ആലപ്പുഴ: ഭക്ഷണത്തിലെ മായത്തെയും വൈദ്യശാസ്ത്രരംഗത്തെ തട്ടിപ്പുകളെയുംകുറിച്ച് കേരളത്തിലും പുറത്തും പ്രചാരണംനടത്തിവരുന്ന ചേർത്തല മതിലകത്തെ മോഹനൻ വൈദ്യർ ഇനി ക്ലാസുകൾക്കും ചികിൽസയ്ക്കും ഇല്ല. അദ്ദേഹത്തിന്റെ നമ്പറിലേക്ക് ആരു വിളിച്ചാൽ ചികിൽസ നിർത്തിയെന്ന മറുപടിയേ ഇനി ലഭിക്കൂ. വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാൻ സ്വയം കൃഷിചെയ്യുകമാത്രമേ വഴിയുള്ളൂ എന്ന് ഓർമിപ്പിച്ചതാണ് മോഹനൻ വൈദ്യർ ചെയ്ത തെറ്റ്. നൂറുകണക്കിനാളുകൾക്ക് സൗജന്യമായി രോഗപരിശോധന നടത്തി അദ്ദേഹം മരുന്ന് കുറിച്ചുനല്കി. മരുന്നില്ലാതെ അസുഖംമാറ്റാനുള്ള ഭക്ഷണരീതികളും ഉപദേശിച്ചു. ഇതിനൊപ്പം മരുന്നുകളിലെ കള്ളത്തരവും വിശദീകരിച്ചു.

വൈദ്യനാണ് താനെന്ന് മോഹനൻ വൈദ്യർ ആരോടും പറഞ്ഞില്ല. എന്നിട്ടും എല്ലാവരും സ്‌നേഹത്തോടെ അദ്ദേഹത്തെ മോഹനൻ വൈദ്യരെന്ന് വിളിച്ചു. തന്റെ വിജയരഹസ്യം ഒരു രഹസ്യമേ അല്ല മറിച്ച് തന്റെ തുറന്ന മനസ്സാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ഈ മനുഷ്യൻ സമൂഹത്തെ സേവിച്ചു. നാട്ടുചികിത്സ അല്ലെങ്കിൽ അടുക്കളവൈദ്യം വീണ്ടും വീണ്ടും പൊതുജനങ്ങൾക്കു മുൻപിൽ അദ്ദേഹം വെളിപ്പെടുത്തി. അവനവൻ തന്നെയാണ് അവനവന്റെ വൈദ്യൻ എന്നും, താൻ വെറും ഒരു വഴികാട്ടി മാത്രമാണെന്നും തന്റെ അടുക്കലേക്ക് വരുന്ന ഓരോരുത്തരോടും മോഹനൻ വൈദ്യർ പറഞ്ഞു. അതുകൊണ്ടുതന്നെ തലമുറകളായി പിന്തുടർന്നുവരുന്ന അടുക്കളവൈദ്യം അല്ലെങ്കിൽ നാട്ടുവൈദ്യം പുതിയ തലമുറയിലേക്കും എത്തി.

ഇതിനിടെ പല സത്യങ്ങളും മോഹനൻ മാസ്റ്റർക്ക് പറയേണ്ടി വന്നു. ഇത് ആഗോള കുത്തകകൾക്ക് പിടിച്ചില്ല. അലോപതി മരുന്നിന്റെ ദോഷവശങ്ങളെ കുറിച്ച് പറഞ്ഞാൽ എന്തു സംഭവിക്കുമെന്നതിന്റെ തെളിവാണ് മോഹനൻ മാസ്റ്ററുടെ ജീവിതം. അങ്ങനെ മരുന്ന് മാഫിയാകളുടെ ഭീഷണിമൂലം മോഹനൻ വൈദ്യർ ചികിത്സ നിറുത്തി. നഷ്ടം നാടിനും സമൂഹത്തിനും മാത്രം. ഇവിടെ ഇടപെടലുകൾക്ക് ഭരണകൂടം പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. നേരത്തെ തന്നെ എല്ലാ ചികിത്സാരീതികളിലും പെട്ട വൻ മരുന്ന് ലോബികൾ മോഹനൻ മാസ്റ്റർക്ക് ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. നാട്ടിൽ ഇറങ്ങുന്ന മരുന്നുകളിൽ ഭൂരിപക്ഷവും ജനങ്ങൾക്ക് ആവിശ്യമില്ലാത്ത മരുന്നുകളാന്നെന്നും അത്തരം മരുന്നു കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറയുകയും ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് വൈദ്യന് വിനയായത്.

എന്തായാലും മോഹനൻ വൈദ്യർ ചികിൽസ നിർത്തി. നിലവിൽ ചികിത്സയിലുള്ളവർക്ക് മാത്രം മരുന്ന് നൽകാനാണ് തീരുമാനം. ഏകദേശം 3 വർഷം മുൻപാണ് ആദ്യമായി മരുന്ന് മാഫിയയയുടെ ഭീഷണി വന്നത്. അന്ന് ഭീഷണി തനിക്കെതിരെ മാത്രമായിരുന്നു. ഇപ്പോൾ കുടുംബത്തിനെതിരേയും ഭീഷണിയുണ്ടെന്ന് മോഹനൻ വൈദ്യർ വിശദീകരിക്കുന്നു. ഒന്നര വർഷം മുൻപ് ആലപ്പുഴ ഡിഎംഒ മോഹനൻ വൈദ്യരുടെ വീട്ടിൽ റെയ്ഡ് നടത്തി. ഇതിന് പിന്നിലും മരുന്ന് മാഫിയയുടെ പ്രവർത്തനം. എന്നാൽ റെയ്ഡിൽ കുറ്റകരമായ ഒന്നുംതന്നെ കണ്ടെത്തിയില്ല. ഇതോടെ ഭീഷണിയും തുടർന്നു. ഇപ്പോൾ ചികിത്സയ്ക്കായി എത്തി സമീപ സ്ഥലങ്ങളിൽ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. അവർക്ക് താമസ സൗകര്യം നൽകുന്നവരേയും ഭീഷണിപെടുത്തുന്നു.

ചികിത്സ നിർത്തിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നാണംകെടുത്തുമെന്നാണ് മാഫിയയയുടെ ഭീഷണി. മരുന്നുകളിൽ കെമിക്കൽ അടങ്ങിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും ഇവർ പറയുന്നു. ഇതേ തുടർന്ന് ആലപ്പുഴ മാരാരിക്കുളം സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ വലിയ പുരോഗതി ഉണ്ടായില്ല. ചികിത്സ നിർത്തരുത് എന്ന് നാട്ടുകാരുടെ ആവശ്യം. മുൻപ് ഇവിടുത്തെ ചികിത്സ കോണ്ട് രോഗം ഭേദമായ പ്രവാസികൾ പോലും ഫോണിൽ വിളിച്ച് ചികിത്സ നിർത്തരുതെന്നും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്യുന്നു. പക്ഷേ നിർത്തിയില്ലെങ്കിൽ കുടുംബത്തിന് രക്ഷയില്ലാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ചികിൽസ നിർത്താതെ മറ്റുവഴിയില്ലെന്ന് മോഹനൻ വൈദ്യർ പറയുന്നു. ഇടതുപക്ഷക്കാരനായ വാർഡ് മെമ്പറുടെ മാത്രം പിന്തുണയിൽ ഈ മാഫിയയെ നേരിടാനാകില്ലെന്നും വൈദ്യർ തിരിച്ചറിയുന്നു.

പ്രകൃതിയെ സ്‌നേഹിച്ച് അതോടൊപ്പം ജീവിച്ച് അതെന്താണെന്നും അതുകൊണ്ട് ജനങ്ങളുടെ ആരോഗ്യത്തിന് എന്ത് ഗുണം ചെയ്യുന്നതെന്നും പഠിപ്പിക്കാൻ ശ്രമിച്ചതാണൊ അദ്ദേഹം ചെയ്ത തെറ്റ് ? വിഷമയമായ പച്ചക്കറിയും ഭക്ഷണങ്ങളും ലേപന സൗന്ദര്യ വസ്തുക്കളിലെ ഫോർമുലയും അതുകൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും പല വിധ മാദ്ധ്യമങ്ങളിൽ കൂടെ നമ്മെ പഠിപ്പിച്ചതാണൊ അദ്ദേഹത്തിന്റെ തെറ്റ് ? അലോപതിയെ മാത്രമല്ല ആയുർവ്വേദ മരുന്ന് കച്ചവടത്തിപ്പിനെതിരെയും വേണ്ടാ ചികിത്സയും അനാവശ്യ ടെസ്റ്റും നടത്തി കമ്മീഷൻ പറ്റുന്ന ഡോകടർമാർക്ക് നേരെ വിരൽ ചൂണ്ടിയതും അദ്ദേഹം ചെയ്ത തെറ്റ് ? ഒരസുഖവും തിരിച്ചറിയാൻ സ്വന്തമായി ശേഷിയില്ലാത്ത പല വിധ മെഷീനും അതെങ്ങനെ പ്രവർത്തിക്കുന്നെന്നും എന്താണെന്നും അറിയാത്തവരാണ് നമ്മെ ചികിത്സിക്കുന്നതെന്ന് ജനങ്ങളിലെത്തിച്ചതും വൈദ്യർ ചെയ്ത തെറ്റ് ?- ചികിൽസ നിർത്തിയത് അറിഞ്ഞ മോഹനൻ വൈദ്യരുടെ അടുത്ത സഹയാത്രികർ മറുനാടനോട് ചോദിച്ച ചോദ്യങ്ങളാണ് ഇവ.

മനസ്സും, ആഹാരവും, ജീവിതശൈലിയും മാറ്റാതെ മരുന്നുകഴിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുവട്ടത്തും അടുക്കളയിലും നിത്യവും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചെടികളും മറ്റുമായിരുന്നു വൈദ്യരുടെ മരുന്നുകളുടെ അടിസ്ഥാനം. ചുറ്റുവട്ടത്തും തൊടിയിലും സാധാരണയായി കണ്ടുവരുന്ന സസ്യങ്ങൾകൊണ്ട് നിർമ്മിച്ച ചില കൂട്ടുകൾ മാത്രമാണ് വൈദ്യരുടെ മരുന്നുകൾ. ഇതിൽ ചീര, മുരിങ്ങ, തഴുതാമ, നാരങ്ങ, ഇഞ്ചി, എന്നിവയെല്ലാം ഉൾപ്പെടുന്നു ഔഷധക്കൂട്ടുകൾ ആർക്കും ചെയ്യാവുന്ന രീതിയിലാണ് നൽകപ്പെടുന്നത്. ഏതു പ്രായത്തിൽ ഉള്ളവർക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. അവനവന്റെ യുക്തിയാണ് ഇവിടെ പ്രധാനം. കാരണം, വൈദ്യരുടെ മരുന്നുകളും ശൈലികളും എല്ലാം തന്നെ തുറന്ന പുസ്തകവുമായിരുന്നു.

ജനങ്ങളെ പിഴിഞ്ഞിരുന്ന മരുന്ന് മാഫിയ ഇപ്പോഴും സജീവമാന്നെന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. സത്യം പറയുന്നവരുടെ വായ്അടപ്പികുക എന്നതാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് വൈദ്യർക്കും കുടുംബത്തിനുമെതിരെയുള്ള വധഭീഷണി . കാലമേറെയായി വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും, ഇന്ന് ഈ ഗുണ്ടായിസം വൈദ്യരെ കാണാൻ പോകുന്ന രോഗികളിലും, വൈദ്യരുടെ കൂടെ നിൽക്കുന്നവരിലും എത്തിനിൽക്കുന്നതായി ഈ ഒരവസ്ഥയിൽ വേറെ വഴികൾ ഒന്നും ഇല്ലാതായപ്പോൾ വൈദ്യർ ചികിത്സ നിര്ത്തുകയാണെന്ന് അദ്ദേഹവുമായി ബന്ധപെട്ടവർ മറുനാടനോട് പ്രതികരിച്ചത്. മോഹനൻ വൈദ്യരുടെ ഫോണിൽ വിളിച്ചാലും നിലവിൽ ചികിൽസയില്ലെന്ന സന്ദേശം മാത്രമാണ് കിട്ടുന്നത്. ഫോൺ പോലും അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു.

മോഹനൻ വൈദ്യർ,പാവങ്ങൾക്ക് എന്നും അത്താണിയായിരുന്നു. എല്ലാം വിറ്റ് പെറുക്കി ചികിത്സ നടത്തിയിട്ടും ആധുനിക വൈദ്യശാസ്ത്രം കയ്യൊഴിഞ്ഞ പട്ടിണിപ്പാവങ്ങളായ ആലംബഹീനരായ പതിനായിരക്കണക്കിന് രോഗികകൾക്ക് തുണയും സ്വന്തനവും നൽകാനും തന്റെ അടുത്തുവരുന്നവരെ യാതൊരുവിധ അസുഖങ്ങളും ഇല്ല, നമുക്ക് മാറ്റാം എന്ന് വെട്ടി തുറന്ന് പറഞ്ഞ് അവരിൽ ഒരാളായി , തന്റെ ക്ലാസ്സിലൂടെ അവർക്കെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന്റെ തട്ടിപ്പുകൾ വരച്ച് കാണിച്ച് കൊടുത്ത മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. കേരളം എങ്ങിനെയാണ് രോഗികളുടെ നാടാവുന്നത് എന്ന് നമുക്ക് മാർക്കറ്റിൽ കിട്ടുന്ന വിഷം നിറച്ച പച്ചക്കറികളും, ഭക്ഷണ സാധനങ്ങളും കാണിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നുണ്ട്.

നാം നിത്യജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരുന്ന അലുമിനിയം പാത്രങ്ങളെ കുറിച്ചും മറ്റു സോപ്പ്, പേസ്റ്റ്, ഓയിൽ, കുട്ടികൾക്ക് നാം ഉപയോഗിക്കുന്ന വസ്ത്തുക്കൾ, സൗന്ദര്യവസ്തുക്കൾ തുടങ്ങിയ പലതിന്റെയും ഫോർമുലയും അതുകൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും പല വിധ മാദ്ധ്യമങ്ങളിൽ കൂടെ അദ്ദേഹം കേരളിയ സമൂഹത്തിന് മുന്നിൽ വരച്ചുകാട്ടിയിട്ടുണ്ട് . അലോപതിയെ മാത്രമല്ല ആയുർവ്വേദ മരുന്ന് കച്ചവടത്തട്ടിപ്പിനെതിരെയും വേണ്ട ചികിത്സയും മോഹനൻ വൈദ്യർ ചോദ്യം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യ തട്ടിപ്പുകൾ അങ്ങനെ പുറം ലോകത്ത് എത്തി. അപ്പോൾ മുതൽ ഭീഷണിയും തുടങ്ങി. പൊലീസും ഭരണകൂടവും നടപടികൾ എടുക്കാൻ മടികാട്ടിയപ്പോൾ രോഗികളുടേയും തന്റെയും കുടുംബത്തിന്റേയും സുരക്ഷിതത്വത്തിന് മോഹനൻ വൈദ്യർ വാമൂടികെട്ടുകയാണ്. ഇതും എല്ലാ അർത്ഥത്തിലും പ്രതിഷേധം തന്നെ.