യെരുശലേം: മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമ്പോൾ അദ്ദേഹത്തിന് അവിസ്മരണീയമായ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ ജനത. കാൽനൂറ്റാണ്ടിനുശേഷം ആദ്യമായി ഇസ്രയേൽ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തെ വരവേൽക്കുന്നതിന് മുന്നോടിയായി ഇസ്രയേൽ എംബസ്സി ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

ഇസ്രയേൽ മേം ആപ്കാ സ്വാഗത് ഹൈ എന്ന് ഹിന്ദിയിൽ ഇസ്രയേലികൾ മോദിക്ക് സ്വാഗതമോതുന്നതാണ് ഈ വീഡിയോയിലുള്ളത്. ഇസ്രയേലിലേക്ക് ശുഭയാത്രയും നേരുന്നുണ്ട് അവർ. മറ്റൊരു ട്വീറ്റിലൂടെ ഈ ട്വീറ്റിന് നന്ദിപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലേക്ക് പോയത്. അമേരിക്കൻ പ്രസിഡന്റിനുപോലും ലഭിക്കാത്തത്ര സ്വീകരണമാണ് മോദിയെ ഇസ്രയേലിൽ കാത്തിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങളിലെല്ലാം മോദിയുടെ വരവിന്റെ പ്രധാന്യത്തെക്കുറിച്ച് ഇതിനകം വലിയ ലേഖനങ്ങൾ വരികപോലുമുണ്ടായി.

ഫലസ്തീനെ തള്ളാതെ മോദി

സാധാരണ ഏതുലോകനേതാക്കൾ ഇസ്രയേൽ സന്ദർശിച്ചാലും അവർ ഫലസ്തീൻ നേതാക്കളെയുംകൂടി കാണുന്നത് പതിവാണ്. എന്നാൽ, ഇക്കുറി ആ പതിന് തെറ്റിച്ചാണ് മോദി സന്ദർശനം നടത്തുന്നത്. രാമള്ളയിലെത്തി ഫലസ്തീൻ നേതാക്കളെ കാണാതെയാകും അദ്ദേഹം ജർമനിയിലേക്ക് മടങ്ങുക.

ഫലസ്തീനിൽ പോകുന്നില്ലെങ്കിലും, മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസ്സി ടെൽ അവീവിൽനിന്ന് ജെറുസലേമിലേക്ക് മാറ്റുന്നത് ജെറുസലേമിനെക്കുറിച്ചുള്ള തർക്കം ഇസ്രയേലും ഫലസ്തീനും പരിഹരിച്ചതിനുശേഷം മാത്രമാകുമെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.