റിയാദ്: പ്രവാസികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ ഹെൽപ്‌ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സൗദി സന്ദർശന വേളയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു പ്രഖ്യാപനം.

സൗദി അറേബ്യയിലെ ഇന്ത്യക്കാർക്കു സേവനങ്ങൾ ഉറപ്പാക്കാൻ റിയാദിലും ജിദ്ദയിലും വർക്കർ റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും. വിദേശ റിക്രൂട്‌മെന്റ് നടപടികൾ ഓൺലൈൻ വഴിയാക്കുന്ന ഇമൈഗ്രേറ്റ് പദ്ധതി പുരോഗമിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും പ്രവാസികൾക്കു കേന്ദ്രസർക്കാർ സേവനം ലഭ്യമാകുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം,'മദദ്' വെബ്‌പോർട്ടൽ വഴി സർക്കാർ സഹായം അഭ്യർത്ഥിക്കാമെന്നും ഓർമിപ്പിച്ചു. വിവിധ മേഖലകളിൽ പ്രമുഖരായ 400 ഇന്ത്യക്കാരുമായി ഇന്നലെ വൈകിട്ടു പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

സൗദി വനിതകൾക്ക് ഐടി പരിശീലനം നൽകുന്ന ടിസിഎസ് കേന്ദ്രം സന്ദർശിച്ച അദ്ദേഹം, റിയാദ് മെട്രോ നിർമ്മാണത്തിൽ പങ്കാളികളായ എൽ ആൻഡ് ടിയുടെ ഇന്ത്യൻ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. റിയാദിലെ പ്രമുഖ ആകർഷണമായ മസ്മാക് കോട്ടയും സന്ദർശിച്ചു. 30 സൗദി വ്യവസായികളുമായി ഇന്നു സൗദി ചേംബർ ആസ്ഥാനത്തു പ്രധാനമന്ത്രി ചർച്ച നടത്തും. ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ട്രി, എൽ ആൻഡ് ടി ചെയർമാൻ രാം നായിക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, വിപ്രോ ചെയർമാൻ അസിം പ്രേംജി എന്നിങ്ങനെ നാലു പ്രമുഖ ഇന്ത്യൻ വ്യവസായികൾക്കും ഇതിനു പ്രത്യേക ക്ഷണമുണ്ട്.

സൗദി സന്ദർശിക്കുന്ന നാലാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. 1956ൽ ജവാഹർലാൽ നെഹ്‌റുവും 1982ൽ ഇന്ദിരാഗാന്ധിയും 2010ൽ മന്മോഹൻ സിങ്ങും സൗദിയിലെത്തി. രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ ഊഷ്മള വരവേൽപ്. റിയാദ് ഗവർണർ ഫൈസൽ ബിൻ ബൻതർ രാജകുമാരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കിങ് സൗദ് ഗെസ്റ്റ് പാലസിലാണു മോദിക്കും സംഘത്തിനും താമസം. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷാ-സൈനിക സഹകരണം, നിക്ഷേപം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനു വിവിധ കരാറുകൾ ഒപ്പിടുമെന്നാണു സൂചന. കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ, ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരുമായും ചർച്ചയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20നാണ് മോദി എത്തിയത്. ബ്രസ്സൽസിൽ ഇന്ത്യയൂറോപ്യൻ യൂണിയൻ സമ്മേളനത്തിലും വാഷിങ്ടണിൽ ആണവ സുരക്ഷാ ഉച്ചകോടിയിലും സംബന്ധിച്ചശേഷമാണ് മോദി റിയാദിലെത്തിയത്.

ഊർജം, നിക്ഷേപം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചർച്ചകളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ഞായറാഴ്ച അദ്ദേഹത്തിന് കൊട്ടാരത്തിൽ ഉച്ചവിരുന്ന് നൽകുന്നുണ്ട്. തുടർന്ന് രാജാവുമായുള്ള ഔപചാരിക ചർച്ച നടക്കും. 2010ൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിങ്ങിന്റെ സന്ദർശനത്തിനുശേഷം ഇന്ത്യയിൽനിന്നു സൗദിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്.