അന്താല്യ: ലോക രാഷ്ട്രങ്ങൾ ഭീകരതയ്‌ക്കെതിരായി ഒന്നിച്ചുപോരാടേണ്ട സമയം അതിക്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കായി തുർക്കിയിലെത്തിയ മോദി ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിൽ സംസാരിക്കവെയാണ് ആഗോളസഖ്യത്തിന്റെ പ്രസക്തിയെക്കുറിച്ചു പരാമർശിച്ചത്.

ഭീകരവാദത്തെ അമർച്ച ചെയ്യാൻ ലോകരാജ്യങ്ങളുടെ ഐക്യം കൂടുതൽ ശക്തിപ്പെടണം. പാരീസിൽ നടന്ന പൈശാചികമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ആഗോളസഖ്യം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

തുർക്കിയിലെ അന്താല്യയിലാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബ്രിക്‌സ് അദ്ധ്യക്ഷ സ്ഥാനം 2016 ഫെബ്രുവരി ഒന്നിന് ഇന്ത്യ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസംഗം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ഇന്ത്യ മുൻതൂക്കം നൽകുമെന്നു മോദി പറഞ്ഞു. എല്ലാ ബ്രിക്&സ് രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഭീകരതാവിരുദ്ധ പോരാട്ടത്തിൽ അണിനിരക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ഈജിപ്റ്റിലുണ്ടായ റഷ്യൻ വിമാന ദുരന്തത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ഭരണനേതാക്കളായ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സൂമ, ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉച്ചകോടി തുടങ്ങുന്നതിന് ഏതാനും മണിക്കൂർ മുമ്പ് തുർക്കിയിൽ ഐസിസ് രണ്ട് ചാവേർ ആക്രമണങ്ങൾ നടത്തിയിരുന്നു. പാരീസ് ഭീകരാക്രമണം ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക അജണ്ടയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണു സൂചന. പാരീസ് ഭീകരാക്രമണം കൂടാതെ സിറിയൻ ആഭ്യന്തരയുദ്ധം, യൂറോപ്പിൽ അഭയാർത്ഥി പ്രവാഹം സൃഷ്ടിക്കുന്ന പ്രതിസന്ധി, ഐസിസ് സൃഷ്ടിക്കുന്ന ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങൾ ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളാകും.