ജിദ്ദ: കർശനമായ മതനിയമങ്ങൾ പിന്തുടർന്നുവന്ന രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ലെങ്കിലും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ഏറെ വ്യത്യാസം വന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റതോടെയാണ് ആ മാറ്റങ്ങൾ പ്രകടമായത്. ആദ്യം സ്ത്രീകൾക്ക് വാഹനമോടിക്കാൻ ലൈസൻസ് നൽകാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. പിന്നീട് ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽപ്പോയി മത്സരം കാണാനും. ഒടുവിൽ, പുരുഷ പിന്തുണയില്ല്ാതെ വ്യവ്‌സായ സംരംഭങ്ങൾ തുടങ്ങാനുള്ള സ്വാതന്ത്ര്യവും മുഹമ്മദ് ബിൻ സൽമാൻ നൽകി.

ഈ പരിഷ്‌കാരങ്ങൾ ഇനിയും തുടരുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്. കിരീടാവകാശിയായശേഷം ആദ്യമായി അമേരിക്കയിലെത്തിയ എംബിഎസ്, സൗദിയിൽ പുരുഷനും സ്ത്രീക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്ത കാലത്തിനായാണ് താൻ യത്‌നിക്കുന്നതെന്ന് വ്യക്തമാക്കി. അതിനുള്ള ശ്രമങ്ങൾ തുടരും. ഈ പരിഷ്‌കാരങ്ങളിൽനിന്ന് തന്നെ തടയാൻ മരണത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന നീളൻ കുപ്പായമായ അബായ (പർദ) ധരിക്കണമെന്നു നിർബന്ധമില്ലെന്നും സൽമാൻ രാജകുമാരൻ വിശദീകരിക്കുന്നു. 'മാന്യവും സഭ്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിർദ്ദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കു നൽകുകയാണു വേണ്ടത്.' അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും എല്ലാ രംഗങ്ങളിലും സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു.

1979ലെ ഇറാൻ വിപ്ലവത്തിനു മുൻപു സൗദി, മിതവാദ ഇസ്‌ലാമിന്റെ പാതയിലായിരുന്നു. സ്ത്രീകൾക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തിയറ്ററുകൾ അടക്കമുള്ള വിനോദോപാധികളും സജീവമായിരുന്നു. പിന്നീടു സംഭവിച്ച പിഴവുകളെല്ലാം തിരുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ചാനലിന് അനുവദിച്ച സൗദി കിരീടാവകാശിയുടെ അഭിമുഖം അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകൾ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായി. എല്ലാ ചോദ്യങ്ങൾക്കും കൃത്യവും സുതാര്യവുമായ മറുപടികൾ. 'മനുഷ്യാവകാശം സൗദിക്ക് ഏറെ പ്രധാനമാണ്. എന്നാൽ സൗദിയിലെയും അമേരിക്കയിലെയും മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്തമാണ്. കൂടുതൽ മെച്ചപ്പെട്ട അവസ്ഥകളിലേക്കു ഞങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.' സ്വകാര്യ സ്വത്തുക്കളെക്കുറിച്ചു ചോദിച്ചപ്പൾ 'ഞാൻ ഗാന്ധിയോ മണ്ടേലയോ അല്ല' എന്ന് അദ്ദേഹം പ്രതികരിച്ചു. 'ഞാൻ പണക്കാരനായാണു ജനിച്ചത്. പക്ഷേ, സമ്പത്തിൽ 51 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. സ്വകാര്യതകളെ അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഇഷ്ടം'-കിരീടാവകാശി വിശദീകരിച്ചു.

സൗദിയുടെ കിരീടാവകാശിയെന്ന നിലയിൽ എംബിഎസ് ഇന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവർഷം മാർച്ചിൽ അദ്ദേഹം വൈറ്റ്ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. നേരത്തെ, അദ്ദേഹം ഈജിപ്തിലും ബ്രിട്ടനിലും സന്ദർശനം നടത്തിയിരുന്നു. മതമൗലികവാദികളായ നേതൃത്വമാണ് പുരുഷനെയും സ്ത്രീയെയും വേർതിരിച്ച് കണ്ടിരുന്നതെന്ന് എംബിഎസ് പറയുന്നു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുന്നതിലും ഒരുമിച്ച് ജോലി ചെയ്യുന്നതിലുമൊക്കെ വിലക്കിയത് അവരാണ്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ പലതും പ്രവാചകന്റെ കാലത്തേതിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മനുഷ്യന്മാരാണ്. പരസ്പരം ആർക്കും ഒരു വ്യത്യാസവുമില്ലെന്നും എംബിഎസ് അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ മുഖാമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തേത് യഥാർഥ സൗദി അറേബ്യയല്ലെന്നും എംബിഎസ് പറഞ്ഞു. നിങ്ങളുടെ കൈയിലുള്ള സ്മാർട്ട്‌ഫോണിൽ ഗൂഗിളിൽ പരതിയാൽ അറുപതുകളിലെയും എഴുപതുകളിലെയും സൗദി അറേബ്യയെ കാണാനാവും. 1979-നുശേഷമാണ് ഇത്രയും മൗലികവാദം സൗദിയെ പിടികൂടിയത്. താനുൾപ്പെടെയുള്ള തലമുറ അതിന്റെ ഇരകളാണെന്നും സിബിഎസ് ടെലിവിഷനുനൽകിയ അഭിമുഖത്തിൽ കിരീടാവകാശി പറഞ്ഞു. ഇറാനിലെ ഇസ്ലാമിക വിപ്ലവം നടന്നതും മെക്ക പള്ളി മതമൗലികവാദികൾ പിടിച്ചെടുത്തതും അക്കൊല്ലമാണ്.

1979 വരെ മറ്റു ഗൾഫ് രാജ്യങ്ങളെപ്പോലെ സാധാരണ രാജ്യമായിരുന്നു സൗദിയും. സ്ത്രീകൾ വാഹനങ്ങളോടിക്കുകയും എല്ലാ മേഖലകളിലും ജോലി ചെയ്യുകയും ചെയ്തിരുന്നു. അവിടെ സിനിമാ തീയറ്ററുകളുണ്ടായിരുന്നു. എന്നാൽ, 1979-ഓടെ എല്ലാം മാറി. ഈ മാറ്റം അംഗീകരിക്കാനാവില്ല. സൗദിയെ മറ്റു രാജ്യങ്ങളെപ്പോലെ സാധാരണനിലയിലേക്ക് കൊണ്ടിവരികയാണ് തന്റെ ലക്ഷ്യമെന്നും എംബിഎസ് പറഞ്ഞു. പുരോഗമന ചിന്താഗതിക്കാരനായ എംബിഎസിന്റെ പല നടപടികളും കടുത്ത മൗലികവാദികളായ സൗദിയിലെ മത നേതൃത്വത്തിന് രുചിക്കുന്നതല്ല. എന്നാൽ, തീരുമാനങ്ങളിൽ യാതൊരു ഇളവും വരുത്താതെ, സ്ത്രീകൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് 32-കാരനായ കിരീടാവകാശി. അച്ഛൻ സൽമാൻ രാജാവിന്റെ മൗനാനുവാദത്തോടെയുള്ളതാണ് ഈ നടപടികൾ. സിനിമയുൾപ്പെടെയുള്ള വിനോദോപാധികൾ സൗദിയിൽ കൊണ്ടുവരാനും എംബിഎസ് തീരുമാനിച്ചിരുന്നു.

അടുത്ത അരനൂറ്റാണ്ടുകാലമെങ്കിലും സൗദി എംബിഎസിന്റെ കീഴിലായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ, സഖ്യരാജ്യമായ സൗദിയുടെ ഭാവി ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്ക വലിയ പ്രധാന്യമാണ് നൽകുന്നത്. ഇറാനോടുള്ള എതിർപ്പും ഇരുനേതാക്കളുടെയും ചർച്ചയ്ക്ക് തീവ്രതകൂട്ടും. സൈനികവും സുരക്ഷയും മുൻനിർത്തിയുള്ള സഹകരണത്തിന് ഊന്നൽ കൊടുക്കുന്നതാവും ചർച്ചയെന്നും കരുതുന്നു.