ന്യൂഡൽഹി: 'ഗംഗാ നദിക്കു വ്യക്തിത്വപദവി നൽകിയ സ്ഥിതിക്ക് അതിൽ മുങ്ങിമരിച്ചാൽ ക്രിമിനൽ കേസെടുക്കുമോ? രാമക്ഷേത്രം നിർമ്മിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം വെറുമൊരു കണ്ണിൽ പൊടിയിടലല്ലേ, അടുത്ത തെരഞ്ഞെടുപ്പിലും അതു തുടരും... എയർ ഇന്ത്യക്കു കൊടുക്കുന്ന ഹജ് സബ്സിഡി എന്താ കേന്ദ്രം നിർത്താത്തത്?....' ഫേസ്‌ബുക്കിൽ പോസ്റ്റിട്ട പതിനെട്ടുകാരൻ കുടുങ്ങി.

ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട നിരവധി പേരെ കേരളത്തിൽ സർക്കാർ കുടുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ചെറുതായൊന്ന് വിമർശിച്ചാൽ പോലും കേസുവരും. കേന്ദ്രത്തിൽ അതിന് അപ്പുറത്തേക്കാണ് കാര്യങ്ങൾ. മോദിയെ പരിഹസിച്ചാൽ രാജ്യദ്രോഹവും ചുമത്തും. ഇതിന് തെളിവാണ് ഈ പതിനെട്ടുകാരന്റെ ജയിൽ ജീവിതവും.

ഒന്നും രണ്ടുമല്ല. നാൽപ്പത്തി രണ്ടു ദിവസം.... ഈ പയ്യൻ അഴിക്കുള്ളിൽ കിടന്നു. സാക്കിർ അലി ത്യാഗിയെന്ന മുസ്ലിം പൗരനാണു ഫെയ്സ് ബുക്ക് പോസ്റ്റുകൾ കുരുക്കായത്. അവിടെ ശുചിമുറി ഉപയോഗിക്കാൻ പോലും പണം നൽകേണ്ടിവന്നെന്നും ജാമ്യത്തിലിറങ്ങിയ ത്യാഗി പറഞ്ഞു.ഏപ്രിൽ രണ്ടിനാണ് അലിയെ പൊലീസ് പിടികൂടിയത്. വഞ്ചനാക്കുറ്റത്തിനു പുറമേ ഐടി ആക്ടും പ്രതിക്കെതിരേ ചുമത്തി. പിന്നീട് കുറ്റപത്രത്തിൽ രാജ്യദ്രോഹക്കുറ്റം കൂടി കൂട്ടിച്ചേർത്തെന്നും അലിയുടെ അഭിഭാഷകൻ പറയുന്നു.

ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ഉള്ള ജോലി പോയി. ഇപ്പോൾ സ്വാമി വിവേകാനന്ദ് സുഭാരത് സർവകലാശാലയുടെ കറസ്പോണ്ടൻസ് ബി.എ. പഠിക്കുകയാണ ്അലി. പ്രമുഖ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് നയിക്കുന്ന ബീം ആർമി ഡിഫൻസ് കമ്മിറ്റിയാണ് അലിയെ ഡൽഹിയിൽ എത്തിച്ചത്. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരേ പൊരുതുന്ന ഫോറമാണ് ബീം ആർമി ഡിഫൻസ് കമ്മിറ്റി.