ലണ്ടൻ: കോമൺവെൽത്ത് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 17ന് ലണ്ടനിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടൻ വൻ സ്വീകരണവും സുരക്ഷയുമാണ് ഒരുക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം വേദികളിൽ നിന്നും വേദികളിലേക്ക് സഞ്ചരിക്കാൻ മോദിക്ക് പ്രത്യേക ലിമോസിനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ രാജ്ഞിയുമായും സ്വകാര്യ കൂടിക്കാഴ്ചയ്ക്കും മോദിക്ക് അവസരമൊരുക്കുന്നുണ്ട്.

സമ്മിറ്റിനായി 52 രാഷ്ട്രത്തലവന്മാർ എത്തുമ്പോഴും മോദിക്ക് മാത്രം ബ്രിട്ടൻ ഒരുക്കുന്നത് അമേരിക്കൻ പ്രസിഡന്റിന് മാത്രം നൽകുന്ന സ്വീകരണമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ബ്രിട്ടൻ കാണുന്നത് ഏറ്റവും അടുത്ത രാഷ്ട്രമായതിനാലാണ് മോദിക്ക് ഇത്തരത്തിൽ പ്രത്യേക പരിഗണനയേകുന്നതെന്നും സൂചനയുണ്ട്.

മറ്റ് രാജ്യത്തലവന്മാർക്ക് സഞ്ചരിക്കാൻ വെറുമൊരു കോച്ച് അനുവദിച്ചിരിക്കുന്ന സ്ഥാനത്താണ് മോദിക്ക് മാത്രമായി പ്രത്യേക ലിമോസിൻ അനുവദിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തിങ്കളാഴ്ചയാണ് സമ്മിറ്റ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയുമായി ഈ അവസരത്തിൽ ഉഭയകക്ഷി ചർച്ച നടത്താൻ അവസരം ലഭിച്ചിരിക്കുന്ന ഏക നേതാവും മോദിയാണ്.

ബക്കിങ്ഹാം പാലസിൽ പോയി എലിസബത്ത് രാജ്ഞിയെ കാണാൻ അവസരം ലഭിച്ച മുന്ന് രാഷ്ട്രനേതാക്കളിൽ ഒരാളും ഇന്ത്യൻ പ്രധാനമന്ത്രിയാണ്. 2009ന് ശേഷം കോമൺവെൽത്ത് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും മോദിയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി കോമൺവെൽത്തിൽ പങ്കെടുക്കാനെത്തുന്നില്ല. പകരം അവിടുത്തെ പ്രസിഡന്റ് മാംനൂൺ ഹുസൈൻ എത്തുന്നുണ്ട്.

ഏപ്രിൽ 18ന് ചാൾസ് രാജകുമാരൻ ആതിഥ്യമേകുന്ന സ്പെഷ്യൽ ടെക് ഇവന്റിൽ മോദി പങ്കെടുത്ത് സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. യുകെയും ഇന്ത്യയുംതമ്മിൽ സാങ്കേതിക രംഗത്ത് പുതിയ സഹകരണം ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.യുണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിൻസ്റ്ററിൽ ആരംഭിക്കുന്ന ആയുർവേദ സെന്റർ ഫോർ എക്സെലൻസിന്റെ ഫലകവും മോദി അനാവരണം ചെയ്യും.

യോഗ, ആയുർവേദം, ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയിൽ ഗവേഷണം നടത്തുന്ന സെന്ററായിരിക്കുമിത്. ഏപ്രിൽ 18ന് തെരേസ നൽകുന്ന വിരുന്നിൽ മോദി പങ്കെടുക്കും. 19നാണ് രാജ്ഞിയുമൊത്തുകൊട്ടാരത്തിൽ വച്ച് മോദിയുടെ ഡിന്നർ. ഏപ്രിൽ 20ന് മറ്റ് രാജ്യത്തലവന്മാരുമായി വിൻഡ്സർ കാസിലിൽ വച്ച് മോദി ചർച്ച നടത്തും. നിരവധി ഗ്രൂപ്പുകൾ മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. 1500 എൻആർഐക്കാർക്ക് മോദിയോട് ചോദ്യം ചോദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ഇപ്രാവശ്യത്തെ മോദിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാറിൽ ഒപ്പ് വയ്ക്കും. സർവ മേഖലകളിലും ഇരു രാജ്യങ്ങളും കൂടുതൽ സഹകരണം ഉറപ്പാക്കുന്ന കരാറായിരിക്കും ഒപ്പ് വയ്ക്കുക. ഇരു പ്രധാനമന്ത്രിമാരും നടത്തുന്ന നിർണായക ചർച്ചയിൽ വിദ്യാഭ്യാസം, ടെക്‌നോളജി, വ്യാപാരം എന്നീ വിഷയങ്ങൾക്കായിരിക്കും കൂടുതൽ മുൻഗണന നൽകുകയെന്നും സൂചനയുണ്ട്.