ന്യൂഡൽഹി: ഇന്നലെ തീർത്തും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാകുമെന്ന് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി ഈ തീരുമാനം കേട്ട് എല്ലാവർക്കും ഞെട്ടലാണ് ഉണ്ടായത്. നോട്ടുകൾ അസാധുവാക്കാനുള്ള കാരണമായി മോദി ചൂണ്ടിക്കാട്ടിയത് കള്ളപ്പണവും കള്ളനോട്ടും അവസാനിപ്പിക്കുകയെന്നതായിരുന്നു. എന്നാൽ ഇതാദ്യമായല്ല, രാജ്യത്ത് നോട്ടുകൾ അസാധുവാക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് വിനിമയത്തിനായി ഉപയോഗിച്ചിരുന്ന 5000, 10000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോഴും അന്നത്തെ കേന്ദ്ര സർക്കാർ പറഞ്ഞത് ഇതേ കാരണങ്ങളൊക്കെ തന്നെയായിരുന്നു.

മോദിക്ക് മുൻഗാമി മറ്റാരുമായിരുന്നില്ല. അത് മൊറാർജി ദേശായി ആയിരുന്നു. അന്ന് തീർത്തും നാടകീയമായിട്ടായിരുന്നു തീരുമാനം. ഇന്ത്യയിൽ ഇതിനുമുമ്പ് കറൻസി നോട്ടുകൾ നാടകീയമായി പിൻവലിച്ചത് 1978ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാറായിരുന്നു. കള്ളപ്പണവും കള്ളനോട്ടും തടയാൻ ലക്ഷ്യമിട്ട് 1000, 5000, 10,000 രൂപാ കറൻസികളാണ് അന്ന് പിൻവലിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ആയിരത്തിന്റെ കറൻസി തിരിച്ചെത്തിയത്.

ജനവരി 16ന് കാബിനറ്റ് യോഗത്തിനുശേഷമായിരുന്നു രാത്രി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി പ്രഖ്യാപനം നടത്തിയത്. 17ന് ബാങ്കുകൾക്ക് അവധിപ്രഖ്യാപിക്കുകയും ചെയ്തു. വലിയനോട്ടുകൾ പിൻവലിച്ചത് അന്ന് സാധാരണക്കാരെ കാര്യമായി ബാധിച്ചില്ല. എന്നാൽ, വൻകിടക്കാർക്കിടയിൽ നടപടി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. മുംബൈയിൽ കള്ളപ്പണക്കാർ 1000 രൂപാനോട്ടുകൾ 500 രൂപയ്ക്ക് വിറ്റഴിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1938 ലാണ് പതിനായിരം രൂപയുടെ കറൻസി ആർബിഐ പുറത്തിറക്കുന്നത്. 1946 ൽ അസാധുവാക്കിയ ശേഷം 1954 ൽ പോയതു പോലെ തിരിച്ചെത്തിക്കുകയും ചെയ്തു. തുടർന്ന് 1978 വരെ 10000 രൂപയുടെ നോട്ടുകൾ വിപണിയിലുണ്ടായിരുന്നു. 5000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയും 1954 ലായിരുന്നു. ഇവ രണ്ടും 1978 ലാണ് പിൻവലിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവിൽ വന്ന മൊറാർജി ദേശായി നേതൃത്വം നൽകിയ ജനതാ പാർട്ടിയുടെ സർക്കാരാണ് ഈ നിർണായക തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ മൊറാർജിയുടെ പിൻഗാമിയായാണ് മോദി എത്തുന്നതും. പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ കഴിയുമെന്ന ന്യായീകരണവുമായാണ് 1987 ൽ 500 രൂപ നോട്ടും 2000 ത്തിൽ ആയിരം രൂപ നോട്ടും പുറത്തിറക്കിയത്. ഇപ്പോൾ ആദ്യമായാണ് രാജ്യത്ത് 2000 രൂപയുടെ നോട്ട് അവതരിപ്പിക്കുന്നത്.

മാർച്ച് 2016ൽ അവസാനിച്ച സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് 16,41,500 ലക്ഷം കോടി രൂപയുടെ ബാങ്ക് നോട്ടുകളാണ് ഇന്ത്യയിൽ സർക്കുലേഷനിലുള്ളത്. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 14.9 ശതമാനം വർധനയാണിത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാത്രമാണ് സർക്കുലേഷനിലുള്ള കറൻസിയുടെ 86.4 ശതമാനവും. ഇതേസമയം, ഇന്ത്യയിലെ കള്ളപ്പണത്തിന്റെ കണക്കുകൾ നൂറു ബില്യനുമപ്പുറം വരും. എന്നാൽ നികുതിയിളവുള്ള രാജ്യങ്ങളിലെ നിക്ഷേപം കള്ളപ്പണത്തിന്റെ രൂപത്തിൽ 180 ബില്യൺ ഡോളറിലേറെയാണ്. ഇതുകൂടാതെ കള്ളപ്പണം സുരക്ഷിതമാക്കാനുള്ള റിയൽ എസ്റ്റേറ്റ്, സ്വർണം, നികുതിയിളവുള്ള സാമ്പത്തിക മേഖലകൾ എന്നിവടങ്ങളിലെ നിക്ഷേപങ്ങളുമുണ്ടാകും.