പാട്‌ന: രാജ്യത്തെ ഇരുപത് സർവലാശാലകളെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്നും ഇതിനായി പതിനായിരം കോടി രൂപ ചെലവിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബീഹാറിൽ പാട്‌ന സർവകലാശാലയുടെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നൊരെണ്ണം പോലുമില്ലാത്തതിൽ താൻ നിരാശനാണെന്നും മോദി തുറന്നുപറഞ്ഞു. രാജ്യത്തെ 10 സർക്കാർ സർവകലാശാലകളേയും 10 സ്വകാര്യ സർവകലാശാലകളേയുമാണ് ലോകനിലവാരത്തിലേക്ക് ഉയർത്തുക. ഈ സർവകലാശാലകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാരോ സംസ്ഥാന മുഖ്യമന്ത്രിമാരോ ആയിരിക്കില്ലെന്നും വിദഗ്ദ്ധരടങ്ങിയ മൂന്നാമതൊരു ഏജൻസി ആയിരിക്കുമെന്നും മോദി വ്യക്തമാക്കി.

മുമ്പ് ഇന്ത്യ അറിയപ്പെട്ടിരുന്നത് അന്ധവിശ്വാസങ്ങളുടേയും ബാധ ഒഴിപ്പിക്കലിന്റേയും നാട് എന്നായിരുന്നു. എന്നാൽ ഇന്നത് മാറി. ഇന്ത്യയിലെ യുവാക്കളായ ഐ.ടി വിദഗ്ദ്ധരാണ് ഈ കാഴ്ചപ്പാട് രൂപപ്പെടുത്തിയതെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എൺപത് കോടി യുവാക്കളിൽ 65 ശതമാനം പേരും 35 വയസിന് താഴെയുള്ളവരാണ്. ഇത്രയും യുവാക്കളുള്ള ഇന്ത്യയ്ക്ക് അസാദ്ധ്യമായി യാതൊന്നും ഇല്ലെന്ന് മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർവകലാശാലകൾ പഠനത്തോടൊപ്പം നൂതന ആശയങ്ങളുടെ രൂപീകരണത്തിനും പ്രാധാന്യം നൽകണം. വിദ്യാർത്ഥികളുടെ മനസിൽ വിവരങ്ങൾ കുത്തിനിറയ്ക്കുന്ന പഴഞ്ചൻ രീതി അവസാനിപ്പിക്കണം. സർക്കാരിന്റെ ധനസഹായം ലഭിക്കുന്ന സർവകലാശാലകൾ ലോകോത്തര നിലവാരത്തിലേക്ക് എത്താൻ കഠിനമായി ശ്രമിക്കണം. പാട്‌ന സർവകലാശാല ഈ അവസരം ഉപയോഗിക്കുമെന്നാണ് താൻ കരുതുന്നതെന്നുംമോദി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറും ചടങ്ങിൽ സംബന്ധിച്ചിരുന്നു.