ന്യൂഡൽഹി: പതിവുതെറ്റിക്കാതെ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത് അതിർത്തി കാക്കുന്ന സൈനികർക്കൊപ്പം. പാക്കിസ്ഥാൻ നിരന്തരം ഭീഷണി ഉയർത്തുന്ന കശ്മീർ അതിർത്തിയിലാണ് സൈനിക വേഷത്തിലെത്തിയ മോദി ഇത്തവണ ദീപാവലി ആഘോഷത്തിന് എത്തിയത്.

ഇന്ത്യൻ സൈനികർ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെ എത്തിയ മോദി മധുരം വിതരണം ചെയ്ത് സൈനികർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. തുടർച്ചയായ നാലാം വർഷമാണ് അതിർത്തി സംരക്ഷിക്കുന്ന സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ൽ സിയാച്ചിനിലെ സൈനികരുടെ അടുത്താണ് മോദി എത്തിയത്.

കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗുറെസ് താഴ്‌വരയിലെ കരസേന, അതിർത്തി രക്ഷാ സേന അംഗങ്ങൾക്കൊപ്പമായിരുന്നു ആഘോഷം. സൈനികർക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് ഇവിടെ എത്തിച്ചതെന്നും വ്യക്തമാക്കി.

സ്വന്തക്കാരിൽനിന്ന് അകന്നുകഴിയുന്ന, ജീവത്യാഗം ചെയ്തും മാതൃരാജ്യത്തെ സംരക്ഷിക്കുന്ന എല്ലാ സൈനികരും ധീരതയുടെയും സമർപ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഇത്തവണ ദീപാവലി നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ അവസരം ലഭിച്ചു. അതിർത്തി സംരക്ഷിക്കുന്ന ധീരന്മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരിൽ ഇത്തരം ആഘോഷ വേളകളിൽ കൂടുതൽ ഊർജവും പുതുപ്രതീക്ഷയമാവുന്നു. 'പുതിയ ഇന്ത്യ' എന്ന സ്വപ്‌നത്തിനായി കൈകോർക്കാനുള്ള സുവർണാവസരമാണ് ഇത്. സൈന്യവും ഇതിന്റെ ഭാഗമാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ. - മടങ്ങുമ്പോൾ ക്യാമ്പിലെ സന്ദർശക ഡയറിയിൽ മോദി കുറിച്ചു.

ഗുറെസ് താഴ്‌വരയിലെ സൈനികർക്കൊപ്പം രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങിയത്. പാക് അധീന കശ്മീർ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ആഘോഷം നടന്നത്. കഴിഞ്ഞ 27 വർഷത്തിനിടെ ഒട്ടേറെത്തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിർത്തൽ കരാർ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലത്താണ് മോദി എത്തിയത്.

സൈനികർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ ഊർജദായകമായിരുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പരസ്പരം മധുരം കൈമാറുകയും സൈനികരുമായി സംവദിക്കുകയും ചെയ്തതായി വ്യക്തമാക്കിയ അദ്ദേഹം, ഇതിന്റെ ചിത്രങ്ങളും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു. സൈനികർ എല്ലാദിവസവും യോഗ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും  വ്യക്തമാക്കിയ മോദി സൈനിക സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നവരോട് യോഗ അദ്ധ്യാപകർ ആകാനും ആഹ്വാനം ചെയ്തു. പ്രതികൂല സാഹചര്യങ്ങളെ ശാന്തരായി നേരിടാനും പ്രതിരോധ കഴിവുകൾ നിലനിർത്താനും യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് സഹായകമാണെന്ന് മോദി ഓർമ്മിപ്പിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന 2022നു മുന്നോടിയായി, ഓരോ പൗരനും പൂർത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. ദിനേന ചെയ്യേണ്ട കാര്യങ്ങളും ജോലിയുമെല്ലാം എളുപ്പമാക്കാൻ പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാനും പ്രധാനമന്ത്രി സൈനികരെ ആഹ്വാനം െചയ്തു.

കരസേന, നാവികസേന, വ്യോമസേനാ ദിനങ്ങളിൽ ഇത്തരം പരീക്ഷണങ്ങളിൽ വിജയം കാണുന്നവരെ പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. വർഷങ്ങളോളം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതി നടപ്പാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിയുന്ന വിധത്തിലെല്ലാം സൈനികരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി.