്രീയസ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു. ലോകം അതിന് സാക്ഷിയെന്നും മോദി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ അടിമത്ത മനോഭാവത്തിൽ നിന്ന് ഇന്ത്യ സമ്പൂർണസ്വാതന്ത്ര്യം കൈവരിക്കണം. ഭാഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്‌കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേർന്നുനിന്നാലേ ആകാശത്തേക്ക് ഉയരാൻ കഴിയൂ എന്നും മോദി പറഞ്ഞു.

75 വയസ്സിലേക്കുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഇക്കാലയളവിൽ നിരവധി ഉയർച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എണ്ണമറ്റ പോരാളികൾ ബ്രിട്ടീഷുകാരെ വിറപ്പിച്ചു. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, സവർക്കർ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഓർത്ത നരേന്ദ്ര മോദി നെഹ്റുവിനെ വണങ്ങുന്നുവെന്ന് പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വനിതകളെ പ്രത്യേകം അനുസ്മരിച്ചു.

രാജ്യത്തിനായി പോരാടിയവരെ ഓർക്കണം. ജീവൻ പണയംവെച്ചവരെ അനുസ്മരിക്കണം. അതിന് വേണ്ടിയാണ് അമൃത് മഹോത്സവ്. ചരിത്രം അവഗണിച്ചവരേയും ഓർക്കേണ്ട ദിവസമാണ് ഇത്. സമര പോരാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുന്നോട്ട് പോകണം. സ്വാതന്ത്ര്യസമര പോരാളികളോടുള്ള കടം വീട്ടണമെന്നും ചരിത്ര ദിനത്തിൽ പുതിയ വീക്ഷണത്തോടെ മുന്നോട്ട് പോകാൻ പുതിയ അധ്യായത്തിന് തുടക്കമിടണമെന്നും പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസികളെ സല്യൂട്ട് ചെയ്യുന്നു- പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുർത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെയാണ്. ജനാധിപത്യത്തിന്റെ മാതാവാണെന്നത് ഇന്ത്യയുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. 1947ലെ വിഭജനത്തേയും ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി ഓർമിപ്പിച്ചു. 1947ലെ ത്യാഗം ഓർമിക്കണം. രാജ്യത്തെ ജനങ്ങൾ സ്വപ്ന സാക്ഷാത്കാരം ആഗ്രഹിക്കുന്നു. ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ എന്നിവർക്കും പ്രധാനമന്ത്രിയുടെ ആദരം. 'ഗുരു അടക്കമുള്ളവർ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു.- പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം ഒൻപതാം തവണയാണ് മോദി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു 2020ൽ കോവിഡ് വ്യാപിച്ചപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമായിരുന്നു ഇക്കുറി. ചടങ്ങിൽ വിവിധ മേഖലകളിൽനിന്ന് 7000 പേർ ക്ഷണിതാക്കളായി.സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചിരുന്നു.

ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി. ചെങ്കോട്ട കനത്ത സുരക്ഷ വലയത്തിൽ ആയിരുന്നു.