- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചകോടിക്കെത്തിയ നേതാക്കൾക്കെല്ലാം മോദിയെ കാണണം; കൈകൊടുക്കാൻ ഒബാമ മുതൽ പുട്ടിൻ വരെ; ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രേലിയയിൽ താരമായത് ഇങ്ങനെ
ആഗോളവിഷയങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, ജി20 ഉച്ചകോടിയിൽ ഇക്കുറി നരേന്ദ്ര മോദിയായിരുന്നു ശ്രദ്ധാകേന്ദ്രം. ഉച്ചകോടിക്കെത്തിയ ലോകനേതാക്കളെല്ലാം മോദിയെ കാണാനും അദ്ദേഹവുമായി ചർച്ച നടത്താനും തിരക്കിട്ടത് അതിന് തെളിവായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനുമൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശ
ആഗോളവിഷയങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും, ജി20 ഉച്ചകോടിയിൽ ഇക്കുറി നരേന്ദ്ര മോദിയായിരുന്നു ശ്രദ്ധാകേന്ദ്രം. ഉച്ചകോടിക്കെത്തിയ ലോകനേതാക്കളെല്ലാം മോദിയെ കാണാനും അദ്ദേഹവുമായി ചർച്ച നടത്താനും തിരക്കിട്ടത് അതിന് തെളിവായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിനുമൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശ്രോതാക്കളായി.
തന്റെ സ്വതസിദ്ധമായ വാക്ചാതുരിയിലൂടെ മോദി നേതാക്കളെ കൈയിലെടുക്കുകയും ചെയ്തു. ഒബാമയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ടുമുള്ള വേദിയിൽ, മോദി സംസാരിച്ചത് അമേരിക്കയിൽ ജനിച്ച് ഓസ്‌ട്രേലിയൻ തലസ്ഥാനത്തിന് രൂപം കൊടുത്ത് ഇന്ത്യയിൽ മരിച്ച ആർക്കിട്ടെക്ട് ഡബ്ല്യു ബി ഗ്രിഫിനെക്കുറിച്ചാണ്. നമുക്കു മൂന്നുപേർക്കും ഒരുപോലെ വൈകാരിക അടുപ്പമുള്ള ഒരു മഹാന്റെ കഥ പറയാമെന്ന ആമുഖത്തോടെ മോദി അതു പറഞ്ഞപ്പോൾ ഒബാമയും ആബട്ടും സാകൂതം കേട്ടിരുന്നു.
ലാൻഡ്‌സ് കേപ്പ് ആർക്കിട്ടെക്ടായ ഗ്രിഫിനാണ് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറ ഡിസൈൻ ചെയ്തത്. ഗ്രിഫിന്റെ കഥയിലൂടെ ഒബാമയെയും ആബട്ടിനെയും മോദി പിടിച്ചിരുത്തിയ വിവരം വിദേശമന്ത്രാലയ വക്താവ് സയ്യദ് അക്‌ബറുദ്ദീനാണു ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. സംഭാഷണത്തിൽ മുഴുകിയിരിക്കുന്ന മൂന്നു നേതാക്കളുടെയും ചിത്രവും അക്‌ബറുദ്ദീൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലക്‌നൗ ക്രിസ്ത്യൻ സെമിത്തേരിയിലെ ഗ്രിഫിന്റെ ശവകുടീരത്തിന്റെ ചിത്രവും ഒപ്പമുണ്ട്.
ലക്‌നൗ സർവകലാശാലാ ലൈബ്രറി രൂപകൽപന ചെയ്യാൻവേണ്ടിയാണ് ഗ്രിഫിൻ ഇന്ത്യിലേക്ക് വരുന്നത്. മഹ്മൂദാബാദിലെ രാജാവിനുവേണ്ടി മ്യൂസിയം, ലൈബ്രറി, ജഹാംഗിറാബാദിലെ രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തഃപുരം, പയനിയർ പ്രസ് ബിൽഡിങ്, ലക്‌നൗ സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ കെട്ടിടം, ജോർജ് അഞ്ചാമൻ ചക്രവർത്തിക്കുള്ള സ്മാരകം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
സമാനമായിരുന്നു ഓരോ ലോകനേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച. ഉച്ചകോടി വേദിയിൽ ടോണി ആബട്ടിനെ ആലിംഗനം ചെയ്ത മോദി ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലോന്ത്, കാനഡ പ്രധാമന്ത്രി സ്റ്റീഫൻ ഹാർപെർ, സൗദി രാജകുമാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സയീദ് എന്നിവരുമായും മോദി ചർച്ച നടത്തിയിരുന്നു. ഇതിന് പുറമെ, ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കളുമായി അനൗദ്യോഗിക സംഭാഷണത്തിലുമേർപ്പെട്ടു. ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്, ബ്രസീൽ പ്രസിഡന്റ് ദിൽമ റൗസേഫ്, പുട്ടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരുമായാണ് മോദി ചർച്ച നടത്തിയത്. ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് എന്നിവരെയും മോദി കാണുന്നുണ്ട്.