രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിലെത്തിയത്. 

ജപ്പാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരിക പരിപാടികളും അരങ്ങേറിയിരുന്നു. ഇതിന് ശേഷം മോദിയും അബെയും നടത്തുന്ന റോഡ്‌ഷോയും നടന്നിരുന്നു.

എന്നാൽ ഇതൊന്നുമല്ല വാർത്തയായിരുന്നത്. സന്ദർശനത്തിന്റെ ഭാഗമായി മോദിയും ആബെയും സബർമതി ആശ്രമവും 16ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദർശിച്ചിരുന്നു.

സന്ദർശന വേളയിലെടുത്ത ചിത്രങ്ങളിലൊന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള വ്യാജപ്രചരണത്തിന് എതിരാളികൾ ആയുധമാക്കിയത്. സബർമതി ആശ്രമത്തിലെത്തിയ ജപ്പാൻ പ്രധാനമന്ത്രിയും ഭാര്യയും കൈകൂപ്പിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി കൈ താഴ്‌ത്തി നിൽക്കുന്ന ചിത്രമാണ് വിവാദത്തിൽപ്പെട്ടത്. എന്നാൽ ചിത്രത്തിലെ വാസ്തവം എന്തെന്നറിയാതെ എതിരാളികൾ മോദിക്കെതിരെയുള്ള ആയുധമാക്കാൻ ചിത്രം ഉപയോഗിക്കുകയായിരുന്നു.

കേരളത്തിലാണ് കൂടുതലായും ഈ ചിത്രം എടുത്തുകാട്ടി വ്യാജപ്രചരണം നടന്നത്. ഇതോടെ വ്യാജപ്രചരണത്തിൽ സഖാക്കളും അത്ര മോശമല്ല എന്ന് വ്യക്തമാകുകയായിരുന്നു. ഇടത് അനുകൂല ഫേസ്‌ബുക്ക് പേജുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചിത്രം വ്യാപകമായി പ്രചരിച്ചു. ഓരോരുത്തരും അവരവരുടെ ഭാവനയനുസരിച്ച് മോദിയെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ വാസ്തവം എന്തായിരുന്നു ?

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും നരേന്ദ്ര മോദിയും സബർമതി ആശ്രമം സന്ദർശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകൾ തൽസമയം കാണിച്ചിരുന്നു. ഇത് കണ്ടവർക്ക് മാത്രമായിരുന്നു സത്യം മനസിലായത്. സബർമതി ആശ്രമത്തിലെ അകത്തുള്ള കാഴ്ചകളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും ആശ്രമത്തിന് പുറത്ത് സ്ഥാപിച്ച പ്രതിമയുടെ അടുത്തെത്തി. പിന്നീട് മോദി ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും കൈകൂപ്പുകയും ചെയ്തു. ശേഷം ജപ്പാൻ പ്രധാനമന്ത്രിയോട് എങ്ങനെയാണ് പുഷ്പാർച്ചന നടത്തേണ്ടതെന്ന് കാണിച്ച് കൊടുത്തിട്ട് മോദി പിന്നിലേക്ക് മാറി നിന്നു.

ഇതിന് ശേഷം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ഭാര്യയും ചേർന്ന് പുഷ്പാർച്ചന നടത്തി കൈകൂപ്പി. ഈ ചിത്രങ്ങൾ മാത്രമെടുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ മോദിക്കെതിരെയുള്ള പ്രചരണങ്ങൾക്ക് ആയുധമാക്കിയിരിക്കുന്നത്. മോദിക്കെതിരെയുള്ള എതിർ ചേരിക്കാരുടെ വാദം വ്യാജമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

പ്രധാനമന്ത്രി ഷിൻസോ അബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സബർമതി ആശ്രമം സന്ദർശിക്കുന്നതിന്റെ വീഡിയോ കാണാം