ന്യൂഡൽഹി: മഹീന്ദ്രയുടെ എസ്യുവി സ്‌കോർപ്പിയ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി മോദിയുടെ ഇഷ്ട വാഹനം. പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ യാത്ര ബിഎംഡബ്ല്യൂവിലേക്ക് മാറ്റി. എസ്‌പിജിയുടെ താൽപര്യപ്രകാരം ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ സെവൻ സീരീസിലോയിരുന്നു യാത്ര. ഇപ്പോഴിതാ മോദി വീണ്ടും യാത്ര എസ്യുവിയിൽ ആക്കുന്നു.

ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിലേക്കാണ് മോദിയുടെ യാത്രാ മാറ്റം. അതിസുരക്ഷ പ്രദാനം ചെയ്യുന്നതാണ് ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ. 7.62 എംഎം ബുള്ളറ്റുകൾ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റേത്്. കൂടാതെ 15 കിലോഗ്രാം ടിഎൻടി ബോംബ് ബ്ലാസ്റ്റിൽ നിന്ന് വരെ ചെറുത്തു നിൽക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്. പഞ്ചറായാലും ഏതെങ്കിലും കാരണത്താൽ ടയർ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാൻ സാധിക്കും.

കൂടാതെ ഹാൻഡ് ഗ്രനേഡുകൾ, വെടിയുണ്ട, ലാൻഡ് മൈൻ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റത്. മൂന്നു ലീറ്റർ ശേഷിയുള്ള വി6 എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 335 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. കൂടിയ വേഗം ഏകദേശം 225 കിലോമീറ്റർ.

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവർ സെന്റിനൽ. വിആർ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷൻ സ്റ്റാൻഡേഡ് പ്രകാരം നിർമ്മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവർ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്. റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോർച്യൂണറും മെഴ്സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങൾ.