ഹാങ്‌ചോ: ഭീകരവാദം സ്‌പോൺസർ ചെയ്യുന്നതു പാക്കിസ്ഥാനെന്നു പറയാതെ പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കു വളം വയ്ക്കുന്നത് ഒരു ദക്ഷിണേഷ്യൻ രാജ്യമെന്നു ചൈനയിൽ ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത്തവണയും പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരേയൊരു ദക്ഷിണേഷ്യൻ രാജ്യമാണ് ഭീകരവാദികൾക്ക് പിന്തുണ നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

ഭീകരവാദത്തിന്റെയും അക്രമത്തിന്റെയും ശക്തികൾ കടുത്ത ഭീഷണിയാണ് ലോക സമാധാനത്തിന് ഉയർത്തുന്നത്. അനുദിനം വളരുകയാണിവർ. ദേശീയ നയത്തിന്റെ ഭാഗമായിത്തന്നെ ഭീകരതയെ ഉപയോഗിക്കുന്ന രാജ്യങ്ങളും നമുക്കിടയിലുണ്ടെന്നും ഉച്ചകോടിയുടെ അവസാന സെഷനിൽ മോദി പറഞ്ഞു.

ഇന്ത്യയുൾപ്പെടുന്ന പ്രവിശ്യയിൽ ഭീകരവാദം വളർത്തുന്നത് ഒരുപക്ഷേ, ഒരേയൊരു ദക്ഷിണേഷ്യൻ രാജ്യമാണ്. ഭീകരവാദത്തോട് ഒരുതരത്തിലും സന്ധിയില്ലെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. അതിൽക്കൂടുതൽ ഭീകരതയ്‌ക്കെതിരെ ഒരു നിലപാടും സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരരെന്നാൽ ഭീകരർ മാത്രമാണ്.

ഭീകരതയ്‌ക്കെതിരെ രാജ്യാന്തര കൂട്ടായ്മ ശക്തമാക്കേണ്ട കാലം അതിക്രമിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും സ്‌പോൺസർ ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും വിലക്കുകയുമാണ് വേണ്ടത്. അല്ലാതെ അവരെ ആദരിക്കുകയല്ലെന്നും മോദി പറഞ്ഞു.