ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറൻസികൾ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ സാമ്പത്തിക വിപ്‌ളവം രാജ്യത്തിന് ഏതാണ്ട് മൂന്നുലക്ഷം കോടിരൂപയുടെ നേട്ടം ആദ്യഘട്ടത്തിൽതന്നെ നേടിക്കൊടുക്കുമെന്ന് റിപ്പോർട്ട്. കള്ളപ്പണത്തിന് തടയിടാനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജകറൻസി പാടെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് പൊടുന്നനെ നടത്തിയ 'സർജിക്കൽ സ്‌ട്രൈക്ക്' എന്തിനായിരുന്നെന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തവരുന്നത്.

ഇതോടൊപ്പം ഒരു വലിയ വിമർശനവും മോദി സർക്കാരിനെതിരെ ഉയരുന്നുണ്ട്. കിട്ടാക്കടംകൊണ്ട് വട്ടംതിരിയുന്ന കമേഴ്‌സ്യൽ ബാങ്കുകളേയും പൊതുമേഖലാ ബാങ്കുകളേയും തൽക്കാലം രക്ഷിക്കാനായിരുന്നു മോദിയുടെ ഈ അപ്രഖ്യാപിത നീക്കമെന്നും അല്ലാതെ കള്ളപ്പണം ഇല്ലാതാക്കൽ അജണ്ട വെറും പറച്ചിൽ മാത്രമാണെന്നുമുള്ള വാദവും ചർച്ചകളിൽ സജീവമാകുന്നുണ്ട്.

ഐസ്‌ലാൻഡ് എന്ന ചെറുരാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉതപാദനത്തിന്റെ മൂന്നുമടങ്ങുവരുന്ന തുകയാണ് ഒറ്റയടിക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുന്നത്. മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ എഡ്ൽവീസ് സെക്യൂരിറ്റീസ് ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യൻ ബജറ്റിനോട് 45 ബില്യൺ ഡോളർ (ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ) കൂട്ടിച്ചേർക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രവചനം.

രാജ്യത്തെ മൊത്തം കറൻസി തുകയുടെ 86 ശതമാനംവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ. ശേഷിക്കുന്ന തുച്ഛമായ തുക മാത്രമാണ് മറ്റു കറൻസികളിൽ വ്യവഹരിക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ നീക്കം കള്ളപ്പണം കറൻസിയായി സൂക്ഷിക്കുകയും ദൈനംദിന കച്ചവടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാകുമെന്നാണ് സാമ്പത്തികവിദഗ്ധരിൽ ഭൂരിഭാഗത്തിന്റെയും വിലയിരുത്തൽ. പക്ഷേ മൂന്നുലക്ഷം കോടിയല്ല മറിച്ച് നാലര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇന്ത്യക്കുണ്ടാവുകയെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പ്രവചനം.

ചൊവ്വാഴ്ച രാത്രിയാണ് അതീവ രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സുപ്രധാന തീരുമാനം അറിയിച്ചത്. വൈകീട്ട് ഏഴുമണിയോടെ ക്യാബിനറ്റ് മീറ്റിങ് വിളിച്ചപ്പോൾ എത്തിയ മന്ത്രിമാരിൽ ചില സീനിയർ മന്ത്രിമാർക്കുമാത്രമേ ഇതേപ്പറ്റി അറിവുണ്ടായിരുന്നുള്ളു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ മന്ത്രിമാരെ പോലും പുറത്തുവിടാതെ പിടിച്ചിരുത്തിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോയത്. ക്യാബിനറ്റ് മീറ്റിംഗിൽ ഈ അനൗൺസ്‌മെന്റിന്റെ കാര്യം വെളിപ്പെടുത്തിയ ശേഷം രാഷ്ട്രപതിയെ മാത്രം ഇക്കാര്യം അറിയിക്കുകയും പിന്നീട് രാഷ്ട്രത്തോട് വിവരം പ്രഖ്യാപിക്കുകയുമായിരുന്നു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ റിസർവ് ബാങ്ക് പ്രതിനിധികൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന നിർദ്ദേശം നേരത്തേ നൽകിയിരുന്നു.

രാജ്യത്ത് ഓടിക്കളിക്കുന്നത് നാലായിരം കോടിയിലേറെ രൂപയുടെ വ്യാജനോട്ടുകൾ

ഇതോടെ മന്ത്രിമാരുൾപ്പെടെ ആരിൽനിന്നും വിവരം ചോരാതിരിക്കാൻ മുൻകരുതലെടുത്ത ശേഷമായിരുന്നു തീരുമാനത്തിന്റെ പ്രഖ്യാപനം. 17.8 ലക്ഷം കോടിയുടെ കറൻസിയാണ് രാജ്യത്ത് സർക്കുലേറ്റ് ചെയ്യപ്പെടുന്നതെന്നാണ് കണക്ക്. ഇതിന്റെ 86 ശതമാനം പിൻവലിച്ച് പകരം പുതിയത് നൽകുകയെന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുത്തത്. അതിനാൽത്തന്നെ ഇത്രയും തുക മാർക്കറ്റിൽ നിന്ന് പിൻവലിച്ച് പകരം പുതിയത് നൽകുമ്പോൾ സമയമെടുക്കുന്നതും സർക്കാരിന് വലിയ ഗുണംചെയ്യും. അമ്പതുദിവസത്തെ പ്രക്രിയയിലൂടെയാണ് പിൻവലിച്ച കറൻസിയുടെ പുനഃസ്ഥാപനം ഉദ്ദേശിക്കുന്നത്. ഇതിൽ എത്രമടങ്ങ് കള്ളപ്പണമാണെന്നതിന്റെ ചിത്രം പൂർണമായും വ്യക്തമാകണമെങ്കിൽ ഡിസംബർ 30 വരെ കാത്തിരിക്കേണ്ടിവരും.

രാജ്യത്ത് സമാന്തര സമ്പദ് വ്യവസ്ഥയായി വളർന്നുവരികയായിരുന്നു കള്ളനോട്ടിന്റെ ആധിക്യം. പാക്കിസ്ഥാനിൽ നിന്ന് ബംഗഌദേശ് വഴി ഇന്ത്യയിലേക്ക് കടത്തുമ്പോൾ 2014ൽ പിടികൂടിയത് മാത്രം 1.79 ലക്ഷം രൂപയുടെ വ്യാജനോട്ടുകളായിരുന്നു. കഴിഞ്ഞവർഷം ഇങ്ങനെ പിടിയിലായതാകട്ടെ 2.6 ലക്ഷം രൂപയുടെ വ്യാജനോട്ടുകളും. ഈവർഷം ഓഗസ്റ്റ് വരെ മാത്രം 1.15 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പിടികൂടിയതിന്റെ എത്രയോ ഇരട്ടി നോട്ടുകൾ പാക്കിസ്ഥാൻ ഇന്ത്യയിലെത്തിക്കുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്ത് ഏതാണ്ട് 4,000 കോടി രൂപയുടെ വ്യാജ നോട്ടുകൾ രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്നതായും ഇതിൽ വർഷംതോറും 70 കോടി രൂപയുടെ കള്ളനോട്ട് സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറുന്നതായും ആണ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുള്ളത്.

ഇത്രയും കള്ളനോട്ടിന്റെ കാര്യമാണെങ്കിൽ കള്ളപ്പണത്തിന്റെ കാര്യം മറ്റൊരു രീതിയിലാണ്. വൻകിട കള്ളപ്പണക്കാരെ പിടികൂടാൻ മോദിയുടെ ഈ ബുദ്ധി പോരെന്നും അവരുടെ പണം രാജ്യത്തിന് പുറത്തും സ്വർണ രൂപത്തിലും സുരക്ഷിതമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ചെറുകിട നികുതിവെട്ടിപ്പുകാർക്ക് ഇപ്പോഴത്തെ നീക്കത്തിൽ പിടിവീഴുകയോ അവർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആവുകയോ ചെയ്‌തേക്കാം. കുഴൽപ്പണം, ഹവാല തുടങ്ങിയ ഇടപാടുകാർക്കാണ് വൻ തിരിച്ചടിയാകുക.

ചെറുകിട വാതുവയ്പുകാർക്കും കറൻസിയായി ഈ ആവശ്യങ്ങൾക്കുവേണ്ടി കൈവശംവച്ചിരുന്ന വൻതുകകൾക്കും ഇതോടെ വെളിച്ചംകാണാനാകാത്ത സ്ഥിതിയാകും. ഇതിന്റെ കണക്കാണ് ആദ്യം പറഞ്ഞതുപോലെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകാവുന്ന മൂന്നുലക്ഷം കോടി രൂപയുടേത്. ഇതിൽ പലതും വെളുപ്പിക്കാൻ ശ്രമിച്ചാലും നികുതിയായും ഫൈനായും ഖജനാവിന് ന്യായമായും ചെന്നുചേരേണ്ട തുക ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ കുറച്ചെങ്കിലും കള്ളപ്പണം ബാങ്കുകളിൽ എത്തുമെന്ന പ്രതീക്ഷയും കേന്ദ്രസർക്കാരിനുണ്ട്.

സേവിങ്‌സ് അക്കൗണ്ടുകൾക്കു പുറമെ കറന്റ് അക്കൗണ്ടുകളിലും ഡിസംബർ 30 വരെയുള്ള അമ്പത് ദിവസങ്ങളിലും കർശന നിരീക്ഷണമുണ്ടാകും. അതായത് കമ്പനികളുടെ പേരിലും അധിക ലാഭമുണ്ടാക്കിയെന്നോ അധിക വിറ്റുവരവുണ്ടായെന്നോ പറഞ്ഞ് പൊടുന്നനെ ലാഭം ഉയർത്തിക്കാട്ടി പൂഴ്‌ത്തിവച്ച തുക പൊടുന്നനെ ബാങ്കുകളിൽ എത്തിക്കാനാവില്ലെന്ന് ചുരുക്കം. ഇത്തരത്തിൽ 2.5 ലക്ഷത്തിൽ കൂടുതൽ തുക ഒറ്റയടിക്ക് ബാങ്കിൽ വിനിമയത്തിനെത്തിയാൽ വ്യക്തമായ ഉറവിടം കാണിക്കാൻ ഇടപാടുകാരൻ ബാധ്യസ്ഥനായിരിക്കും. ഈ 50 ദിവസ കാലയളവിൽ കുടുതൽ തുകകൾ എത്തുന്നതും പോകുന്നതുമായ അക്കൗണ്ടുകളും കർശനമായി നിരീക്ഷിക്കപ്പെടും.

മോദിയും റിസർവ് ബാങ്കും ശ്രമിക്കുന്നത് ബാങ്കുകളെ രക്ഷിക്കാനോ?

സർക്കാരിന്റെ പുതിയ കറൻസി നിരോധത്തിനെ അനുമോദിച്ചുകൊണ്ട നിരവധി പേർ രംഗത്തെത്തുമ്പോഴും വലിയൊരു വിമർശനവും അതിനെതിരെ സജീവമാണ്. രാജ്യത്തെ ബാങ്കുകൾ നേരിടുന്ന വൻ സാമ്പത്തിക ദുരന്തത്തിൽ നിന്ന് അവരെ രക്ഷിക്കാനായി മോദിയും റിസർവ് ബാങ്കും നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നും അല്ലാതെ കള്ളപ്പണം പിടിക്കലല്ല ഉദ്ദേശ്യമെന്നും ആണ് വാദം. 2013ൽ കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇന്ത്യൻ രൂപയുടെ വില അമേരിക്കൻ ഡോളറിനെതിരെ വളരെ വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഇത് പിടിച്ചുനിർത്താൻ മന്മോഹൻ സർക്കാർ ആവുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. ഒടുവിൽ അന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജനാണ് ഉപായം നിർദ്ദേശിച്ചത്.

പ്രവാസികളിൽ നിന്ന് വൻ പലിശ നൽകി നിക്ഷേപം സ്വീകരിക്കുക. ഇത്തരത്തിൽ വിദേശനാണ്യം ഇന്ത്യയിലെത്തുന്നത് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സഹായകമാകും. അത്തരത്തിൽ അന്ന് സഹായമായത് പ്രവാസികളുടെ പണമാണ്. 18 ശതമാനം പരിശ നൽകി നിക്ഷേപ സമാഹരണ യജ്ഞത്തിലടെ ഫോറിൻ കറൻസി നോൺ റസിഡന്റ് ഡെപ്പോസിറ്റ് സ്വീകരിച്ചുകൊണ്ട് രണ്ടുലക്ഷം കോടി രൂപയാണ് (26 ബില്യൺ ഡോളർ) അന്ന് സമാഹരിച്ചത്. രൂപയുടെ മൂല്യം 70 രൂപവരെ ഇടിഞ്ഞെങ്കിലും ഈ നടപടിയോടെ അതിനെ പിടിച്ചുനിൽക്കാൻ രാജ്യത്തിന് കഴിഞ്ഞു. മൂന്നുവർഷം കാലാവധിക്ക് അന്ന് വാങ്ങിയ പണം ഈവർഷം ഡിസംബർ 31നകം വിദേശ ഇന്ത്യക്കാർ പിൻവലിക്കും. ഇത് ഇന്ത്യ ഈ വരുന്ന അമ്പതു ദിവസങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്.

'2013ൽ നമ്മുടെ ആർ ത്രീ നമ്മുടെ സാമ്പത്തിക സംവിധാനത്തിൽ ഒരു ടൈംബോംബ് വച്ചിട്ടുണ്ട്. 2016 ഡിസംബറിലേക്കാണ് അതിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. അപ്പോൾ ബാങ്കുകൾ വിദേശ നാണ്യമായി 2,400 കോടി ഡോളർ തിരികെ നൽകണം.' - ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ ഇക്കഴിഞ്ഞ ജൂൺ എട്ടിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. - ആർ ത്രീ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് താൻ ശത്രുസ്ഥാനത്ത് കാണുന്ന മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെയാണ്. ഇരുവരും തമ്മിലുള്ള ശത്രുതയുടെ പുറത്താണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം തുറന്നടിച്ചതെങ്കിലും ആ ടൈംബോബ് പൊട്ടുന്നതിന് മുമ്പ് ബാങ്കുകളെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് മോദി ഇപ്പോൾ കറൻസി നിരോധനം കൊണ്ടുവന്നതെന്ന വാദമാണ് ഉയരുന്നത്.

അമ്പതുദിവസംകൊണ്ട് കുറേശ്ശയായി മാത്രമേ പഴയ കറൻസി മാറ്റി പുതിയത് നൽകേണ്ടിവരൂ എന്നതിനാലും ട്രാൻസാക്ഷന്റെ പരിധി കുറച്ചിരിക്കുന്നതിനാലും ജനങ്ങളുടെ കുറേയേറെ പണം അക്കൗണ്ടുകളിൽ തന്നെ കിടക്കുന്നത് ബാങ്കുകൾക്ക് നേട്ടമാകും. ഇതു ലക്ഷ്യമിട്ടാണ് ഇപ്പോൾ കറൻസി നിരോധിച്ചതെന്നും പറയപ്പെടുന്നു. കുറച്ചുകൂടി സുതാര്യമായി പറഞ്ഞാൽ ആയിരത്തിന്റേയും അഞ്ഞൂറിന്റെയും കറൻസി ഒറ്റയടിക്ക് ഇല്ലാതാക്കുക വഴി ജനങ്ങളെ താൽക്കാലികമായി ഒന്ന് 'പോക്കറ്റടിക്കുകയാണ്' സർക്കാർ ചെയ്തതെന്ന് പറയാം. കൈവശം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഒരു നോട്ടുമുതൽ ഒരുകെട്ട് നോട്ടുള്ളവനെ വരെ ഒറ്റയടിക്ക് സർക്കാർ ഇത്തരത്തിൽ പോക്കറ്റടിച്ചു.

ജനത്തിന്റെ കൈവശമുണ്ടായിരുന്നതും വിപണിയിൽ ഓടിക്കൊണ്ടിരുന്നതുമായ ആ പണമെല്ലാം ഒരു പ്രഖ്യാപനംകൊണ്ട ബാങ്കുകളുടെ കയ്യിലായി. ഇനി തിരിച്ചുതരുന്നതാകട്ടെ ഘട്ടം ഘട്ടമായി.. പതുക്കെയാണ്. അതായത് അമ്പതു ദിവസമെടുത്ത്. അപ്പോഴേക്കും ഈ പുറത്ത് ഓടുന്ന പണത്തിൽ നല്ലൊരു പങ്ക് കള്ളപ്പണമാണെന്നതിനാൽ ബാങ്കിലേക്ക് മാറാനായി വരില്ല. അത് സർക്കാരിന്റെ കൈവശം നിൽക്കുകയും ചെയ്യും. ഇതാണ് മോദി ചെയ്ത സർജിക്കൽ സ്‌ട്രൈക്ക്.

അതേസമയം, ഇത് രാജ്യത്തെ ബാങ്കുകളേയും സമ്പദ് വ്യവസ്ഥയെയും രക്ഷിക്കാനായതിനാൽ അതിനെ കുറുക്കുവഴി എന്ന നിലയിൽ വിലയിരുത്തേണ്ട കാര്യമില്ലെന്നും നല്ലൊരു സാമ്പത്തികതന്ത്രമായി കണ്ടാൽ മതിയെന്നുമാണ് ബിജെപി അനുകൂല ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ബാങ്കുകളെ രക്ഷിക്കാനായിരുന്നെങ്കിൽ അക്കാര്യം പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ഉൾപ്പെടെ വെട്ടിലാക്കി ഇത്തരമൊരു നീക്കം നടത്തിയതെന്തിനെന്ന ചോദ്യമാണ് മറുപക്ഷം ഉയർത്തുന്നത്.

പക്ഷേ, സത്യം ഇതിന്റെ മറുവശത്താണ്. മൂന്നുലക്ഷം കോടിയോളം രൂപയാണ് വിദേശ ഇന്ത്യക്കാരിൽ നിന്ന് വാങ്ങി 18 ശതമാനം പലിശയോടെ ഈ വരുന്ന ഡിസംബർ 31നകം തിരികെ നൽകേണ്ടത്. ഇപ്പോൾ മാർക്കറ്റിലോടുന്ന കള്ളപ്പണം തടയാനായാൽ തന്നെ രാജ്യത്തിന് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ മൂന്നുലക്ഷം കോടി രൂപയോളമോ അതിലേറെയോ ലാഭിക്കാം. അപ്പോൾ മോദിയുടെ നീക്കത്തെ 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം' എന്ന മട്ടിൽ നോക്കിക്കണ്ടാൽ മതി. രണ്ടും രാജ്യത്തിന്റെ ഗുണത്തിന് വേണ്ടിയല്ലേ..