വാഷിങ്ടൺ: വിസാ വിവാദത്തിന് വിട, ചുവന്ന പരവതാനി വിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിച്ചു. ചലിയേൻ സാത്ത്, സാത്ത്-ഒബാമയോട് മോദിക്ക് പറയാനുണ്ടായിരുന്നത് ഇതു മാത്രമായിരുന്നു. ഒബാമ സമ്മതിക്കുകയും ചെയ്തു. അങ്ങനെ യോജിച്ച് പോകാൻ അമേരിക്കയും ഇന്ത്യയും തീരുമാനിച്ചെന്ന സംയുക്ത പ്രസ്താവനയും എത്തി.

വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിന് ശേഷം മാതൃകാ ബന്ധം വികസിപ്പിക്കാനും ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. പരസ്പര സഹകരണവും ശക്തമാക്കും. തീവ്രവാദത്തിന്റെ വെല്ലുവിളിയും ഇരുരാജ്യങ്ങളും മനസ്സിലാക്കുന്നു. ഭീകരവാദത്തെ സംയുക്തമായി ചെറുക്കുമെന്നാണ് സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും വിശദീകരിക്കുന്നത്. ആണവേർജ്ജ സഹകരണവും മെച്ചപ്പെടുത്തും. ഇതിനെല്ലാമായി ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം ശക്തമാക്കാനാണ് മോദി-ഒബാമ കൂട്ടിക്കാഴ്ചയുടെ തീരുമാനം.

വൈറ്റ് ഹൗസിലൊരുക്കിയ അത്താഴ വിരുന്ന് മോദിക്കുള്ള ഒബാമാ ഭരണകൂടത്തിന്റെ സ്വീകരണമൊരുക്കൽ കൂടിയായിരുന്നു. ഔദ്യോഗിക ചർച്ചകളൊന്നും നടന്നില്ല. അനൗദ്യോഗിക കൂടിക്കാഴ്ചയിൽ നിന്നു പോലും സംയുക്ത പ്രസ്താവനയെത്തുമ്പോൾ ഇന്ന് നടക്കുന്ന നയതന്ത്രതല ചർച്ചയിൽ പ്രതീക്ഷ ഏറുകയാണ്. ഇന്ത്യയെ സുപ്രധാന പങ്കാളിയായി അമേരിക്ക പ്രഖ്യാപിക്കുമെന്നാണ് സൂചന. വ്യവസായ-ഭീകര വിഷയങ്ങളിലെല്ലാം സഹകരണം ഉറപ്പാക്കും.

പരസ്പര സഹകരണത്തിന്റെ പ്രസക്തിയാണ് മോദിയും ഒബാമയും പങ്കുവച്ചത്. ഇരുരാജ്യങ്ങൾക്ക് മാത്രമല്ല ലോകത്തിനും ഈ സഹകരണത്തിന്റെ ഗുണമുണ്ടാകുമെന്നാണ് ഇരു നേതാക്കളുടേയും വിലയിരുത്തൽ. ഇതുപത്തിയൊന്നാം നൂറ്റാണ്ടിൽ പരസ്പര വിശ്വാസമുള്ള പരിവർത്തനത്തിന്റെ ബന്ധമാണ് ഇന്ത്യയും അമേരിക്കയും മുന്നോട്ട് വയ്ക്കുകയെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ചെലേൻ സാത്ത്, സാത്ത് അഥവാ ഫോർവേർഡ് ടുഗദർ വീ ഗോ-എന്നതാകും സഹകരണ മന്ത്രം.

തീവ്രവാദത്തിന്റ ഭീഷണിയെ ഒരുമിച്ച് നേരിടും സ്വന്തം പൗരന്മാരുടേയും രാജ്യത്തേയും ഭീകരാക്രമണത്തിൽ നിന്ന് മുക്തരാക്കാൻ കൈക്കോർക്കും. പ്രകൃതി ദുരന്തങ്ങളും മറ്റ് പ്രതിസന്ധികൾക്കും മനുഷ്യത്വപരമായ സഹകരണം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവന പറയുന്നു. ആണവ സഹകരണവും ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

മോദിക്കായി വൈറ്റ് ഹൗസിൽ പ്രസിഡന്റ് ബറാക് ഒബാമ ഒരുക്കിയ പ്രത്യേക വിരുന്നിൽ സസ്യാഹാരം മാത്രമായിരുന്നു വിഭവങ്ങൾ. ലഹരിപാനീയങ്ങളുണ്ടായിരുന്നില്ല. മോദി കുടിച്ചതു ചൂടുവെള്ളം മാത്രം. നവരാത്രി വ്രതമുള്ളതിനാൽ പ്രധാനമന്ത്രി ഉപവാസത്തിലാണ്. ഈ സാഹചര്യത്തിൽ സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന് വൈറ്റ് ഹൗസിന് കൈമാറിയ മെനുവിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ മൂന്നു വരെയാണു മോദിയുടെ നവരാത്രി വ്രതം.