ബെയ്ജിങ്: പ്രോട്ടോക്കോളിലും അച്ചടക്കത്തിലും അണുവിട ചലിക്കാത്തവരാണ് ചൈനക്കാർ. അമേരിക്കൻ പ്രസിഡന്റ് വന്നാൽപ്പോലും അതിലൊരു മാറ്റവുമുണ്ടാകില്ല. എന്നാൽ, നരേന്ദ്ര മോദി ചൈനയിൽ കാൽകുത്തിയതോടെ ഇതെല്ലാം മാറി. കീഴ്‌വഴക്കങ്ങളൊക്കെ മാറ്റിവച്ച് ചൈനീസ് ഭരണകൂടം മോദിക്ക് ചുവപ്പു പരവതാനി വിരിച്ചു. ബെയ്ജിങ്ങിലെ ആസ്ഥാനത്തുനിന്ന് പ്രസിഡന്റ് ഷി ജിൻപിങ്ങുപോലും എത്തി.

അരുണാചൽ പ്രദേശിനെയും ലഡാക്കിനെയും ചൊല്ലിയുള്ള അതിർത്തിത്തർക്കങ്ങളുൾപ്പെടെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെങ്കിലും മോദിയുടെ വ്യക്തിപ്രഭാവം അംഗീകരിക്കപ്പെട്ടുവെന്നതിന്റെ സൂചനയായി അദ്ദേഹത്തിന് ലങിച്ച സ്വീകരണം. അതിർ്ത്തി പ്രശ്‌നം, ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, വ്യാപാരക്കമ്മി തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പരിഗണിക്കുമ്പോൾ, സ്വീകരണത്തിലെ ഊഷ്മളത അതിലും പ്രതിഫലിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ത്രിദിനസന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴ്‌വഴക്കങ്ങൾ മാറ്റിവച്ച് ചൈനയുടെ വരവേൽപ്പ്. പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ ജന്മനാടായ സിയാനിൽനിന്നാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തുടക്കംകുറിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ ഈ ചരിത്രപ്രസിദ്ധനഗരത്തിൽ എത്തിയ മോദിയെ സ്വീകരിക്കാൻ ഷി ജിൻ പിങ്ങും എത്തിയിരുന്നു.

ലോകത്തെ ഏതുരാജ്യങ്ങളിൽനിന്നുള്ള നേതാക്കളായാലും ബെയ്ജിങ്ങിൽനിന്നല്ലാതെ ചൈനാ സന്ദർശനത്തിന് തുടക്കമിടാറില്ല. വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ തലസ്ഥാനംവിട്ട് പ്രസിഡന്റോ പ്രധാനമന്ത്രിയോ പോകുന്ന പതിവില്ലാത്തതുകൊണ്ടാണ് സന്ദർശനങ്ങൾ ബെയ്ജിങ്ങിൽനിന്ന് തുടങ്ങുന്നത്. എന്നാൽ, സിയാനിൽനിന്ന് സന്ദർശനം തുടങ്ങിയ മോദിയെ സ്വീകരിക്കാൻ ഈ കീഴ്‌വഴക്കങ്ങൾ ജിൻപിങ്ങിന് തടസ്സമായില്ല. ഇത്തരത്തിൽ സ്വീകരണം ലഭിക്കുന്ന ആദ്യലോകനേതാവാണ് മോദി. സിയാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വിൻജിയൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു

സിയാനിൽനിന്ന് മോദിയുടെ സന്ദർശനം തുടങ്ങാൻ വേറെയും കാരണമുണ്ടായിരുന്നു. ജിൻപിങ്ങ് ഇന്ത്യയിലെത്തിയപ്പോൾ, മോദിയുടെ ജന്മനാടായ അഹമ്മദാബാദിൽനിന്നാണ് സന്ദർശനത്തിന് തുടക്കമിട്ടത്. ഇതിനെ പിന്തുടർന്നാണ് ജിൻപിങ്ങിന്റെ നാട്ടിൽനിന്ന് മോദി സന്ദർശനം തുടങ്ങിയത്. ജിൻപിങ്ങിന്റെ താത്പര്യപ്രകാരമായിരുന്നു സിയാനിലേക്കുള്ള ഈ വരവ്. ഒരുവർഷത്തിനിടെ മോദിയും ഷി ജിൻ പിങ്ങും തമ്മിൽ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

ഒരുമണിക്കൂറിലേറെ ഇരുനേതാക്കളും ചർച്ച ചെയ്തു. നിങ്ങളുടെ ജന്മനാട്ടിൽ ലഭിച്ച ഉജ്വലവരവേൽപ്പുപോലെ, എന്റെ നാട്ടിൽ ഞാൻ നിങ്ങളെയും സസന്തോഷം സ്വീകരിക്കുന്നുവെന്ന് ജിൻപിങ് പറഞ്ഞു. ഇന്ത്യയിലെ 125 കോടി ജനങ്ങൾക്കുള്ള ബഹുമതിയെന്നാണ് മോദി പ്രതികരിച്ചത്. മോദി ഹിന്ദിയിലും ഷിൻ ജിൻ പിങ് ചൈനീസിലുമാണ് സംസാരിച്ചത്.

അന്താരാഷ്ട്ര സമൂഹം ഏറെ പ്രാധാന്യത്തോടെയാണ് മോദിയുടെ ഈ സന്ദർശനത്തെ കാണുന്നത്. ദക്ഷിണേഷ്യയിലെ പ്രധാന ശക്തികളുടെ കൂടിക്കാഴ്ച മേഖലയിലെ സാഹചര്യങ്ങളിൽ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷ സജീവമാണ്. ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തിത്തർക്കംമുതൽ പാക് അധീന കശ്മീരിൽ ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾവരെ മോദി ഉന്നയിച്ചു. പ്രസിഡന്റ് നൽകിയ അത്താഴവിരുന്നിലും പങ്കെടുത്തു.

ഊഷ്മളമായ സ്വീകരണത്തിനിടയിലും പാക് അധീന കാശ്മീരിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈന നടത്തുമെന്ന് പ്രഖ്യാപിച്ച നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്ക ചൈനീസ് പ്രസിഡന്റിനെ അറിയിക്കാൻ മോദി മറന്നില്ല. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്കുള്ള 3800 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുടെ പ്രശ്‌നവും മോദി ചർച്ച ചെയ്തു.

ഇന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ്ങുൾപ്പെടെയുള്ള നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. 1000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടിരൂപ) 20 വാണിജ്യക്കരാറുകളിൽ മോദി ഒപ്പുവച്ചേക്കുമെന്നാണ് സൂചന. അരുണാചൽ പ്രദേശിനുമേൽ ചൈന ഉന്നയിക്കുന്ന അവകാശവാദം, അരുണാചലുകാർക്ക് ചൈന വിസ അനുവദിക്കുന്നതിലെ എതിർപ്പ്, ചൈനയുമായുള്ള വ്യാപാരക്കമ്മിയിലുണ്ടായ വർധന. ഇത് കുറയ്ക്കാനുള്ള നടപടികൾ, പാക് അധീനകശ്മീരിലൂടെ സാമ്പത്തിക ഇടനാഴി നിർമ്മിക്കാനുള്ള ചൈനയുടെ നീക്കത്തോടുള്ള എതിർപ്പ്, ആണവവിതരണക്കൂട്ടായ്മയിൽ ഇന്ത്യയുടെ അംഗത്വത്തിന് ചൈനയുടെ പിന്തുണ തുടങ്ങിയ വിഷയങ്ങളും മോദി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.

അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ചൈനാ സന്ദർശനം വഴിയൊരുക്കുമെന്ന് കരുതുമ്പോഴും, കരുതൽ അൽപം പോലും കുറയ്ക്കാൻ മോദി സർക്കാർ തയ്യാറല്ല. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലിന് കേന്ദ്രം തുക അനുവദിച്ചു. ഐഎൻഎസ് വിശാൽ എന്ന വിമാന വാഹിനിക്കപ്പലിനുവേണ്ടിയുള്ള ഫണ്ടുകൾക്കാണ് അനുമതി നൽകിയത്. ഇതുൾപ്പെടെ പ്രതിരോധ രംഗത്ത് 25,000 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രി മനോഹർ പരിക്കാറിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ അംഗീകാരം നൽകിയത്.