കൊച്ചി: 500, 1000 രൂപ കറൻസികൾ ഒറ്റയടിക്ക് പിൻവലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കള്ളപ്പണക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. നികുതി നൽകാതെ സ്വത്ത് സമ്പാദിക്കുന്നവരെ പിടിച്ചു കെട്ടുക. തീവ്രവാദ പ്രവർത്തനത്തിന് തടയിടുക എന്നിവയായിരുന്നു പ്രധാനമന്ത്രി ഉന്നമിട്ടത്. കള്ളപ്പണവും കുഴൽപ്പണവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുന്നത് തിരിച്ചറിഞ്ഞുള്ള ഇടപെടൽ. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാർക്കും ഈ പ്രഖ്യാപനത്തിൽ പണികിട്ടി. രണ്ടാഴ്ചയ്ക്കുള്ളിൽ വസ്തുവിറ്റ ചെറുകിടക്കാർ പോലും പ്രതിസന്ധിയിലായി.

ആധാരം ചെയ്യുമ്പോൾ നികുതി കുറയ്ക്കാനായി വിപണി വില കുറച്ചാണ് ക്രയവിക്രയം നടത്താറുള്ളത്. ഇത് പതിവുമാണ്. ഇങ്ങനെ ആധാരം ചെയ്തവരുടെ കൈയിൽ കള്ളപ്പണത്തിന് സമാനമായി ലക്ഷങ്ങൾ എത്തി. ഇവയെല്ലാം ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ്. ഇവ സാധാരണക്കാർക്ക് മാറ്റിയെടുക്കുകയെന്നത് അസാധ്യമാകും. നാലായിരം രൂപ മാത്രമേ പോസ്റ്റ് ഓഫീസിൽ നിന്നും ബാങ്കുകളിൽ നിന്നും മാറ്റിയെടുക്കാനാകൂ. അമ്പതിനായിരം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ ബാങ്കുകളിലെത്തിയാൽ അതിന്റെ ഉറവിടവും പറയേണ്ടി വരും. ഇതോടെ ആധാരം എഴുതിയതിലെ നികുതി വെട്ടിപ്പ് പുറത്താകും. വസ്തു വാങ്ങിയവനും കുടുങ്ങാൻ സാധ്യത ഏറെയാണ്. ഇ

ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതിനുശേഷമുള്ള പ്രഖ്യാപനം സാധാരണക്കാർക്ക് അപ്പുറം വെട്ടിലാക്കിയതത് വാണിജ്യ മേഖലയെയാണ്. ഇക്കഴിഞ്ഞ മണിക്കൂറുകളിൽ ബില്ല് ഇല്ലാതെ ഇടപാട് നടത്തിയ ആഭരണശാലകൾ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് കിട്ടിയ പണമെല്ലാം കടലാസ്സിന്റെ വിലയായി മാറും. അല്ലെങ്കിൽ ഉള്ള എല്ലാ പണത്തിനും ബിൽ തയ്യാറാക്കേണ്ടി വരും. ഇതോടെ നികുതി വെട്ടിപ്പിനുള്ള സാധ്യത കുറയുകയാണ്. അതിനാൽ നൂറുകണക്കിന് ജൂവലറികളുള്ള വൻകിട ജൂവലറി ശാഖകളുടെ ഒറ്റദിവസത്തെ നഷ്ടംതന്നെ കോടികൾ കടക്കുമെന്നാണ് വിലയിരുത്തൽ. വിൽപന നികുതി ലാഭിക്കുന്നതിനും മറ്റും ഇടപാടുകാരുടെ ആവശ്യപ്രകാരം ജൂവലറികൾ മുതൽ ഹാർഡ്വെയർ കടകളിൽവരെ ബില്ലില്ലാതെ ഇടപാടു നടത്താറുണ്ടായിരുന്നു. ഇടപാടുകാരിൽ നിന്ന് വാറ്റ് വാങ്ങുന്നവരും ബിൽ എഴുതാതെ അത് സ്വന്തം പോക്കറ്റിലാക്കുകയാണ് പതിവ്. ഇവരെല്ലാം വെട്ടിലായി.

കൈയിലുള്ള തുകക്ക് വ്യാപാരം നടന്നതായി ബില്ല് കാണിച്ച് പണത്തിന്റെ ഉറവിടം ബോധ്യപ്പെടുത്തിയാലേ ബാങ്കിൽനിന്ന് പണം മാറിക്കിട്ടുകയുമുള്ളൂ. ഗൾഫിലുള്ള മക്കളും ഭർത്താക്കന്മാരും മറ്റും ബാങ്കിലൂടെയും മണി എക്‌സ്‌ചേഞ്ചുകളിലൂടെയുമല്ലാതെ വീടുകളിൽ എത്തിച്ച പണവും പ്രതിസന്ധിയിലായി.ബാങ്കുവഴിയല്ല പണം വന്നത് എന്നതിനാൽ ബാങ്കുകളിലത്തെുമ്പോൾ ഉറവിടം വ്യക്തമാക്കാനും കഴിയില്ല. ഇതേ നിസ്സഹായതയിലാണ് മക്കളെ കെട്ടിക്കാൻ ഉൾപ്പെടെ സ്ഥലം വിറ്റവരും പങ്കുവെക്കുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടി ലാഭിക്കുന്നതിന്റെ ഭാഗമായി പലരും യഥാർഥ വിലയേക്കാൾ കുറച്ചാണ് ആധാരത്തിൽ രേഖപ്പെടുത്താറും. മക്കളുടെ വിവാഹം, ചികിൽസ തുടങ്ങിയവക്ക് മൂന്നും നാലും സെന്റ് സ്ഥലം വിൽപന നടത്തിയവരുടെ പക്കൽവരെ ലക്ഷങ്ങൾ കൈവശമുണ്ടാകും. ഇങ്ങനെ പണം കൈവശമുള്ളവരും ഒറ്റരാത്രികൊണ്ട് പരമ ദരിദ്രരായ മാറി.