ന്യൂഡൽഹി: കർണ്ണാടകയിൽ 104 സീറ്റാണ് ബിജെപി നേടിയത്. ഇതിന്റെ വിജയാഹ്ലാദം അധികനേരം നിലനിന്നില്ല. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനിറങ്ങിയ ബിഎസ് യെദൂരിയപ്പ ബിജെപിക്ക് നാണക്കേട് ഉണ്ടാക്കി. പ്രതിപക്ഷ ഐക്യവും ശക്തമായി. ഇതോടെ മോദി സർക്കാരും പ്രതിസന്ധിയിലാവുകയാണ്. ജനകീയ മുന്നേറ്റങ്ങളിലൂടെ പ്രതിപക്ഷം ആഞ്ഞടിച്ചാൽ അത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കും. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിനും തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ജനപ്രിയ മുഖം കൊണ്ടു വരാനാകും മോദിയുടെ ശ്രമം. ഇതിനുള്ള തിരക്കഥകൾ അണിയറയിൽ ഒരുങ്ങുകയാണ്. അയോധ്യയും ഏകീകൃത സിവിൽകോഡും വീണ്ടും ചർച്ചായാക്കും. അങ്ങനെ ചർച്ചകളെ പുതിയൊരു തലത്തിലേക്ക് കൊണ്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.

പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ അവയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചേക്കും. മെയ്‌ അവസാനയാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മോദി സർക്കാരിന്റെ നാലാം വാർഷികം കൊണ്ടാടുന്ന അവസരത്തിൽ ഉപഭോക്താക്കൾക്കുള്ള സമ്മാനമാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എണ്ണവിലയിൽ വിലയ പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണ്. എണ്ണവില കുറയ്ക്കാൻ ഇതിനെ ജിഎസ് ടിയിൽ ഉൾപ്പെടുത്തുകയാണ് ഏറ്റവും നല്ല മാർഗ്ഗം. ഇക്കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എണ്ണ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികളിൽ നിന്ന് എടുത്തു മാറ്റുന്നതും പരിഗണനയിലായിരുന്നു. മോദി സർക്കാർ ഇതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.

എണ്ണവില ഉയരുന്നതിൽ കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വിശദീകരിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടു തുടങ്ങിയെന്നു സൂചനയുണ്ട്. അസംസ്‌കൃത എണ്ണവില ബാരലിന് 85 ഡോളറിനു മുകളിൽപ്പോയാൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 89 രൂപയ്ക്ക് മുകളിലാകും. ഈ സാഹചര്യത്തിൽ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ആദ്യഘട്ടത്തിൽ ലിറ്ററിന് രണ്ടു രൂപയായിരിക്കും കുറയ്ക്കുക. ഇതിന് ശേഷം പ്രധാനമന്ത്രി തന്നെ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കും. അല്ലാത്ത പക്ഷം വലിയ തിരിച്ചടി കേന്ദ്രസർക്കാരിനെ കാത്തിരിക്കുന്നുണ്ടെന്ന് മോദി മനസ്സിലാക്കി കഴിഞ്ഞു. കർണ്ണാടകയിലെ തിരിച്ചടി കൂടി കണക്കിലെടുത്താണ് ഇത്.

പെട്രോളിൽ വില എന്നും ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ഉയർച്ചയായിരുന്നു ഇതിന് കാരണം. എന്നാൽ വില കൂടുമ്പോൾ നികുതിയിലൂടെ ഖജനാവിൽ എത്തുന്ന തുകയും കൂടും. ഓരോ വിലവർദ്ധനവും അങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഗുണകരമായി മാറുകയാണ്. ഇത് പൊതു സമൂഹത്തിൽ വിലയ ചർച്ചയായി മാറുന്നു. ഇത് മനസ്സിലാക്കിയാണ് എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനുള്ള തീരുമാനം. നികുതിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് പെട്രോളിനെ ജിഎസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ സംസ്ഥാന സർക്കാരുകളും എതിർക്കുന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് നികുതി കുറയ്ക്കുന്നത് സർക്കാർ പരിഗണിക്കുന്നത്. ജനപ്രിയ മുഖം വീണ്ടെടുക്കാനാണ് മോദി ഇതിലൂടെ ലക്ഷ്യമിടുന്നത്.

അയോധ്യയിലെ ക്ഷേത്ര നിർമ്മാണവും ചർച്ചയാക്കും. ഇത്തരമൊരു ചർച്ചയെ കോൺഗ്രസിന് എതിർക്കേണ്ടി വരും. ഇതിലൂടെ ഉത്തരേന്ത്യയുടെ ഹൈന്ദവ വികാരം ഉയർത്താമെന്നാണ് പ്രതീക്ഷ. സംഘപരിവാറിനെ ബിജെപിയുമായി അടുപ്പിക്കാനും കഴിയും. ഇതും പരിഗണനയിലുണ്ട്. അയോധ്യയിൽ അനുകൂല കോടതി വിധിയുണ്ടാകുമെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ഇതുണ്ടായാൽ ഉടൻ ക്ഷേത്ര നിർമ്മാണത്തിലേക്ക് കടക്കാനാണ് പരിപാടി. ഇതിനൊപ്പം ഏകീകൃത സിവിൽ കോഡും ചർച്ചയാക്കും. മുത്തലാഖ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കിയ സർക്കാരെന്ന ചർച്ച സജീവമാക്കി ഹൈന്ദവ വോട്ടുകളെ ഏകീകരിക്കാനാണ് നീക്കം.

വികസന പരിപാടികളും കള്ളപ്പണ നിർമ്മാർജനത്തിനെന്ന പേരിൽ നടപ്പിലാക്കിയ നോട്ട് നിരോധനവും തിരിഞ്ഞുകൊത്തുമ്പോൾ ബിജെപിക്ക് മുന്നിലുള്ള ഏക ആയുധം അയോധ്യ മാത്രമാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് വേണ്ടി കൃത്യമായ ലക്ഷ്യത്തോടെ അയോധ്യ ഉപയോഗിക്കപ്പെടും. തർക്കഭൂമിയിൽ ക്ഷേത്രനിർമ്മാണം അടക്കമുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സംഘപരിവാർ നിർബന്ധിതരാകും. മോദി ഭരണത്തിൽ ഗോമാംസ നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തി തീവ്ര ഹിദുത്വത്തെ പ്രീതിപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്ന നിരാശയിലാണ് ആർഎസ്എസ്. ഈ ഘട്ടത്തിൽ വീണ്ടും അയോധ്യ ഉപയോഗിക്കാനാണ് തീരുമാനം. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വീണ്ടും സജീവമായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുവന്ന് തുടങ്ങിയതായാണ് റിപ്പോർട്ട്. തീവ്രഹിന്ദു വിഭാഗമായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നത്.

അയോധ്യ കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ വാദം നടക്കുകയാണ്. അയോധ്യയിലെ 2.27 ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലികൾക്കും നിർമോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു വിധിച്ചിരുന്നു. മൂന്നംഗ െബഞ്ചിന്റെ വിധിക്കെതിരെ നിർമോഹി അഹാഡ, ഹിന്ദു മഹാസഭ, ജമിയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് തുടങ്ങിയവയും ഹാഷിം അൻസാരിയെന്ന വ്യക്തിയും ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.