മപൂട്ടോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ പര്യടനത്തിന് തുടക്കമായി. പര്യടനത്തിന്റെ ഭാഗമായി മൊസാംബിക്കിലെത്തിയ മോദി പയർ ഇറക്കുമതി ഉൾപ്പെടെയുള്ള മൂന്നു കരാറിൽ ഒപ്പിട്ടു.

മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ, എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. മൊസാബിക്കിൽ നിന്നുമാണ് മോദി ആഫ്രിക്കൻ വൻകരയിലേക്കുള്ള ആദ്യ പര്യടനം തുടങ്ങിയത്. ദീർഘ കാലത്തേക്ക് പയർ വർഗങ്ങൾ ഇറക്കുമതി ചെയ്യുന്നതടക്കമാണു മൂന്ന് കരാർ. പുലർച്ചെ മപൂട്ടോ വിമാനതാവളത്തിൽ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണം നൽകി. ആഫ്രിക്കയിൽ ചൈനയുടെ പ്രധാന പങ്കാളിയായ മൊസാംബിക്കിൽ 34 വർഷങ്ങൾക്ക് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്.

പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് മൂന്ന് കരാറുകളിൽ ഇന്ത്യയും മൊസാംബിക്കും ഒപ്പു വച്ചത്. പരിപ്പ് വർഗങ്ങളുടെ ലഭ്യതക്കുറവിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ മൊസാംബിക്കിൽ നിന്നും പയറും, പരിപ്പും ദീർഘകാലത്തേക്ക് ഇന്ത്യ ഇറക്കുമതി ചെയ്യും. നിലവിൽ ഒരു ലക്ഷം ടൺ പയർ വർഗങ്ങളാണ് ഇന്ത്യ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2020-21 ഓടെ ഇത് രണ്ട് ലക്ഷം ടണ്ണാക്കി ഉയർത്തും. അനധികൃത മയക്കുമരുന്ന് വ്യാപാരം തടയുന്നതിനും, കായിക യുവജന രംഗത്തും ഇരു രാജ്യങ്ങളും സഹകരിക്കും.

മൊസാംബിക്കിൽ നിന്നും പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിൽ പ്രിറ്റോറിയ, ജൊഹന്നസ്ബർഗ്, ദർബൻ തുടങ്ങിയ നഗരങ്ങളിലെ വിവിധ ചടങ്ങുകളിൽ സംബന്ധിക്കും. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ശനിയാഴ്ച ടാൻസാനിയയും തുടർന്ന് കെനിയയും സന്ദർശിച്ചതിന് ശേഷം തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും.