തൃശൂർ: കോടികൾ വിലയുള്ളതായാലെന്താ.. തൊണ്ടി മുതലാണെങ്കിൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! പേരാമംഗലം പൊലീസ് സ്റ്റേഷന് മുൻപിലൂടെ പോകുന്ന ഏതൊരാളും കുറച്ച് സമയമെങ്കിലും ഈ വണ്ടികളിലേക്കൊന്ന് കണ്ണോടിക്കുമെന്ന കാര്യം തീർച്ചയാണ്. വണ്ടികൾ മറ്റാരുടേതുമല്ല. കൊലയാളി മുതലാളി മുഹമ്മദ് നിസാമിന്റേത്. ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളായ ഹമ്മർ ജീപ്പും, ജാഗ്വർ കാറുമാണ് പേരാംഗലം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് പൊടി പിടിച്ച് കിടക്കുന്നത്.

ഈ രണ്ട് ആഡംബര വാഹനങ്ങളും സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇടിച്ച് കൊന്ന കേസിൽ തൊണ്ടി മുതലായാണ് അന്വേഷന സംഘം കസ്റ്റഡിയിൽ എടുത്ത് സീൽ വച്ചത്.അത്യാധുനിക സൗകര്യമുള്ള ഈ ഹമ്മർ കൊണ്ടാണ് ശോഭാ സിറ്റിക്ക് മുൻപിൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ പണത്തിന്റെ ഹുങ്കിൽ നിസാം ഇടിച്ചിട്ടത്. ജയിലിൽ ഇരുമ്പഴി എണ്ണുന്ന നിസാമിനേക്കാൾ പരിതാപകരമാണ് ഇന്ന് ഈ വാഹനങ്ങളുടെ അവസ്ഥ. സംഭവ സമയത്ത് ഭാര്യ അമൽ ഇയാളുടെ നിർദ്ദേശാനുസരണം വന്ന വണ്ടിയായതിനാലാണ് ജാഗ്വർ കാർ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.

ഇതും കൊലക്കേസിൽ പ്രധാന തൊണ്ടി മുതൽ തന്നെയാണ്. രണ്ടും വണ്ടികളും കൃത്യമായ മെയ്ന്റനൻസ് ഇല്ലെങ്കിൽ വളരെ പെട്ടന്ന് തന്നെ കേടാകാൻ സാധ്യതയുമുണ്ട്.വണ്ടികൾ ഉപാധികളോടെ തങ്ങൾക്ക് വിട്ടു നൽകണമെന്ന് കാണിച്ച് മുഹമ്മദ് നിസാമും കുടുംബവും കോടതിയെ സമീപിച്ചിരിക്കുകയാണ്.പൊലീസോ കോടതിയോ എപ്പോൾ ആവശ്യപ്പെട്ടാലും തങ്ങൾ വണ്ടികൾ ഹാജരാക്കാമെന്നാണ് പ്രതിയുടെ വാദം.എന്നാൽ ഇത് കോടതി ഇത് വരെ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.

ഹമ്മറും, ജാഗ്വറും എല്ലാം മുഹമ്മദ് നിസാമിന്റെ പേരിൽ തന്നെയാണ് ഉള്ളത്. ഇവ കൂടാതെ ഓളം ബൈക്കുകളും അഞ്ച് കാറുകളും ഇയാള്ക്കുണ്ട്.വിപണിയിൽ പുതുതായി ഇറങ്ങുന്ന ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത് നിസാം എന്ന മുതലാളിയുടെ ഒരു ഹോബി കൂടിയാണത്രെ. ശോഭാ സിറ്റിയിലെ വില്ലയുടെ പോർച്ചിൽ മിക്ക വണ്ടികളും ഇപ്പോൾ പൊടി പിടിച്ച് കിടക്കുകയാണെന്നാണ് പൊലീസുകാർ പറയുന്നത്. ഇയാളുടെ ഭാര്യ അമലും മക്കളും വല്ലപ്പോഴും മാത്രമേ ഈ വീട്ടിലേക്ക് എത്തുന്നുള്ളത്രെ.ഈ സാഹചര്യത്തിൽ തൃശൂരിൽ തന്നെയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് വണ്ടികൾ മാറ്റി സംരക്ഷിക്കാനാണ് നിസാം ശ്രമിക്കുന്നതെന്നും പറയപ്പെടുന്നു.

തന്റെ ബിസിനസ് മുഴുവൻ തകർന്ന് കിടക്കുകയാണെന്നും ബന്ധുവായ മറ്റൊരാൾക്ക് പവർ ഓഫ് അറ്റോർണ്ണി നൽകി കമ്പനി സംരക്ഷിക്കാനായി കുറച്ച് ദിവസത്തെക്കെങ്കിലും ജാമ്യം നൽകണമെന്ന മുഹമ്മദ് നിസാമിന്റെ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.വാഹനങ്ങൾ വിട്ടു കൊടുത്താൽ അത് കേസിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് പൊലീസിന്റെ വാദം.ഇത് അവർ കോടതിയിൽ പറയുമെന്നാണ് അറിയുന്നത്.ഇത്ര കണ്ട് മാദ്ധ്യമ ശ്രദ്ധ നേടിയ കേസായതിനാൽ നിസാമിനനുകൂലമായി എന്ത് നിലപാടെടുത്താലും പൊലീസിനത് തലവേദനയാകുമെന്ന കാര്യവും തീർച്ചയാണ്.കോടതിയിൽ എത്തിയാൽ ഒരുപക്ഷേ ഈ വണ്ടികൾ പൊലീസ് ഗോഡൗണിലേക്ക് മാറ്റി സംരക്ഷിക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞേക്കാമെന്നും സൂചനയുണ്ട്.

കൊലയാളി നിസാമിനെ സംബന്ധിച്ചിടത്തോളം മണൽ കടത്തിനും മറ്റിടപാടുകൾക്കും പിടിച്ച വാഹനങ്ങളൂടെ അടുത്ത് നിന്നും തന്റെ ആഡംബര വണ്ടികൾ മാറ്റുക എന്നത് തന്നെ വലിയൊരു ആശ്വാസമായിരിക്കും. എന്നാൽ ഉടൻ തന്നെ ഈ വിഷയത്തിൽ കോടതിയിൽ പൊലീസ് നിലപാടറിയിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഹമ്മർ ജീപ്പ് കൊണ്ടാണ് ചന്ദ്രബോസിനെ നിസാം ശോഭാ സിറ്റിയുടെ മുൻപിൽ വച്ച് ഇടിച്ചിട്ടത്. അദ്ദേഹത്തിന്റെ രക്തക്കറ ഉളപ്പെടെ ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ചതും ഈ വണ്ടിയിൽ നിന്ന് തന്നെയാണ്.വണ്ടികൾ വിട്ടുകൊടുക്കണമെന്ന നിസാമിന്റെ ആവശ്യം തളണമെന്ന് പ്രോസിക്യൂഷൻ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും കുറച്ച് ദിവസമായി നിസാമിന്റെ പണത്തിന്റെ ചിഹ്നങ്ങളായ വണ്ടികളുടെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.